2021-ൽ, ചരിത്രത്തിലെ മറ്റാരേക്കാളും ദൂർത്തിൽ അമ്പ് എയ്യാൻ അതിമോഹമുള്ള ഒരു എഞ്ചിനീയർ 2,028 അടി എന്ന റെക്കോർഡ് തിരുത്താൻ ലക്ഷ്യംവെച്ചു. ഉപ്പു പരലിനു മുകളിൽ മലർന്നു കിടന്ന്, അയാൾ സ്വയമായി രൂപകൽപ്പന ചെയ്ത കാൽ വില്ലിന്റെ ഞാൺ വലിച്ച് ഒരു മൈലിലധികം (5,280 അടി) ദൂരത്തേക്ക് (പുതിയ റെക്കോർഡ്) അമ്പയയ്ക്കാൻ തയ്യാറെടുത്തു. ദീർഘനിശ്വാസമെടുത്ത് അയാൾ അമ്പയച്ചു. അത് ഒരു മൈൽ യാത്ര ചെയ്തില്ല. വാസ്തവത്തിൽ, അത് ഒരടിയിൽ താഴെ മാത്രമേ യാത്ര ചെയ്തുള്ളു – അയാളുടെ സ്വന്തം കാലിലേക്കാണതു പതിച്ചത്, കാര്യമായ അപകടം വരുത്തുകയും ചെയ്തു. അയ്യോ!
ചിലപ്പോൾ വഴിതെറ്റിയ അഭിലാഷത്തോടെ, ആലങ്കാരികമായി നാം നമ്മുടെ കാലിൽ തന്നെ അമ്പെയ്തേക്കാം. യാക്കോബിനും യോഹന്നാനും എന്തെങ്കിലും നല്ല ആഗ്രഹത്തോടെ അന്വേഷിക്കുക എന്നതിന്റെ അർത്ഥം അറിയാമായിരുന്നു, പക്ഷേ തെറ്റായ കാരണങ്ങളാൽ. “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം” എന്ന് അവർ യേശുവിനോട് ആവശ്യപ്പെട്ടു (മർക്കൊസ് 10:37). അവർ “പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും” (മത്തായി 19:28) എന്ന് ശിഷ്യന്മാരോട് യേശു പറഞ്ഞിരുന്നു, അതിനാൽ അവർ ഈ അഭ്യർത്ഥന നടത്തിയത് എന്തുകൊണ്ടാണെന്ന് കാണാൻ എളുപ്പമാണ്. പ്രശ്നം? അവർ സ്വാർത്ഥതയോടെ ക്രിസ്തുവിന്റെ മഹത്വത്തിൽ തങ്ങളുടെ ഉന്നതമായ സ്ഥാനവും അധികാരവും തേടുകയായിരുന്നു. അവരുടെ അഭിലാഷം അസ്ഥാനത്താണെന്ന് യേശു അവരോട് പറഞ്ഞു (മർക്കൊസ് 10:38) “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (വാ. 43).
ക്രിസ്തുവിനുവേണ്ടി നല്ലതും മഹത്തായതുമായ കാര്യങ്ങൾ ചെയ്യാൻ നാം ലക്ഷ്യമിടുമ്പോൾ, നമുക്ക് അവന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശവും തേടാം-അവൻ നന്നായി ചെയ്തതുപോലെ മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക (വാ. 45).
അഭിലാഷത്തിന് നല്ലതും ചീത്തയും ആകാൻ കഴിയുന്നത് എന്തുകൊണ്ട്? യേശുവിനെപ്പോലെ സേവിക്കുക എന്നത് നമുക്ക് എങ്ങനെ നമ്മുടെ അഭിലാഷമാക്കാം?
യേശുവേ, അങ്ങേയ്ക്കു വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ശരിയായ കാരണങ്ങളാലാണത്.