ഞാനും എന്റെ ദീർഘകാല സുഹൃത്തും പരസ്പരം കണ്ടിട്ട് കുറച്ച് വർഷങ്ങളായി. ആ സമയത്ത്, അദ്ദേഹത്തിന് കാൻസർ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംസ്ഥാനത്തേക്കുള്ള അപ്രതീക്ഷിത യാത്ര അദ്ദേഹത്തെ വീണ്ടും കാണാനുള്ള അവസരം എനിക്കു നൽകി. ഞാൻ റെസ്റ്റോറന്റിലേക്ക് നടന്നു, പരസ്പരം കണ്ടപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. ഞങ്ങൾ ഒരേ മുറിയിൽ കഴിഞ്ഞിട്ട് വളരെക്കാലമായി, ഇപ്പോൾ മരണം ജീവിതത്തിന്റെ ഹ്രസ്വതയെ ഓർമ്മപ്പെടുത്തുന്നു. സാഹസികതകളും കോമാളിത്തരങ്ങളും ചിരിയും നഷ്ടവും നിറഞ്ഞ ഒരു നീണ്ട സൗഹൃദത്തിൽ നിന്നാണ് ഞങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ ഉതിർന്നത്. അത്രയേറെ സ്നേഹത്താലാണ് പരസ്പരം കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് ചാലിട്ടൊഴുകിയത്.
യേശുവും കരഞ്ഞു. യോഹന്നാന്റെ സുവിശേഷം ആ നിമിഷത്തെ രേഖപ്പെടുത്തുന്നു, യെഹൂദന്മാർ, “കർത്താവേ, വന്നു കാൺക എന്നു അവനോടു പറഞ്ഞു” (11:34), യേശു തന്റെ നല്ല സുഹൃത്തായ ലാസറിന്റെ കല്ലറയ്ക്കു മുമ്പിൽ നിന്നു. അപ്പോൾ ക്രിസ്തു നമ്മുടെ മാനവികത പങ്കുവയ്ക്കുന്ന ആഴങ്ങൾ വെളിപ്പെടുത്തുന്ന ആ രണ്ട് വാക്കുകൾ നാം വായിക്കുന്നു: ‘യേശു കണ്ണുനീർ വാർത്തു’ (വാക്യം 35). ആ നിമിഷത്തിൽ, യോഹന്നാൻ രേഖപ്പെടുത്തിയും രേഖപ്പെടുത്താത്തതുമായ കാര്യങ്ങൾ പലതും അവിടെ നടന്നിരുന്നോ? തീർച്ചയായും. എന്നിട്ടും, യെഹൂദന്മാരുടെ പ്രതികരണം യേശുവിനോട് ഇപ്രകാരം പറയുന്നതായി ഞാൻ വിശ്വസിക്കുന്നു: ‘കണ്ടോ, അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു!’ (വാ. 36). നമ്മുടെ എല്ലാ ബലഹീനതകളും അറിയുന്ന സുഹൃത്തിന്റെ മുമ്പിൽ ഒരു നിമിഷം നില്ക്കാനും ആരാധിക്കാനും ആ ഒരു വരി മതിയായ കാരണമാണ്. യേശു മാംസവും രക്തവും കണ്ണീരും ആയിരുന്നു. സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രക്ഷകനാണ് യേശു.
എപ്പോഴാണ് നിങ്ങൾ യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ച് അവസാനമായി ചിന്തിച്ചത്? യേശു നിങ്ങളുടെ കണ്ണുനീർ മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നത് ഇന്ന് നിങ്ങളെ എങ്ങനെയാണ് ധൈര്യപ്പെടുത്തുന്നത്?
യേശുവേ, രക്ഷിക്കുന്നവനായിരിക്കുന്നതിനും എന്റെ കണ്ണുനീർ പങ്കിടുന്നവനായിരിക്കുന്നതിനും നന്ദി പറയുന്നു.