കോവിഡ് മഹാമാരിയുടെ സമയത്ത് നിർബന്ധമായിരുന്ന മാസ്‌ക് ഉപയോഗം ഇപ്പോൾ നിർബന്ധമല്ലാത്തതിനാൽ, അവ ഇപ്പോഴും ആവശ്യമുള്ളിടത്ത്- എന്റെ മകളുടെ സ്‌കൂൾ പോലെയുള്ള സ്ഥലങ്ങളിൽ – ഒരു മാസ്‌ക് കൈയിൽ കരുതാൻ ഞാൻ പാടുപെടുന്നു. ഒരു ദിവസം എനിക്ക് ഒരു മാസ്‌ക് ആവശ്യമായി വന്നപ്പോൾ, എന്റെ കാറിൽ ഒരെണ്ണം കണ്ടെത്തി – മുൻവശത്ത് “ബ്ലസ്സഡ്’’ എന്ന് എഴുതിയിരുന്നതിനാൽ ഞാൻ ധരിക്കാതെ മാറ്റിവെച്ച ഒരെ ണ്ണമായിരുന്നു അത്.

സന്ദേശങ്ങളെഴുതാത്ത മാസ്‌ക് ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ കണ്ടെത്തിയ മാസ്‌കിലെ വാക്ക് അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു, മനസ്സില്ലാമനസ്സോടെ ഞാൻ മാസ്‌ക് ധരിച്ചു. സ്‌കൂളിലെ ഒരു പുതിയ റിസപ്ഷനിസ്റ്റിനോട് എന്റെ അസ്വസ്ഥത ഞാൻ പ്രകടിപ്പിച്ചപ്പോൾ, എന്റെ മാസ്‌കിലെ വാക്ക് കാരണമാകാം അവളതു പെട്ടെന്നു ശ്രദ്ധിച്ചു. സങ്കീർണ്ണമായ ഒരു സംവിധാനം ശരിയാക്കാൻ പാടുപെടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഒപ്പം “അനുഗൃഹീത” എന്നെഴുതിയ മാസ്‌ക് ധരിക്കുകയും ചെയ്തുകൊണ്ട് ഒരു കപടഭക്തയെപ്പോലെ കാണപ്പെടാൻ ഞാൻ ഒട്ടും ആഗ്രഹിച്ചില്ല.

എന്റെ മാസ്‌കിലെ അക്ഷരങ്ങൾ ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ സാക്ഷ്യത്തെ ഓർമ്മിപ്പിച്ചെങ്കിലും, എന്റെ ഹൃദയത്തിലുള്ള തിരുവെഴുത്തുകളുടെ വാക്കുകൾ മറ്റുള്ളവരോട് ക്ഷമകാണിക്കാനുള്ള യഥാർത്ഥ ഓർമ്മപ്പെടുത്തലായിരിക്കണം. പൗലൊസ് കൊരിന്ത്യർക്ക് എഴുതിയതുപോലെ, ”ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നത്” (2 കൊരിന്ത്യർ 3:3). “ജീവൻ നൽകുന്ന’’ പരിശുദ്ധാത്മാവ് (വാ. 6), “സ്‌നേഹം, സന്തോഷം, സമാധാനം’’, ഉവ്വ്, “ക്ഷമ’’ (ഗലാത്യർ 5:22) എന്നിവയിൽ ജീവിക്കാൻ നമ്മെ സഹായിക്കും. നമ്മുടെ ഉള്ളിലെ അവന്റെ സാന്നിധ്യത്താൽ നാം യഥാർത്ഥത്തിൽ അനുഗൃഹീതരാണ്!