കൺവെൻഷൻ സെന്റർ ഇരുട്ടിലായിരുന്നു, പ്രഭാഷകൻ സമർപ്പണത്തിന്റെ പ്രാർത്ഥനയിലൂടെ ഞങ്ങളെ നയിച്ചപ്പോൾ ആയിരക്കണക്കിനു വരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ ഞങ്ങൾ തല കുനിച്ചു. വിദേശ മിഷനിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെടുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോൾ, എന്റെ സുഹൃത്ത് ലിനറ്റ് അവളുടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേല്ക്കുന്നതു ഞാൻ കണ്ടു. അവൾ ഫിലിപ്പീൻസിൽ ജീവിക്കാനും പ്രവർത്തിക്കാനും വാഗ്ദ്ധാനം ചെയ്യുകയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. സ്വന്തം നാട്ടിലെ ആവശ്യങ്ങൾ കണ്ട്, ജന്മനാട്ടിൽ ദൈവസ്‌നേഹം പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദശാബ്ദത്തിനു ശേഷം, ദൈവം എനിക്കുതരുന്ന അയൽക്കാർക്കിടയിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിവരുമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹസിക യാത്രയ്ക്ക് ദൈവം എന്നെ ക്ഷണിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ എങ്ങനെയാണ് എന്റെ ജീവിതം നയിക്കേണ്ടത്‌എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങൾ മാറി.

തന്നെ അനുഗമിക്കാൻ വിളിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ താൻ കണ്ടുമുട്ടിയവരെയെല്ലാം യേശു പലപ്പോഴും അത്ഭുതപ്പെടുത്തി. മീൻ പിടിക്കാനുള്ള ഒരു പുതിയ ദൗത്യം ക്രിസ്തു അവർക്ക് നൽകിയപ്പോൾ, പത്രൊസും അന്ത്രെയോസും “ഉടനെ” വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു (മത്തായി 4:20), യാക്കോബും യോഹന്നാനും “ഉടനെ” അവരുടെ പടകു വിട്ടു (വാ. 22). അവർ യേശുവിനോടൊപ്പം ഈ പുതിയ സാഹസിക യാത്ര ആരംഭിച്ചു, തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അവനിൽ വിശ്വസിച്ചു.

തീർച്ചയായും ദൈവം, ആളുകളെ അവർ എവിടെയായിരുന്നാലും തന്നെ സേവിക്കാൻ വിളിക്കുന്നു! സ്വദേശത്തു താമസിച്ചാലും വിദേശത്തു പോയാലും, നമുക്ക് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ അവനുവേണ്ടി ജീവിക്കാനുള്ള അത്ഭുതകരമായ അനുഭവങ്ങളും അവസരങ്ങളും കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്താൻ നമുക്ക് അവനിലേക്ക് പ്രതീക്ഷയോടെ നോക്കാം.