വാക്കുകൾ കാണത്തക്കവിധം പേജുകൾ മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് പാസ്റ്റർ തന്റെ പ്രസംഗത്തിൽ കണ്ണു പതിപ്പിച്ചു. അദ്ദേഹം അങ്ങേയറ്റം ഹ്രസ്വദൃഷ്ടിയുള്ളവനായിരുന്നു, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഓരോ വാക്യവും അങ്ങേയറ്റം ഏകാഗ്ര ശബ്ദത്തോടെ വായിച്ചു. എന്നാൽ ദൈവത്തിന്റെ ആത്മാവ് ജോനാഥൻ എഡ്വേർഡ്സിന്റെ പ്രസംഗത്തിലൂടെ ആദ്യത്തെ മഹത്തായ ഉണർവിന്റെ നവോത്ഥാന തീ ആളിക്കത്തിക്കാനും ആയിരങ്ങളെ ക്രിസ്തുവിൽ വിശ്വാസത്തിലേക്ക് കൊണ്ടുവരാനും വേണ്ടി ചലിച്ചു.
തന്റെ പൂർണമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ദൈവം പലപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങൾ ഉപയോഗിക്കുന്നു. നമുക്കുവേണ്ടിയുള്ള ക്രൂശിലെ യേശുവിന്റെ സ്നേഹനിർഭരമായ മരണത്തിലൂടെ വഴിതെറ്റിയ മനുഷ്യരാശിയെ അടുപ്പിക്കാനുള്ള അവന്റെ പദ്ധതിയെക്കുറിച്ച് എഴുതിയ പൗലൊസ് ഇങ്ങനെ ഉപസംഹരിക്കുന്നു, ”ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു” (1 കൊരിന്ത്യർ 1:27). ദൈവിക ജ്ഞാനം നമ്മുടേത് പോലെ കാണപ്പെടുമെന്നും അപ്രതിരോധ്യമായ ശക്തിയോടെ വരുമെന്നും ലോകം പ്രതീക്ഷിച്ചു. പകരം, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ താഴ്മയോടെയും സൌമ്യതയോടെയും യേശു വന്നു, അങ്ങനെ “അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു” (വാ. 30).
അവനിലേക്കുള്ള വഴി നമുക്ക് സ്നേഹപൂർവ്വം കാണിച്ചുതരാൻ ശാശ്വതനും സർവജ്ഞാനിയുമായ ദൈവം ഒരു മനുഷ്യ ശിശുവായിത്തീർന്നു, അവൻ പ്രായപൂർത്തിയാകുകയും കഷ്ടപ്പെടുകയും മരിക്കുകയും ജീവനിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. നമ്മുടെ സ്വന്തം ശക്തിയിൽ നമുക്ക് ഒരിക്കലും നേടാനാകാത്ത മഹത്തായ കാര്യങ്ങൾ ചെയ്യാൻ എളിയ മാർഗങ്ങളെയും ആളുകളെയും ഉപയോഗിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. നമുക്ക് മനസ്സുണ്ടെങ്കിൽ, അവൻ നമ്മെ ഉപയോഗിച്ചേക്കാം.
അപ്രതീക്ഷിതമായ എന്തെല്ലാം കാര്യങ്ങൾ ദൈവം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്? ഇന്ന് നിങ്ങൾ എങ്ങനെ അവനു നിങ്ങളെത്തന്നെ ലഭ്യമാക്കും?
സ്നേഹമുള്ള പിതാവേ, അങ്ങയുടെ അപ്രതീക്ഷിത വഴികൾക്ക് നന്ദി. അങ്ങേയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കായി ഞാൻ ഉപയോഗിക്കപ്പെടത്തക്കവിധം ഇന്ന് അങ്ങയെ അടുത്ത് അനുഗമിക്കാൻ എന്നെ സഹായിക്കേണമേ.