”ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?” എന്നു തുടങ്ങുന്ന ഒരു കവിതയിൽ, അജ്ഞാതത്വത്തിന്റെ സന്തോഷകരമായ സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ട്, “ആരെങ്കിലും’’ ആകാൻ ആളുകൾ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും എമിലി ഡിക്കിൻസൺ തമാശയായി വെല്ലുവിളിക്കുന്നു. “എത്ര വിരസമാണ് – ആരോ ഒരാൾ- ആകുന്നത്! / ഒരുവന്റെ പേര് പറയുന്നത് – നീണ്ടുനില്ക്കുന്ന ജൂണിൽ / ബഹുമാനിതമായ ചെളിക്കുണ്ടിൽ! / ഒരു തവളയെപ്പോലെ – പരസ്യമാകുന്നത്.”
ചില കാര്യങ്ങളിൽ, ”ആരെങ്കിലും” ആകേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അപ്പൊസ്തലനായ പൗലൊസിന്റെ സാക്ഷ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ്, പൗലൊസിന് ശ്രദ്ധേയമായ മതപരമായ യോഗ്യതകളുടെ ഒരു നീണ്ട പട്ടിക “ജഡത്തിൽ ആശ്രയിക്കാനുള്ള കാരണങ്ങൾ” (ഫിലിപ്പിയർ 3:4) ഉണ്ടായിരുന്നു.
എന്നാൽ യേശുവിനെ കണ്ടുമുട്ടിയത് എല്ലാം മാറ്റിമറിച്ചു. ക്രിസ്തുവിന്റെ ത്യാഗപരമായ സ്നേഹത്തിന്റെ വെളിച്ചത്തിൽ തന്റെ മതപരമായ നേട്ടങ്ങൾ എത്ര പൊള്ളയാണെന്ന് കണ്ടപ്പോൾ പൗലൊസ് ഏറ്റുപറഞ്ഞു, “എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും… അവനിൽ ഇരിക്കേണ്ടതിന്നും ….എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു” (വാ. 8-11). അവശേഷിച്ച ഏക അഭിലാഷം “അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുക’’ (വാ. 10-11) എന്നതു മാത്രമായിരുന്നു.
“ആരെങ്കിലും” ആകാൻ സ്വയം ശ്രമിക്കുന്നത് വിരസതയുളവാക്കുന്നതാണ്. എന്നാൽ, യേശുവിനെ അറിയുക, അവന്റെ സ്വയ-ത്യാഗ സ്നേഹത്തിലും ജീവിതത്തിലും നമ്മെത്തന്നെ നഷ്ടപ്പെടുത്തുക, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക (വാ. 9), അങ്ങനെ ഒടുവിൽ സ്വതന്ത്ര്യവും സമ്പൂർണ്ണതയും നേടുക.
നേട്ടങ്ങളിലൂടെയോ മറ്റുള്ളവരിൽ നിന്നോ സ്വയ-മൂല്യം തേടുന്നതിൽ നിന്ന് നിങ്ങൾക്ക് എപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളത്? “ക്രിസ്തുവിൽ” സ്വയം കണ്ടെത്തുന്നത് അഹങ്കാരത്തിൽ നിന്നും സ്വയ-തിരസ്കരണത്തിൽ നിന്നും നിങ്ങളെ എങ്ങനെ മോചിപ്പിക്കും?
സ്നേഹവാനായ ദൈവമേ, അങ്ങയാൽ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ഞാൻ “ആരെങ്കിലും” ആകാൻ ശ്രമിക്കേണ്ടതില്ല എന്നതിന് നന്ദി.