മൂന്ന് വയസ്സുള്ള ആൻഡ്രിയാസിനെ തന്റെ ആദ്യ ജോടി കണ്ണട ക്രമീകരിക്കാൻ ഒപ്റ്റോമെട്രിസ്റ്റ് സഹായിച്ചു. ”കണ്ണാടിയിൽ നോക്കൂ,” അവൾ പറഞ്ഞു. ആൻഡ്രിയാസ് അവന്റെ പ്രതിഫലനത്തിലേക്ക് നോക്കി, സന്തോഷവും സ്നേഹവും നിറഞ്ഞ പുഞ്ചിരിയോടെ പിതാവിന്റെ നേരെ തിരിഞ്ഞു. അപ്പോൾ ആൻഡ്രിയാസിന്റെ പിതാവ് മകന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചുകൊണ്ട് ചോദിച്ചു, ”എന്താ പറ്റിയത്?” ആൻഡ്രിയാസ് പിതാവിന്റെ കഴുത്തിൽ കൈകൾ ചുറ്റി. “എനിക്ക് അങ്ങയെ കാണാം.” അവൻ പിന്നിലേക്ക് വലിച്ച് തല ചെരിച്ച് പിതാവിന്റെ കണ്ണുകളിലേക്ക് നോക്കി. “എനിക്ക് അങ്ങയെ കാണാം!”
നാം പ്രാർത്ഥനാപൂർവ്വം ബൈബിൾ പഠിക്കുമ്പോൾ, “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയായ” (കൊലൊസ്യർ 1:15) യേശുവിനെ കാണാൻ പരിശുദ്ധാത്മാവ് നമുക്ക് കണ്ണുകൾ നൽകുന്നു. എന്നിരുന്നാലും, വിശുദ്ധ ഗ്രന്ഥത്തിലൂടെ നാം അറിവിൽ വളരുമ്പോൾ, ആത്മാവിനാൽ നമ്മുടെ ദർശനം വ്യക്തമാക്കപ്പെട്ടാലും, നിത്യതയുടെ ഈ വശത്ത് ദൈവത്തിന്റെ അനന്തമായ അപാരതയുടെ ഒരു മിന്നൊളി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ഭൂമിയിലെ നമ്മുടെ സമയം പൂർത്തിയാകുമ്പോൾ അല്ലെങ്കിൽ യേശു മടങ്ങിവരുമെന്ന വാഗ്ദാനം നിറവേറുമ്പോൾ, നാം അവനെ വ്യക്തമായി കാണും (1 കൊരിന്ത്യർ 13:12).
ക്രിസ്തുവിനെ മുഖാമുഖം കാണുകയും ക്രിസ്തുവിന്റെ സഭയായ ശരീരത്തിലെ പ്രിയപ്പെട്ട അംഗങ്ങളായ നമ്മെ ഓരോരുത്തരെയും അവൻ അറിയുന്നതുപോലെ അവനെ അറിയുകയും ചെയ്യുന്ന ആ സന്തോഷം നിറഞ്ഞ നിമിഷത്തിൽ നമുക്ക് പ്രത്യേക കണ്ണട ആവശ്യമില്ല. നമ്മുടെ സ്നേഹസമ്പന്നനും ജീവനുള്ളവനുമായ രക്ഷകനെ ഉറ്റുനോക്കി, ”യേശുവേ, എനിക്ക് അങ്ങയെ കാണാൻ കഴിയും” എന്നു പറയുന്നതുവരെ, ഉറച്ചുനിൽക്കാൻ ആവശ്യമായ വിശ്വാസവും പ്രത്യാശയും സ്നേഹവും പരിശുദ്ധാത്മാവ് നമ്മിൽ സന്നിവേശിപ്പിക്കട്ടെ.
നിങ്ങൾ ബൈബിൾ വായിച്ചപ്പോൾ പരിശുദ്ധാത്മാവ് ഈയിടെ എന്താണ് വെളിപ്പെടുത്തിയത്? ദൈവത്തെക്കുറിച്ചുള്ള അറിവിലുള്ള നിങ്ങളുടെ വളർച്ച നിങ്ങളെ എങ്ങനെ മാറ്റിമറിച്ചു?
യേശുവേ, ഞാൻ ഇപ്പോൾ വിശ്വസ്തതയോടെ അങ്ങയോടുകൂടെ നടക്കുമ്പോഴും അങ്ങ് എന്നെ വീട്ടിലേക്ക് വിളിക്കുകയോ വീണ്ടും വരികയോ ചെയ്യുന്നതുവരെ അങ്ങയെ കൂടുതൽ വ്യക്തമായി കാണാനും അടുത്തറിയാനും എന്നെ സഹായിക്കണമേ.