ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, സ്കൂൾ പരിസരത്തുവെച്ച് മുഠാളന്മാരായ കുട്ടികൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും എന്നെപ്പോലുള്ള കുട്ടികൾ ആ ഭീഷണികളോട് എതിർത്തു നിൽക്കാതെ കീഴടങ്ങുകയുമാണ് ചെയ്തിരുന്നത്. ഞങ്ങളെ പീഡിപ്പിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഭയന്നുവിറച്ചപ്പോൾ, അതിലും മോശമായ ഒന്ന് ”നീ പേടിച്ചുപോയി അല്ലേ? നിനക്ക് എന്നെ പേടിയാണ്, അല്ലേ? നിന്നെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ല” എന്നിങ്ങനെയുള്ള അവരുടെ പരിഹാസങ്ങൾ ആയിരുന്നു.
വാസ്തവത്തിൽ, ആ സമയങ്ങളിൽ മിക്കതും ഞാൻ ശരിക്കും ഭയപ്പെട്ടിരുന്നു- അതിനു കാരണമുണ്ടായിരുന്നു പണ്ട് ഒരു ഇടി കിട്ടിയതിനാൽ, ഇനി അത് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, ഞാൻ ഭയത്താൽ വിറയ്ക്കുമ്പോൾ എനിക്ക് എന്തുചെയ്യാൻ കഴിയും, ആരെ വിശ്വസിക്കാൻ കഴിയും? നിങ്ങൾക്ക് എട്ട് വയസ്സുള്ളപ്പോൾ, മുതിർന്നവനും വലിപ്പവും ശക്തിയും ഉള്ളവനുമായ ഒരു കുട്ടി ഭീഷണിപ്പെടുത്തുമ്പോൾ, ഭയം ന്യായമാണ്.
ദാവീദ് ആക്രമണത്തെ അഭിമുഖീകരിച്ചപ്പോൾ, ഭയത്തേക്കാൾ ആത്മവിശ്വാസത്തോടെയാണ് അവൻ പ്രതികരിച്ചത് – കാരണം ആ ഭീഷണികളെ താൻ ഒറ്റയ്ക്കല്ല നേരിടുന്നതെന്ന് അവനറിയാമായിരുന്നു. അവൻ എഴുതി, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” (സങ്കീർത്തനം 118:6). ഒരു കുട്ടിയെന്ന നിലയിൽ, ദാവീദിന്റെ ആത്മവിശ്വാസത്തിന്റെ നിലവാരം എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, ഒരു മുതിർന്നയാൾ എന്ന നിലയിൽ, ഭയപ്പെടുത്തുന്ന ഏതൊരു ഭീഷണിയേക്കാളും ക്രിസ്തു വലിയവനാണെന്ന് വർഷങ്ങളോളം അവനോടൊപ്പം നടന്നതിൽ നിന്ന് ഞാൻ മനസ്സിലാക്കി.
ജീവിതത്തിൽ നാം നേരിടുന്ന ഭീഷണികൾ യഥാർത്ഥമാണ്. എന്നാലും നാം ഭയപ്പെടേണ്ടതില്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മോടൊപ്പമുണ്ട്, അവൻ ആവശ്യത്തിലധികം കരുത്തുള്ളവൻ ആണ്.
ഇന്ന് നിങ്ങൾ എന്താണ് ഭയപ്പെടുന്നത്? നിങ്ങൾ അഭിമുഖീകരിക്കുന്നതെന്തിനെയും നേരിടാൻ ദൈവത്തിന്റെ സാന്നിധ്യം, ആശ്വാസം, സംരക്ഷണം എന്നിവയ്ക്കായി അപേക്ഷിക്കുക.
പിതാവേ, എന്നോടൊപ്പം ഇരിക്കുന്നതിന് നന്ദി, ആ നിമിഷങ്ങളിൽ അങ്ങയുടെ കൃപയാൽ, പ്രശ്നങ്ങളെ അതിജീവിക്കാൻ എന്നെ സഹായിക്കുമെന്ന് എനിക്ക് അങ്ങയെ വിശ്വസിക്കാൻ കഴിയും.