ടൂണിന്റെ രാജ്യത്ത് ഒരു പട്ടാള അട്ടിമറി ഉണ്ടായപ്പോൾ സൈന്യം യേശുവിൽ വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനും അവരുടെ വളർത്തുമൃഗങ്ങളെ കൊല്ലാനും തുടങ്ങി. ഉപജീവനമാർഗം നഷ്ടപ്പെട്ട ടൂണിന്റെ കുടുംബം വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയി. ഒൻപത് വർഷത്തോളം ടൂൺ തന്റെ കുടുംബത്തിൽ നിന്ന് അകലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിച്ചു. ദൈവം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു, എങ്കിലും വേർപിരിയൽ സമയത്ത് രണ്ട് കുടുംബാംഗങ്ങൾ മരിച്ചു. ടൂൺ നിരാശനായി.

വളരെക്കാലം മുമ്പ്, മറ്റൊരു ജനവിഭാഗം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ടു. അതുകൊണ്ട് മിസ്രയീമിൽ നിന്ന് യിസ്രായേല്യരെ പുറപ്പെടുവിക്കാൻ ദൈവം മോശെയെ നിയോഗിച്ചു. മോശെ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എന്നാൽ അവൻ ഫറവോനെ സമീപിച്ചപ്പോൾ, മിസ്രയീമ്യ ഭരണാധികാരി പീഡനം ശക്തമാക്കി (പുറപ്പാട് 5:6-9). “ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയും ഇല്ല,” അവൻ പറഞ്ഞു (വാ. 2). ജനം മോശെയോടും മോശെ ദൈവത്തോടും പരാതി പറഞ്ഞു (വാ. 20-23).

അവസാനം, ദൈവം യിസ്രായേല്യരെ സ്വതന്ത്രരാക്കി, അവർക്ക് അവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിച്ചു – എന്നാൽ ദൈവത്തിന്റെ വഴിയിലും സമയത്തിലും ആണതു ലഭിച്ചത്. അവൻ ഒരു നീണ്ട കളി കളിക്കുന്നു. അങ്ങനെ അവന്റെ സ്വഭാവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും വലിയ കാര്യത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്നു.

ന്യൂഡൽഹിയിലെ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടൂൺ അഭയാർത്ഥി ക്യാമ്പിലെ തന്റെ വർഷങ്ങൾ നന്നായി ഉപയോഗിച്ചു. ഇപ്പോൾ അവൻ സ്വന്തം ആളുകളുടെ – ഒരു പുതിയ വീട് കണ്ടെത്തിയ അവനെപ്പോലുള്ള അഭയാർത്ഥികളുടെ – പാസ്റ്ററാണ്. “ഒരു അഭയാർത്ഥി എന്ന നിലയിലുള്ള എന്റെ കഥ ഒരു ശുശ്രൂഷകനെന്ന നിലയിൽ നയിക്കുന്നതിനുള്ള ഒരു മൂലഘടകമാണ്,” അദ്ദേഹം പറയുന്നു. തന്റെ സാക്ഷ്യത്തിൽ, പുറപ്പാട് 15:2-ൽ മോശെയുടെ ഗാനം ടൂൺ ഉദ്ധരിക്കുന്നു: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ.” ഇന്ന് അവൻ നമ്മുടേയും ബലവും ഗീതവും ആണ്.