“ഇന്ന് രാവിലെ ഞാൻ കരുതി, എനിക്ക് ഒരു വലിയ തുകയുടെ മൂല്യമുണ്ടെന്ന്; ഇപ്പോൾ എന്റെ പക്കൽ ഒരു ഡോളർ തന്നെ ഉണ്ടോയെന്ന് സംശയമാണ്.’’ ഒരു ബിസിനസ് പങ്കാളി തന്റെ ജീവിത സമ്പാദ്യം കബളിപ്പിച്ചെടുത്ത ദിവസം മുൻ യുഎസ് പ്രസിഡന്റ് യുളീസസ് എസ്. ഗ്രാന്റ് പറഞ്ഞ വാക്കുകളാണിവ. മാസങ്ങൾക്ക് ശേഷം, ഗ്രാന്റിന് ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. തന്റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും കരുതിവയ്ക്കുന്നതിനായി, തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം എഴുത്തുകാരൻ മാർക്ക് ട്വെയ്‌ന് അദ്ദേഹം നൽകി. താൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് അദ്ദേഹം അതു പൂർത്തിയാക്കി.

കഠിനമായ കഷ്ടതകൾ നേരിട്ട മറ്റൊരു വ്യക്തിയെക്കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു. തന്റെ മകൻ യോസേഫിനെ ഒരു “ദുഷ്ടമൃഗം’’ കടിച്ചുകീറിയതായി യാക്കോബ് വിശ്വസിച്ചു (ഉല്പത്തി 37:33). തുടർന്ന് അവന്റെ മകൻ ശിമെയോൻ ഒരു വിദേശരാജ്യത്ത് തടവിലാക്കപ്പെട്ടു, തന്റെ മകൻ ബെന്യാമിനും തന്നിൽ നിന്ന് അകറ്റപ്പെടുമെന്ന് യാക്കോബ് ഭയപ്പെട്ടു. കഠിനവ്യഥയാൽ, “സകലവും എനിക്കു പ്രതികൂലം തന്നേ!’’ എന്ന് അവൻ നിലവിളിച്ചു (42:36).

പക്ഷേ അതുണ്ടായില്ല. തന്റെ മകൻ യോസേഫ് ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കുടുംബത്തെ പുനഃസ്ഥാപിക്കാൻ ദൈവം “തിരശ്ശീലയ്ക്ക് പിന്നിൽ” പ്രവർത്തിക്കുകയാണെന്നും യാക്കോബ് അറിഞ്ഞിരുന്നില്ല. നമ്മുടെ സാഹചര്യങ്ങളിൽ അവന്റെ കൈ കാണാൻ കഴിയാതെ വരുമ്പോൾ പോലും അവനെ എങ്ങനെ വിശ്വസിക്കാമെന്ന് അവരുടെ കഥ വ്യക്തമാക്കുന്നു.

ഗ്രാന്റിന്റെ ഓർമ്മക്കുറിപ്പുകൾ വലിയ വിജയമായി മാറുകയും അദ്ദേഹത്തിന്റെ കുടുംബം നന്നായി പരിപാലിക്കപ്പെടുകയും ചെയ്തു. അത് കാണാൻ ഗ്രാന്റ് ജീവിച്ചില്ലെങ്കിലും ഭാര്യ അത് കണ്ടു. നമ്മുടെ കാഴ്ച പരിമിതമാണ്, എന്നാൽ ദൈവത്തിന്റേത് അങ്ങനെയല്ല. നമ്മുടെ പ്രത്യാശയായ യേശുവിനൊപ്പം, “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?’’ (റോമർ 8:31). ഇന്ന് നമുക്ക് അവനിൽ ആശ്രയിക്കാം.