”എന്റെ മകനു നിങ്ങളെ അറിയാമോ?” എന്ന ശക്തമായ ലേഖനത്തിൽ, സ്പോർട്സ് എഴുത്തുകാരനായ ജോനാഥൻ ജാർക്സ് തന്റെ ടെർമിനൽ ക്യാൻസറുമായുള്ള പോരാട്ടത്തെക്കുറിച്ചും തന്റെ ഭാര്യയെയും ഇളയ മകനെയും മറ്റുള്ളവർ നന്നായി പരിപാലിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചും എഴുതി. മരിക്കുന്നതിന് ആറുമാസം മുമ്പാണ് മുപ്പത്തിനാലുകാരൻ ഈ ലേഖനം എഴുതിയത്. യൗവ്വനത്തിൽ പിതാവ് മരിച്ച, യേശുവിൽ വിശ്വസിക്കുന്ന ജാർക്സ്, വിധവകളുടെയും അനാഥരുടെയും സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന തിരുവെഴുത്തുകൾ പങ്കുവെച്ചു (പുറപ്പാട് 22:22; യെശയ്യാവ് 1:17; യാക്കോബ് 1:27). തന്റെ സുഹൃത്തുക്കൾക്ക് അദ്ദേഹം എഴുതി, ”ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കാണുമ്പോൾ, ഞാൻ ചോദിക്കാൻ പോകുന്നത് ഒന്നേയുള്ളൂ- നിങ്ങൾ എന്റെ മകനോടും ഭാര്യയോടും നല്ലവരായിരുന്നോ? . . . എന്റെ മകനു നിങ്ങളെ അറിയാമോ?”
ദാവീദ് രാജാവ് ചോദിച്ചു, “ഞാൻ [തന്റെ പ്രിയ സുഹൃത്ത്] യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ” (2 ശമൂവേൽ 9:1). ഒരു അപകടം മൂലം “ഇരു കാലിനും മുടന്തുള്ള’’ (വാ. 3), യോനാഥന്റെ മകൻ, മെഫിബോശെത്തിനെ, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു (കാണുക 4:4). ദാവീദ് അവനോടു: “നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം”’ (9:7). ദാവീദ് മെഫിബോശെത്തിനോട് സ്നേഹപൂർവ്വമായ കരുതൽ കാണിച്ചു, കാലക്രമേണ അവൻ അവനെ ശരിക്കും അറിയാൻ സാധ്യതയുണ്ട് (19:24-30 കാണുക).
നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്നേഹിക്കാനാണ് യേശു നമ്മെ വിളിച്ചിരിക്കുന്നത് (യോഹന്നാൻ 13:34). അവൻ നമ്മിൽ പ്രവർത്തിക്കുമ്പോൾ, നമുക്ക് അവരെ നന്നായി അറിയുകയും സ്നേഹിക്കുകയും ചെയ്യാം.
നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെ കൂടുതൽ ആഴത്തിൽ അറിയാനാകും? ദൈവം നിങ്ങളെ സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കുന്നത് നിങ്ങളെ സംബന്ധിച്ച് എങ്ങനെയിരിക്കും?
സ്വർഗ്ഗീയ പിതാവേ, മറ്റുള്ളവരെ യഥാർത്ഥമായി അറിയാനും സ്നേഹിക്കാനും ശ്രമിച്ചുകൊണ്ട് അങ്ങയെ ബഹുമാനിക്കാൻ എന്നെ സഹായിക്കണമേ.