Month: സെപ്റ്റംബർ 2023

സ്വന്തം കാലിൽ തന്നെ അമ്പെയ്യുക

2021-ൽ, ചരിത്രത്തിലെ മറ്റാരേക്കാളും ദൂർത്തിൽ അമ്പ് എയ്യാൻ അതിമോഹമുള്ള ഒരു എഞ്ചിനീയർ 2,028 അടി എന്ന റെക്കോർഡ് തിരുന്നതാൻ ലക്ഷ്യംവെച്ചു. ഉപ്പു പരലിനു മുകളിൽ മലർന്നു കിടന്ന്, അയാൾ സ്വയമായി രൂപകൽപ്പന ചെയ്ത കാൽ വില്ലിന്റെ ഞാൺ വലിച്ച് ഒരു മൈലിലധികം (5,280 അടി) ദൂരത്തേക്ക് (പുതിയ റെക്കോർഡ്) അമ്പയയ്ക്കാൻ തയ്യാറെടുത്തു. ദീർഘനിശ്വാസമെടുത്ത് അയാൾ അമ്പയച്ചു. അത് ഒരു മൈൽ യാത്ര ചെയ്തില്ല. വാസ്തവത്തിൽ, അത് ഒരടിയിൽ താഴെ മാത്രമേ യാത്ര ചെയ്തുള്ളു - അയാളുടെ സ്വന്തം കാലിലേക്കാണതു പതിച്ചത്, കാര്യമായ അപകടം വരുത്തുകയും ചെയ്തു. അയ്യോ!

ചിലപ്പോൾ വഴിതെറ്റിയ അഭിലാഷത്തോടെ, ആലങ്കാരികമായി നാം നമ്മുടെ കാലിൽ തന്നെ അമ്പെയ്‌തേക്കാം. യാക്കോബിനും യോഹന്നാനും എന്തെങ്കിലും നല്ല ആഗ്രഹത്തോടെ അന്വേഷിക്കുക എന്നതിന്റെ അർത്ഥം അറിയാമായിരുന്നു, പക്ഷേ തെറ്റായ കാരണങ്ങളാൽ. “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്‌കേണം” എന്ന് അവർ യേശുവിനോട് ആവശ്യപ്പെട്ടു (മർക്കൊസ് 10:37). അവർ “പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും” (മത്തായി 19:28) എന്ന് ശിഷ്യന്മാരോട് യേശു പറഞ്ഞിരുന്നു, അതിനാൽ അവർ ഈ അഭ്യർത്ഥന നടത്തിയത് എന്തുകൊണ്ടാണെന്ന് കാണാൻ എളുപ്പമാണ്. പ്രശ്‌നം? അവർ സ്വാർത്ഥതയോടെ ക്രിസ്തുവിന്റെ മഹത്വത്തിൽ തങ്ങളുടെ ഉന്നതമായ സ്ഥാനവും അധികാരവും തേടുകയായിരുന്നു. അവരുടെ അഭിലാഷം അസ്ഥാനത്താണെന്ന് യേശു അവരോട് പറഞ്ഞു (മർക്കൊസ് 10:38) “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (വാ. 43).

ക്രിസ്തുവിനുവേണ്ടി നല്ലതും മഹത്തായതുമായ കാര്യങ്ങൾ ചെയ്യാൻ നാം ലക്ഷ്യമിടുമ്പോൾ, നമുക്ക് അവന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശവും തേടാം-അവൻ നന്നായി ചെയ്തതുപോലെ മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക (വാ. 45).

വിശ്വസ്തൻ, എങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല

അവന്റെ വളർച്ചയുടെ ഘട്ടത്തിലൊന്നും, ഒരു കുടുംബം ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് സീനിന് കാര്യമായൊന്നും അറിയില്ലായിരുന്നു. അവന്റെ അമ്മ മരിച്ചു, പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവന് പലപ്പോഴും ഏകാന്തത അനുഭവപ്പെടുകയും ഉപേക്ഷിക്കപ്പെട്ടതായി തോന്നുകയും ചെയ്തു. എന്നാൽ സമീപത്ത് താമസിച്ചിരുന്ന ഒരു ദമ്പതികൾ അവനെ സമീപിച്ചു. അവർ അവനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവരുടെ മക്കളെ അവനു “വലിയ സഹോദരനും വലിയ സഹോദരിയും” ആക്കി, അത് അവൻ സ്‌നേഹിക്കപ്പെടുന്നു എന്ന ഉറപ്പ് അവനു നൽകി. അവർ അവനെ പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ, ഇപ്പോൾ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനായ സീൻ ഇന്ന് ഒരു യുവനേതാവാണ്.

ഈ ദമ്പതികൾ ഒരു യുവജീവിതം വഴിതിരിച്ചുവിടുന്നതിൽ അത്രയും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അവർ സീനിനുവേണ്ടി ചെയ്തതെന്തെന്ന് അവരുടെ സഭാ കുടുംബത്തിലെ മിക്ക ആളുകൾക്കും അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിനറിയാം, ബൈബിളിലെ വിശ്വാസവീരന്മാരുടെ “ഹാൾ ഓഫ് ഫെയ്ത്ത്” പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ അവരുടെ വിശ്വസ്തതയ്ക്ക് എന്നെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എബ്രായർ 11 ആരംഭിക്കുന്നത് തിരുവെഴുത്തുകളുടെ വലിയ പേരുകളോടെയാണ്, എങ്കിലും നമുക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണമറ്റ മറ്റുള്ളവരെക്കുറിച്ചും സംസാരിക്കുന്നു, “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചവർ” (വാ. 39) ആയിരുന്നിട്ടും “ലോകം അവർക്ക് യോഗ്യമായിരുന്നില്ല” (വാ. 38) എന്ന് എഴുത്തുകാരൻ പറയുന്നു.

നമ്മുടെ ദയാപ്രവൃത്തികൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുമ്പോഴും ദൈവം കാണുകയും അറിയുകയും ചെയ്യുന്നു. നമ്മൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം - ഒരു ദയയുള്ള പ്രവൃത്തി അല്ലെങ്കിൽ പ്രോത്സാഹജനകമായ ഒരു വാക്ക് - എന്നാൽ ദൈവത്തിന് അത് അവന്റെ നാമത്തിനും അവന്റെ സമയത്തിനും അവന്റെ വഴിക്കും മഹത്വം കൊണ്ടുവരാൻ കഴിയും. മറ്റുള്ളവർക്കറിയില്ലെങ്കിലും അവനറിയാം.

ചുവന്ന വസ്ത്ര പദ്ധതി

ബ്രിട്ടീഷ് ആർട്ടിസ്റ്റ് കിർസ്റ്റി മക് ലിയോഡാണ് റെഡ് ഡ്രസ് പ്രോജക്റ്റ് വിഭാവനം ചെയ്തത്, ഇത് ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഗാലറികളിലും ഒരു പ്രദർശനമായി മാറി. പതിമൂന്ന് വർഷക്കാലം, മുന്നൂറിലധികം സ്ത്രീകൾക്കും (ഒരുകൂട്ടം പുരുഷന്മാർക്കും) എംബ്രോയ്ഡറി ചെയ്യുന്നതിനായി ബർഗണ്ടി സിൽക്കിന്റെ എൺപത്തിനാല് കഷണങ്ങൾ ലോകമെമ്പാടും സഞ്ചരിച്ചു. ഈ ഭാഗങ്ങൾ പിന്നീട് ഒരു ഗൗണായി നിർമ്മിച്ചു, എംബ്രോയ്ഡറി സംഭാവന ചെയ്ത ഓരോ കലാകാരന്റെയും -അവരിൽ പലരും പാർശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമാണ് - കഥകൾ പറയുന്നവയായിരുന്നു അത്.

ചുവന്ന വസ്ത്രം പോലെ, അഹരോനും അവന്റെ പിൻഗാമികളും ധരിച്ചിരുന്ന വസ്ത്രങ്ങൾ പല “വിദഗ്ദരായ തൊഴിലാളികൾ” ചേർന്നു നിർമ്മിച്ചതാണ് (പുറപ്പാട് 28:3). പൗരോഹിത്യ വസ്ത്രങ്ങൾക്കുള്ള ദൈവത്തിന്റെ നിർദ്ദേശങ്ങളിൽ യിസ്രായേലിന്റെ കൂട്ടായ കഥ പറയുന്ന വിശദാംശങ്ങൾ ഉൾപ്പെടുന്നു - ഗോത്രങ്ങളുടെ പേരുകൾ പുരോഹിതന്മാരുടെ ചുമലിൽ “യഹോവയുടെ മുമ്പാകെ ഒരു ഓർമ്മയ്ക്കായി” ഇരിക്കും (വാ. 12). നിലയങ്കികൾ, എംബ്രോയ്ഡറി ചെയ്ത നടുക്കെട്ടുകൾ, മുടികൾ എന്നിവ പുരോഹിതന്മാർക്ക് “മഹത്വവും അലങ്കാരവും” നൽകി, അവർ ദൈവത്തെ സേവിക്കുകയും ആരാധനയിൽ ആളുകളെ നയിക്കുകയും ചെയ്തു (വാ. 40).

യേശുവിലുള്ള പുതിയ ഉടമ്പടി വിശ്വാസികൾ എന്ന നിലയിൽ, നാം-ഒരുമിച്ച്-ദൈവത്തെ സേവിക്കുകയും ആരാധനയിൽ പരസ്പരം നയിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ ഒരു പൗരോഹിത്യമാണ് (1 പത്രൊസ് 2:4-5, 9); യേശു നമ്മുടെ മഹാപുരോഹിതനാണ് (എബ്രായർ 4:14). പുരോഹിതന്മാരാണെന്ന് സ്വയം തിരിച്ചറിയാൻ പ്രത്യേക വസ്ത്രങ്ങളൊന്നും നാം ധരിക്കുന്നില്ലെങ്കിലും, അവന്റെ സഹായത്താൽ, നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുന്നു” (കൊലൊസ്യർ 3:12).

എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?

ആൻ തന്റെ ഓറൽ സർജനുമായി -വർഷങ്ങളായി അവൾക്ക് പരിചയമുള്ള ഒരു ഫിസിഷ്യൻ - ഒരു പ്രാഥമിക പരിശോധനയ്ക്കായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹം അവളോട് ചോദിച്ചു, “നിനക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” അവൾ പറഞ്ഞു, “ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച താങ്കൾ പള്ളിയിൽ പോയിരുന്നോ?” അവളുടെ ചോദ്യം വിധിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചുള്ള ഒരു സംഭാഷണം ആരംഭിക്കാൻ വേണ്ടിയായിരുന്നു.

സർജൻ പോസിറ്റീവായ സഭാ അനുഭവം കുറവുള്ള ആളായിരുന്നു, അദ്ദേഹം പിന്നീട് സഭയിൽ പോയിട്ടില്ല. ആനിന്റെ ചോദ്യവും അവരുടെ സംഭാഷണവും കാരണം, തന്റെ ജീവിതത്തിൽ യേശുവിന്റെയും സഭയുടെയും പങ്കിനെക്കുറിച്ച് അദ്ദേഹം പുനർവിചിന്തനം ചെയ്തു. ആൻ പിന്നീട് അദ്ദേഹത്തിന്റെ പേര് എഴുതിയ ഒരു ബൈബിൾ കൊടുത്തപ്പോൾ കണ്ണീരോടെയാണ് ഡോക്ടർ അത് സ്വീകരിച്ചത്.

ചിലപ്പോൾ നാം ഏറ്റുമുട്ടലിനെ ഭയപ്പെടുന്നു അല്ലെങ്കിൽ നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ വളരെ താവ്രതയുള്ളവരായി തോന്നാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാൻ വിജയകരമായ ഒരു മാർഗ്ഗമുണ്ട്-ചോദ്യങ്ങൾ ചോദിക്കുക.

ദൈവമായവനും എല്ലാം അറിയാവുന്നവനുമായ ഒരു മനുഷ്യൻ, യേശു, തീർച്ചയായും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അവന്റെ ഉദ്ദേശ്യങ്ങൾ നമുക്കറിയില്ലെങ്കിലും, അവന്റെ ചോദ്യങ്ങൾ പ്രതികരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നത് വ്യക്തമാണ്. അവൻ തന്റെ ശിഷ്യനായ അന്ത്രെയൊസിനോട്, “നിങ്ങൾ എന്തു അന്വേഷിക്കുന്നു?” (യോഹന്നാൻ 1:38) എന്നു ചോദിച്ചു. അവൻ അന്ധനായ ബർത്തിമായിയോട്, “ഞാൻ നിനക്കു എന്തു ചെയ്യേണം?” എന്ന് ചോദിച്ചു (മർക്കൊസ് 10:51; ലൂക്കൊസ് 18:41). തളർവാതരോഗിയോട് അവൻ ചോദിച്ചു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” (യോഹന്നാൻ 5:6). യേശുവിന്റെ ആദ്യ ചോദ്യത്തിനു ശേഷം ഈ ഓരോ വ്യക്തിക്കും രൂപാന്തരം സംഭവിച്ചു.

വിശ്വാസപരമായ കാര്യങ്ങളിൽ നിങ്ങൾ സമീപിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ചോദിക്കാനുള്ള ശരിയായ ചോദ്യങ്ങൾ നൽകാൻ ദൈവത്തോട് ആവശ്യപ്പെടുക.

യേശുവിനെപ്പോലെ

2014-ൽ, ഫിലിപ്പീൻസിൽ നിന്ന് ജീവശാസ്ത്രജ്ഞന്മാർ ഒരു ജോഡി ഓറഞ്ച് പിഗ്മി കടൽക്കുതിരകളെ പിടികൂടി. അവർ കടൽ ജീവികളെ, അവയുടെ ആവാസകേന്ദരമായ ഓറഞ്ച് കടൽവിശറി എന്ന പവിഴപ്പുറ്റിനോടൊപ്പം (Orange coral sea fan) സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലേക്ക് കൊണ്ടുപോയി. പിഗ്മി കടൽക്കുതിരകൾ ജനിക്കുന്നത് അവയുടെ മാതാപിതാക്കളുടെ നിറത്തിനനുയോജ്യമായാണോ അതോ പരിസ്ഥിതിയുടെ നിറത്തിനനുയോജ്യമായാണോ എന്ന് ശാസ്ത്രജ്ഞർക്ക് അറിയണമായിരുന്നു. പിഗ്മി കടൽക്കുതിരകൾ മങ്ങിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ, ശാസ്ത്രജ്ഞർ ഒരു പർപ്പിൾ കോറൽ സീ ഫാൻ ടാങ്കിൽ വച്ചു. ഓറഞ്ച് നിറമുള്ള മാതാപിതാക്കൾക്കു ജനിച്ച കുഞ്ഞുങ്ങൾ, പർപ്പിൾ സീ ഫാനുമായി പൊരുത്തപ്പെടുന്നതിന് നിറം മാറ്റി. സ്വാഭാവികമായ അവയുടെ ദുർബലത കാരണം, അവയുടെ നിലനിൽപ്പ്, പരിസ്ഥിതിയുമായി ലയിക്കാനായി ദൈവം അവയ്ക്കു നൽകിയ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

പ്രകൃതിയിൽ ഉപയോഗപ്രദമായ ഒരു പ്രതിരോധ സംവിധാനമാണ് ബ്ലെൻഡിംഗ്-ഇൻ (അനുരൂപപ്പെടുക). എന്നിരുന്നാലും, രക്ഷ നേടാനും നമ്മുടെ ജീവിത രീതിയിലൂടെ ലോകത്തിൽ വേറിട്ടുനിൽക്കാനും ദൈവം എല്ലാ ആളുകളെയും ക്ഷണിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ ബഹുമാനിക്കാനും നമ്മുടെ ശരീരങ്ങളെ “ജീവനുള്ള യാഗമായി”അർപ്പിച്ചുകൊണ്ട് അവനെ ആരാധിക്കാനും അപ്പൊസ്തലനായ പൗലൊസ് യേശുവിൽ വിശ്വസിക്കുന്നവരോട് ആവശ്യപ്പെടുന്നു (റോമർ 12:1). പാപം ബാധിച്ച മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ദുർബലത കാരണം, വിശ്വാസികൾ എന്ന നിലയിലുള്ള നമ്മുടെ ആത്മീയ ആരോഗ്യം ദൈവത്തെ നിരസിക്കുകയും പാപത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന “ഈ ലോകത്തിന്റെ മാതൃക’’യ്ക്ക് അനുസരിച്ചാകാതിരിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിനെ “പുതുക്കുകയും” നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു (വാ. 2). 

ഈ ലോകത്തോട് അനുരൂപരാകുക എന്നതിനർത്ഥം തിരുവെഴുത്തുകൾക്ക് വിരുദ്ധമായി ജീവിക്കുക എന്നാണ്. എന്നിരുന്നാലും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് യേശുവിനെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയും!