ക്യാമ്പിംഗ്, മീൻപിടുത്തം, മലകയറ്റം എന്നിവ ആസ്വദിച്ച് ദൈവിക സൃഷ്ടിയിൽ വെളിയിൽ കഴിയുന്നത് എന്റെ പിതാവിന് ഇഷ്ടമായിരുന്നു. തന്റെ മുറ്റത്തും പൂന്തോട്ടത്തിലും ജോലി ചെയ്യുന്നതും അദ്ദേഹം ആസ്വദിച്ചു. എന്നാൽ ഇതിന് വളരെയധികം ജോലി വേണ്ടിവന്നു! അദ്ദേഹം മണിക്കൂറുകളോളം ചെടി കോതിയും, കിളച്ചും, വിത്തുകളും ചെടികളും നട്ടുപിടിപ്പിച്ചും, കള പറിച്ചും, പുൽത്തകിടി വെട്ടിയും, മുറ്റവും പൂന്തോട്ടവും നനച്ചും സമയം ചെലവഴിച്ചു. അതിന്റെ ഫലം വിലമതിക്കത്തക്കതായിരുന്നു – ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്ത പുൽത്തകിടി, രുചിയുള്ള തക്കാളി, മനോഹരമായ സമാധാന റോസാപ്പൂക്കൾ. എല്ലാ വർഷവും അദ്ദേഹം റോസാച്ചെടി നിലത്തോട് ചേർന്ന് വെട്ടിമാറ്റുന്നു, ഓരോ വർഷവും അവ വീണ്ടും വളർന്നു – ഇന്ദ്രിയങ്ങളെ അവയുടെ സൌരഭ്യവും സൌന്ദര്യവും കൊണ്ട് നിറച്ചു.

ആദാമും ഹവ്വായും ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ദൈവത്തോടൊപ്പം നടക്കുകയും ചെയ്ത ഏദെൻ തോട്ടത്തെക്കുറിച്ച് ഉല്പത്തിയിൽ നാം വായിക്കുന്നു. അവിടെ, ദൈവം “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു” (ഉല്പത്തി 2:9). പൂർണ്ണമായ പൂന്തോട്ടത്തിൽ മനോഹരവും മധുരമുള്ളതുമായ പൂക്കളും ഫലങ്ങളും ഉൾപ്പെടുന്നുവെന്ന് ഞാൻ സങ്കൽപ്പിക്കുന്നു-ഒരുപക്ഷേ മുള്ളുകളില്ലാത്ത റോസാപ്പൂക്കൾ പോലും!

ദൈവത്തിനെതിരായ ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനു ശേഷം, അവർ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു, ഇനി അവർ അവരുടെ സ്വന്തം തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്, അതായത് കഠിനമായ നിലം കിളയ്ക്കുക, മുള്ളുകളോട് പോരാടുക, മറ്റ് വെല്ലുവിളികൾ നേരിടുക (3:17-19, 23-24). എന്നിട്ടും ദൈവം അവർക്കുവേണ്ടി കരുതുന്നത് തുടർന്നു (വാ. 21). നമ്മെ തന്നിലേക്ക് ആകർഷിക്കാൻ സൃഷ്ടിയുടെ സൗന്ദര്യമില്ലാതെ അവൻ മനുഷ്യരാശിയെ ഉപേക്ഷിച്ചില്ല (റോമർ 1:20). പൂന്തോട്ടത്തിലെ പൂക്കൾ, ദൈവത്തിന്റെ തുടർച്ചയായ സ്‌നേഹത്തെയും നവീകരിക്കപ്പെട്ട ഒരു സൃഷ്ടിയെക്കുറിച്ചുള്ള വാഗ്ദാനത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു-പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകങ്ങൾ എന്ന നിലയിൽ!