ബെഞ്ചുകൾ നിർമ്മിക്കുന്നത് ജെയിംസ് വാറന്റെ ജോലിയല്ല. എന്നിരുന്നാലും, ഡെൻവറിലെ ഒരു സ്ത്രീ ബസ് കാത്തുനിൽക്കുമ്പോൾ തറയിൽ ഇരിക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം അവ നിർമ്മിക്കാൻ തുടങ്ങി. അത് ”മാന്യതയില്ലാത്തതാണ്,” ആ കാഴ്ച വാറനെ വിഷമിപ്പിച്ചു. അങ്ങനെ, ഇരുപത്തിയെട്ടുകാരനായ വർക്ക്‌ഫോഴ്‌സ് കൺസൾട്ടന്റ് കുറച്ച് തടി കണ്ടെത്തി, ഒരു ബെഞ്ച് നിർമ്മിച്ച് ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചു. അത് പെട്ടെന്ന് ഉപയോഗിക്കപ്പെട്ടു. തന്റെ നഗരത്തിലെ ഒമ്പതിനായിരം ബസ് സ്റ്റോപ്പുകളിൽ പലതിനും ഇരിപ്പിടമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ബെഞ്ച് ഉണ്ടാക്കി, പിന്നെ അനേകം, ഓരോന്നിലും “മനസ്സലിവുള്ളവരാകുക” എന്ന് ആലേഖനം ചെയ്തു. അദ്ദേഹത്തിന്റെ ലക്ഷ്യം? ”എനിക്ക് കഴിയുന്ന വിധത്തിൽ, ആളുകളുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക” വാറൻ പറഞ്ഞു.

അത്തരം പ്രവർത്തനങ്ങളെ വിവരിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് മനസ്സലിവ്. യേശു പ്രയോഗിച്ചതുപോലെ, മനസ്സലിവ് എന്നത് വളരെ ശക്തമായ ഒരു വികാരമാണ്, അത് മറ്റൊരാളുടെ ആവശ്യം നിറവേറ്റാനുള്ള നടപടിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിരാശരായ ജനക്കൂട്ടം യേശുവിനെ പിന്തുടർന്നപ്പോൾ, “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു” (മർക്കൊസ് 6:34). അവരുടെ രോഗികളെ സുഖപ്പെടുത്തി (മത്തായി 14:14) ആ മന്‌സലിവിനെ അവൻ പ്രവൃത്തിപദത്തിലെത്തിച്ചു.

നാമും “മനസ്സലിവ് ധരിക്കണം” എന്ന് പൗലൊസ് ഉദ്‌ബോധിപ്പിച്ചു (കൊലൊസ്യർ 3:12). നേട്ടങ്ങൾ? വാറൻ പറയുന്നതുപോലെ, “ഇത് എന്നെ നിറയ്ക്കുന്നു. എന്റെ ടയറുകളിലെ വായു.”

നമുക്ക് ചുറ്റുപാടും ആവശ്യത്തിലിരിക്കുന്നവർ ധാരാളമുണ്ട്, ദൈവം അവരെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരും. നമ്മുടെ മനസ്സലിവിനെ പ്രവർത്തനക്ഷമമാക്കാൻ ആ ആവശ്യങ്ങൾ നമ്മെ പ്രേരിപ്പിക്കും, ക്രിസ്തുവിന്റെ സ്‌നേഹം നാം കാണിക്കുമ്പോൾ ആ പ്രവർത്തനങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും.