യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഉക്രേനിയൻ സ്ത്രീകളും കുട്ടികളും ബെർലിനിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, അവരെ എതിരേറ്റത് ഒരു അത്ഭുതമായിരുന്നു – ജർമ്മൻ കുടുംബങ്ങൾ അവരുടെ വീടുകളിൽ അഭയം വാഗ്ദാനം ചെയ്യുന്ന കൈകൊണ്ടെഴുതി പ്ലാക്കാർഡികൾ ഏന്തി നില്ക്കുന്നു. “രണ്ട് പേരെ പാർപ്പിക്കാം!’’ ഒരു പ്ലാക്കാർഡിൽ എഴുതിയിരിക്കുന്നു. “വലിയ മുറി [ലഭ്യം],” മറ്റൊന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അപരിചിതർക്ക് അത്തരം ആതിഥ്യം വാഗ്ദാനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, നാസികളിൽ നിന്ന് പലായനം ചെയ്യുമ്പോൾ തന്റെ അമ്മയ്ക്ക് അഭയം ആവശ്യമായിരുന്നുവെന്നും അത്തരം ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു സ്ത്രീ പറഞ്ഞു.
ആവർത്തനപുസ്തകത്തിൽ, തങ്ങളുടെ മാതൃരാജ്യത്തിൽ ഉൾപ്പെടാത്തവരെ പരിപാലിക്കാൻ ദൈവം യിസ്രായേല്യരെ ആഹ്വാനം ചെയ്തു. എന്തുകൊണ്ട്? കാരണം, അവൻ അനാഥരുടെയും വിധവയുടെയും പരദേശിയുടെയും സംരക്ഷകനാണ് (10:18), അത്തരം ദുർബലത എങ്ങനെ അനുഭവപ്പെടുമെന്ന് യിസ്രായേല്യർക്ക് അറിയാമായിരുന്നു: “നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (വാ. 19). സഹാനുഭൂതി അവരുടെ കരുതലിനെ പ്രചോദിപ്പിക്കണമായിരുന്നു.
എന്നാൽ ഇതിനും ഒരു മറുവശമുണ്ട്. സാരെഫാത്തിലെ വിധവ അപരിചിതനായ ഏലീയാവിനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തപ്പോൾ, അബ്രഹാം തന്റെ മൂന്ന് അപരിചിത സന്ദർശകരാൽ അനുഗ്രഹിക്കപ്പെട്ടതുപോലെ (1 രാജാക്കന്മാർ 17:9-24) അവൾ അനുഗ്രഹിക്കപ്പെട്ടവളായിത്തീർന്നു (ഉല്പത്തി 18:1-15). അതിഥിയെ മാത്രമല്ല, ആതിഥേയനെ അനുഗ്രഹിക്കാൻ ദൈവം പലപ്പോഴും ആതിഥ്യം ഉപയോഗിക്കുന്നു.
നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ സ്വാഗതം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ആ ജർമ്മൻ കുടുംബങ്ങൾ ആയിരിക്കാം യഥാർത്ഥ ഗുണഭോക്താക്കൾ. ദൈവത്തിന്റെ സഹാനുഭൂതിയോടെ ദുർബലരായവരോട് നാമും പ്രതികരിക്കുമ്പോൾ, അവരിലൂടെ അവൻ നമുക്ക് നൽകുന്ന സമ്മാനങ്ങളിൽ നാം ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം.
വിധവകൾക്കും അനാഥർക്കും അഭയാർഥികൾക്കും വേണ്ടി ദൈവം ഇത്രയധികം കരുതുന്നതായി നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്? ഈ ആഴ്ച ദുർബലനായ ഒരു അപരിചിതനെ നിങ്ങൾക്ക് എങ്ങനെ “സ്വാഗതം’’ ചെയ്യാൻ കഴിയും?
പ്രിയ ദൈവമേ, വിധവകൾക്കും അനാഥർക്കും ദുർബലർക്കും വേണ്ടിയുള്ള അങ്ങയുടെ ഹൃദയം പോലെ വിശാലമായ ഒരു ഹൃദയം എനിക്കു തരണമേ.