ഹെൻറി വാഡ്സ്വർത്ത് ലോംഗ്ഫെല്ലോ (1807-1882) തന്റെ “സാക്ഷികൾ” എന്ന കവിതയിൽ മുങ്ങിയ ഒരു അടിമക്കപ്പലിനെ വിവരിച്ചു. “ചങ്ങലയിട്ട അസ്ഥികൂടങ്ങളെ”കുറിച്ച്എ ഴുതിക്കൊണ്ട്, അടിമത്തത്തിന്റെ എണ്ണമറ്റ പേരില്ലാത്ത ഇരകളെക്കുറിച്ചു ലോംഗ്ഫെല്ലോ വിലപിച്ചു. സമാപന ഖണ്ഡിക ഇങ്ങനെ വായിക്കുന്നു, “ഇത് അടിമകളുടെ വിലാപമാണ്, / അവർ അഗാധത്തിൽ നിന്ന് നോക്കുന്നു; / അവർ അജ്ഞാത ശവക്കുഴികളിൽ നിന്ന് കരയുന്നു, / നാമാണ് സാക്ഷികൾ!”
എന്നാൽ ഈ സാക്ഷികൾ ആരോടാണ് സംസാരിക്കുന്നത്? അത്തരം നിശബ്ദ സാക്ഷ്യങ്ങൾ വ്യർത്ഥമല്ലേ?
എല്ലാം കാണുന്ന ഒരു സാക്ഷിയുണ്ട്. കയീൻ ഹാബെലിനെ കൊന്നപ്പോൾ, ഒന്നും സംഭവിച്ചില്ലെന്ന് നടിച്ചു. ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?’ എന്നവൻ ദൈവത്തോട് നിസ്സംഗനായി പറഞ്ഞു. എന്നാൽ ദൈവം പറഞ്ഞു, “നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം” (ഉല്പത്തി 4:9-11).
കയീന്റെ പേര് ഒരു മുന്നറിയിപ്പായി നിലനിൽക്കുന്നു. ‘ദുഷ്ടന്റെ കൂട്ടത്തിലുള്ളവനും തന്റെ സഹോദരനെ കൊന്നവനും ആയ കയീനെപ്പോലെയാകരുത്’ എന്ന് യോഹന്നാൻ മുന്നറിയിപ്പ് നൽകി (1 യോഹന്നാൻ 3:12). ഹാബെലിന്റെ പേരും നിലനിൽക്കുന്നു, പക്ഷേ തികച്ചും വ്യത്യസ്തമായ രീതിയിൽ. “വിശ്വാസത്താൽ ഹാബെൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; … മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു” എബ്രായ എഴുത്തുകാരൻ പറഞ്ഞു (എബ്രായർ 11:4).
ഹാബെൽ ഇപ്പോഴും സംസാരിക്കുന്നു! ദീർഘകാലം വിസ്മരിക്കപ്പെട്ട ആ അടിമകളുടെ അസ്ഥികളും അങ്ങനെ തന്നെ. അത്തരത്തിലുള്ള എല്ലാ ഇരകളെയും നാം ഓർക്കുന്നതും അടിച്ചമർത്തൽ എവിടെ കണ്ടാലും എതിർക്കുന്നതും നല്ലതാണ്. ദൈവം എല്ലാം കാണുന്നു. അവന്റെ നീതി വിജയിക്കും.
അനീതിയുടെയും അടിച്ചമർത്തലിന്റെയും ഏത് സാഹചര്യങ്ങളെക്കുറിച്ചാണ് നിങ്ങൾക്ക് അറിയാവുന്നത്? ദൈവം ഇന്ന് നിങ്ങളെ എന്ത് ചെയ്യാനാണ് വിളിക്കാൻ സാധ്യതയുള്ളത്?
പ്രിയ പിതാവേ, അങ്ങു കാണുന്ന ദൈവമാണ്. അടിച്ചമർത്തൽ സംഭവിക്കുമ്പോൾ അത് കാണാൻ ഞങ്ങളെ സഹായിക്കുകയും അതിനെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് കാണിക്കുകയും ചെയ്യണമേ.