ഞങ്ങളുടെ വീടിന്റെ പിൻഭാഗത്ത് പഴങ്ങളും പച്ചക്കറികളുമുള്ള തോട്ടം നട്ടുപിടിപ്പിക്കാൻ എനിക്കു വളരെ ആവേശമായിരുന്നു. അപ്പോൾ മണ്ണിൽ ചെറിയ ദ്വാരങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. കായ്കൾ പാകമാകുന്നതിന് മുമ്പ്, ഞങ്ങളുടെ ആദ്യത്തെ ഫലം ദുരൂഹമായി അപ്രത്യക്ഷമായി. ഒരു ദിവസം ഞങ്ങളുടെ ഏറ്റവും വലിയ സ്ട്രോബെറി ചെടിയുടെ ചുവട്ടിലെ വേര്, അതിനടിയിൽ മാളമുണ്ടാക്കിയ മുയൽ അറുത്തതും അതു വെയിലേറ്റ് കരിഞ്ഞുണങ്ങിയതും കണ്ട് ഞാൻ പരിഭ്രാന്തയായി. മുന്നറിയിപ്പ് അടയാളങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഞാൻ ആഗ്രഹിച്ചു!
ഉത്തമഗീതത്തിലെ മനോഹരമായ പ്രണയകാവ്യം ഒരു യുവാവും യുവതിയും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുന്നു. തന്റെ പ്രിയതമയെ വിളിക്കുമ്പോൾ, പ്രണയിതാക്കളുടെ മുന്തിരിത്തോട്ടത്തെ നശിപ്പിക്കുന്ന കുറുക്കമാർക്കെതിരെ പുരുഷൻ കർശനമായ മുന്നറിയിപ്പ് നൽകി, അവരുടെ ബന്ധത്തിന്റെ രൂപകമാണിത്. “മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറക്കന്മാരെ തന്നേ, പിടിച്ചുതരുവിൻ” എന്ന് അവൻ പറഞ്ഞു (ഉത്തമഗീതം 2:15). അസൂയ, കോപം, വഞ്ചന, നിസ്സംഗത എന്നിവ പോലെ, അവരുടെ പ്രണയത്തെ നശിപ്പിക്കാൻ കഴിയുന്ന “കുറുക്കന്മാരുടെ” സൂചനകൾ അവൻ കണ്ടിരിക്കാം. അവൻ തന്റെ വധുവിന്റെ സൗന്ദര്യത്തിൽ ആഹ്ലാദിച്ചതിനാൽ (വാ. 14), അനാരോഗ്യകരമായ ഒന്നിന്റെ സാന്നിധ്യം അവൻ സഹിക്കില്ല. അവൾ അവന് “മുള്ളുകൾക്കിടയിലെ താമര” പോലെ വിലപ്പെട്ടവളായിരുന്നു (വാ. 2). അവരുടെ ബന്ധം കാത്തുസൂക്ഷിക്കാൻ അവൻ തയ്യാറായിരുന്നു.
കുടുംബവും സുഹൃത്തുക്കളുമാണ് ദൈവം നമുക്ക് നൽകിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ചിലത്, ആ ബന്ധങ്ങൾ എപ്പോഴും നിലനിർത്താൻ എളുപ്പമല്ലെങ്കിലും. ക്ഷമയും കരുതലും “ചെറിയ കുറുക്കന്മാരിൽ” നിന്നുള്ള സംരക്ഷണവും ഉണ്ടെങ്കിൽ, ദൈവം മനോഹരമായ ഫലം പുറപ്പെടുവിക്കുമെന്ന് നാം വിശ്വസിക്കുന്നു.
ഒരു ഗാഢബന്ധത്തിൽ നിങ്ങൾ എവിടെയാണ് സംതൃപ്തി കണ്ടെത്തിയത്? ഏത് കുറുക്കന്മാരെയാണ് നിങ്ങൾ സഹിക്കുന്നത്?
യേശുവേ, എന്നെ ഇത്രയും നന്നായി സ്നേഹിച്ചതിന് നന്ദി.