എന്റെ സുഹൃത്ത് മിഷേൽ എന്റെ മകളെ കുതിര സവാരി പഠിപ്പിക്കുന്ന തൊഴുത്തിൽ ഞങ്ങൾ നിൽക്കുമ്പോൾ വായുവിന് തുകലിന്റെയും വൈക്കോലിന്റെയും മണമായിരുന്നു. മിഷേലിന്റെ വെളുത്ത പോണി അതിന്റെ വായ തുറന്ന് പല്ലിന് പിന്നിൽ എങ്ങനെ കടുഞ്ഞാൺ വയ്ക്കാമെന്ന് കാണിച്ചുതന്നു. അതിന്റെ ചെവിക്കു മുകളിലൂടെ കടിഞ്ഞാൺ വലിച്ചുകൊണ്ട്, കുതിരയെ മന്ദഗതിയിലാക്കാനും ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാനും കുതിരക്കാരനെ അനുവദിക്കുന്നതിൽ കടിഞ്ഞാൺ എത്ര പ്രധാനമാണെന്ന് മിഷേൽ വിശദീകരിച്ചു.

മനുഷ്യന്റെ നാവ് പോലെ, ഒരു കുതിരയുടെ കടിഞ്ഞാണും ചെറുതാണെങ്കിലും വളരെ പ്രധാനമാണ്. വലുതും ശക്തവുമായ ഒന്നിന്മേൽ രണ്ടിനും വലിയ സ്വാധീനമുണ്ട്- കടിഞ്ഞാൻ സംബന്ധിച്ചിടത്തോളം അത് കുതിരയാണ്. നാവിനെ സംബന്ധിച്ചിടത്തോളം അത് നമ്മുടെ വാക്കുകളാണ് (യാക്കോബ് 3:3, 5).

നമ്മുടെ വാക്കുകൾക്ക് വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിക്കാൻ കഴിയും. ”അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു” (വാ. 9). നിർഭാഗ്യവശാൽ, വാക്കുകൾ നമ്മുടെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്നതിനാൽ നമ്മുടെ സംസാരത്തെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു (ലൂക്കൊ. 6:45). എല്ലാ വിശ്വാസികളിലും വസിക്കുന്ന ദൈവത്തിന്റെ ആത്മാവ്, ക്ഷമയിലും നന്മയിലും ആത്മനിയന്ത്രണത്തിലും വളരാൻ നമ്മെ സഹായിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം (ഗലാത്യർ 5:22-23). നാം ആത്മാവുമായി സഹകരിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾക്കും നമ്മുടെ വാക്കുകൾക്കും മാറ്റംവരുന്നു. പരദൂഷണം പ്രശംസയായി മാറുന്നു. നുണ സത്യത്തിലേക്ക് വഴിമാറുന്നു. വിമർശനം പ്രോത്സാഹനമായി മാറുന്നു.

നാവിനെ മെരുക്കുക എന്നത് ശരിയായ കാര്യങ്ങൾ പറയാൻ നമ്മെത്തന്നെ പരിശീലിപ്പിക്കുക മാത്രമല്ല. അത് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശം സ്വീകരിക്കുന്നതിനെക്കുറിച്ചുമാണ്. അങ്ങനെ നമ്മുടെ വാക്കുകൾ നമ്മുടെ ലോകത്തിന് ആവശ്യമായ ദയയും പ്രോത്സാഹനവും സൃഷ്ടിക്കുന്നു.