2001-ൽ, മാസം തികയാതെ ജനിച്ച ക്രിസ്റ്റഫർ ഡഫ്ലി എന്ന കുഞ്ഞ് രക്ഷപ്പെട്ട് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി. അഞ്ച് മാസം പ്രായമുള്ളപ്പോൾ, അമ്മായിയുടെ കുടുംബം അവനെ ദത്തെടുക്കുന്നതുവരെ അവൻ ഫോസ്റ്റർ കെയർ സിസ്റ്റത്തിൽ കഴിഞ്ഞു. അന്ധനും ഓട്ടിസം ബാധിച്ചവനുമായിരുന്നിട്ടും, നാല് വയസ്സുള്ള ക്രിസ്റ്റഫറിന് തികഞ്ഞ ശബ്ദം ഉണ്ടെന്ന് ഒരു അധ്യാപകൻ മനസ്സിലാക്കി. ആറ് വർഷത്തിനു ശേഷം പള്ളിയിൽ വെച്ച് ക്രിസ്റ്റഫർ സ്റ്റേജിൽ നിന്നുകൊണ്ട് “എന്റെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കുക” എന്ന് പാടി. ആ വീഡിയോ ഓൺലൈനിൽ ദശലക്ഷക്കണക്കിനാളുകൾ വീക്ഷിച്ചു. 2020-ൽ, ഒരു വികലാംഗ അഭിഭാഷകനായി സേവനമനുഷ്ഠിക്കാനുള്ള തന്റെ ലക്ഷ്യം ക്രിസ്റ്റഫർ പങ്കുവെച്ചു. ദൈവത്തിന്റെ പദ്ധതിയിലേക്ക് തുറക്കപ്പെട്ട ഹൃദയക്കണ്ണുകൾ ഉള്ളവനുള്ള സാധ്യതകൾ പരിധിയില്ലാത്തതാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
എഫെസൊസിലെ സഭയുടെ ധീരമായ വിശ്വാസത്തിന് അപ്പൊസ്തലനായ പൗലൊസ് അവരെ അഭിനന്ദിച്ചു (1:15-16). അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവ്” നൽകണമെന്ന് അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, അങ്ങനെ അവർ “അവനെ നന്നായി അറിയും” (വാ. 17). അവരുടെ കണ്ണുകൾ “പ്രകാശിക്കണം” അല്ലെങ്കിൽ തുറക്കപ്പെടണമെന്ന് അവൻ പ്രാർത്ഥിച്ചു, അങ്ങനെ ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്ത പ്രത്യാശയും അവകാശവും അവർ മനസ്സിലാക്കും (വാ. 18).
നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്താൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, നമുക്ക് അവനെ കൂടുതൽ അറിയാനും അവന്റെ നാമം, ശക്തി, അധികാരം എന്നിവ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാനും കഴിയും (വാ. 19-23). യേശുവിലുള്ള വിശ്വാസത്തോടും എല്ലാ ദൈവജനങ്ങളോടുമുള്ള സ്നേഹത്തോടും കൂടി, നമ്മുടെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ അവന്റെ അനന്തമായ സാധ്യതകളെ തെളിയിക്കുന്ന വഴികളിൽ നമുക്ക് ജീവിക്കാൻ കഴിയും.
തടസ്സങ്ങളും പരിമിതികളും തരണം ചെയ്യാൻ ദൈവം നിങ്ങളെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്? അവന്റെ സത്യം, സ്വഭാവം, സ്നേഹം എന്നിവ അറിയുന്നത് നിങ്ങൾ വെല്ലുവിളികളെ കാണുന്ന രീതിയെ എങ്ങനെ മാറ്റും?
ശർവ്വശക്തനും കരുണാമയനുമായ ദൈവമേ, മറ്റുള്ളവരെ അങ്ങയെ ആരാധിക്കുവാൻ പ്രേരിപ്പിക്കുന്ന ധീരമായ വിശ്വാസത്തോടെ അങ്ങയെ അറിയാനും സ്നേഹിക്കാനും ജീവിക്കാനും കഴിയുന്ന തരത്തിൽ എന്റെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കണമേ.