ഒരു പ്രത്യേക പരിപാടിക്കായി ഞങ്ങൾ പള്ളി അലങ്കരിച്ചപ്പോൾ, ചുമതലയുള്ള സ്ത്രീ എന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞു. അവൾ പോയതിനു ശേഷം മറ്റൊരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. ”അവളെ ഓർത്ത് വിഷമിക്കണ്ട. അവളെ ഞങ്ങൾ EGR (Extra Grace Required – അധിക കൃപ ആവശ്യമുള്ളവൾ) എന്നാണ് വിളിക്കുന്നത്.”

ഞാൻ ചിരിച്ചു. എനിക്ക് ആരോടെങ്കിലും വഴക്കുണ്ടാകുമ്പോഴെല്ലാം ഞാൻ ആ ലേബൽ ഉപയോഗിക്കാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം, ആ EGR ന്റെ ചരമപ്രസംഗം കേട്ടുകൊണ്ട് ഞാൻ അതേ പള്ളിയിൽ ഇരുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ അവൾ ദൈവത്തെ സേവിച്ചതും മറ്റുള്ളവർക്ക് ഉദാരമായി നൽകിയതുമായ കാര്യങ്ങൾ പാസ്റ്റർ പങ്കുവച്ചു. അവളെയും ഞാൻ മുമ്പ് EGR എന്ന് ലേബൽ ചെയ്തിരുന്ന മറ്റാരെയും കുറിച്ച് വിധിക്കുകയും പരദൂഷണം പറയുകയും ചെയ്തതിന് എന്നോട് ക്ഷമിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. എല്ലാത്തിനുമുപരി, യേശുവിലുള്ള മറ്റേതൊരു വിശ്വാസിയെയും പോലെ എനിക്കും അധിക കൃപ ആവശ്യമായിരുന്നു.

എഫെസ്യർ 2-ൽ, എല്ലാ വിശ്വാസികളും “പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു’’ (വാ. 3) എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. എന്നാൽ ദൈവം നമുക്ക് രക്ഷയുടെ ദാനം നൽകി, അർഹതയില്ലാത്തവർക്കുള്ള ഒരു ദാനം. “ആരും പ്രശംസിക്കാതിരിക്കാൻ’’ നമുക്ക് ഒരിക്കലും നേടാനാകാത്ത ഒരു ദാനമായിരുന്നു അത് (വാ. 9).

ഈ ആജീവനാന്ത യാത്രയിൽ നിമിഷം തോറും നാം ദൈവത്തിന് സമർപ്പിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ സ്വഭാവം മാറ്റാൻ പ്രവർത്തിക്കും, അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനാകും. ഓരോ വിശ്വാസിക്കും അധിക കൃപ ആവശ്യമാണ്. എന്നാൽ ദൈവകൃപ മതിയായതാണ് എന്നതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാം (2 കൊരിന്ത്യർ 12:9).