ഗർഭച്ഛിദ്രം സംഭവിച്ചു മാസങ്ങൾക്കുശേഷം, വലേരി താൻ വാങ്ങിയ സാധനങ്ങൾ വില്ക്കുവാൻ തീരുമാനിച്ചു. ഏതാനും മൈലുകൾ അകലെ താമസിക്കുന്ന അയൽവാസിയും കരകൗശലവിദഗ്ധനുമായ ജെറാൾഡ്, അവൾ വിൽക്കുന്ന കുഞ്ഞൻ തൊട്ടിൽ കൗതുകത്തോടെ വാങ്ങി. അവിടെ വെച്ച് ജെറാൾഡിന്റെ ഭാര്യ വലേരിയുമായി സംസാരിക്കുകയും അവളുടെ നഷ്ടത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ അവളുടെ അവസ്ഥയെക്കുറിച്ച് കേട്ടതിന് ശേഷം, വലേരിക്ക് ഒരു സ്മരണിക തയ്യാറാക്കുന്നതിനായി തൊട്ടിൽ ഉപയോഗിക്കാൻ ജെറാൾഡ് തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം, അവൻ കണ്ണീരോടെ അവൾക്ക് മനോഹരമായ ഒരു ബെഞ്ച് സമ്മാനിച്ചു. ”നല്ല ആളുകളുണ്ട്, ഇതാണതിന്റെ തെളിവ്,” വലേരി പറഞ്ഞു.
വലേരിയെപ്പോലെ, രൂത്തിനും നൊവൊമിക്കും വലിയ നഷ്ടം സംഭവിച്ചു. നൊവൊമിയുടെ ഭർത്താവും രണ്ട് ആൺമക്കളും മരിച്ചിരുന്നു. ഇപ്പോൾ അവൾക്കും അവളുടെ നിർഭാഗ്യവതിയായ മരുമകൾ രൂത്തിനും അവകാശികളോ, അവരെ പരിപാലിക്കാൻ ആളുകളോ ഇല്ല (രൂത്ത് 1:1-5). അവിടെയാണ് ബോവസ് ഇടപെട്ടത്. വയലിൽ വീണുകിടക്കുന്ന ധാന്യങ്ങൾ പെറുക്കാൻ രൂത്ത് ഒരു വയലിൽ വന്നപ്പോൾ ഉടമയായ ബോവസ് അവളെക്കുറിച്ച് ചോദിച്ചു. അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ അവൻ അവളോട് ദയ കാണിച്ചു (2:5-9). ആശ്ചര്യഭരിതയായ രൂത്ത് ചോദിച്ചു, “നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ?” (വാ. 10). അവൻ മറുപടി പറഞ്ഞു, “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്ന … വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു” (വാ. 11).
ബോവസ് പിന്നീട് രൂത്തിനെ വിവാഹം കഴിക്കുകയും നൊവൊമിയെ സംരക്ഷിക്കുകയും (അദ്ധ്യായം 4) ചെയ്തു. അവരുടെ വിവാഹത്തിലൂടെ, ദാവീദിന്റെയും യേശുവിന്റെയും ഒരു പൂർവ്വപിതാവ് ജനിച്ചു. മറ്റൊരാളുടെ ദുഃഖത്തെ രൂപാന്തരപ്പെടുത്തുന്നതിനു സഹായിക്കാൻ ദൈവം ജെറാൾഡിനെയും ബോവസിനെയും ഉപയോഗിച്ചതുപോലെ, വേദനയിൽ മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും കാണിക്കാൻ അവനു നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും.
നിങ്ങൾ എപ്പോഴാണ് ഒരു ദയാപ്രവൃത്തിയുടെ ദാതാവോ സ്വീകർത്താവോ ആയത്? എന്തായിരുന്നു അതിന്റെ ഫലം?
പ്രിയ ദൈവമേ, എല്ലാറ്റിലും വലിയ ദയയായ എന്നെ വീണ്ടെടുക്കാൻ അങ്ങയുടെ പുത്രനെ അയച്ചതിന് നന്ദി.