ചെറുപ്പത്തിൽ അമേരിക്കയിലെ ഒരു മേച്ചൽസ്ഥലത്തു ഞാൻ താമസിക്കുന്ന സമയത്ത്, ഞാൻ എന്റെ ഉറ്റസുഹൃത്തുമായി കറങ്ങിനടക്കുന്ന മഹത്തായ സായാഹ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ കാട്ടിലൂടെ നടക്കും, കുതിരപ്പുറത്ത് സഞ്ചരിക്കും, കുതിരയോട്ട മത്സരവേദി സന്ദർശിക്കും, പശുവിന്റെ തൊഴുത്തിൽ കയറും. പക്ഷേ, ഡാഡിയുടെ വിസിൽ കേട്ടാലുടൻ-മറ്റെല്ലാ ശബ്ദങ്ങളെയും അതിജീവിക്കുന്ന അതിന്റെ വ്യക്തമായ ശബ്ദം-ഞാൻ ചെയ്യുന്നതെന്തും ഉടൻ തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകും. സിഗ്നൽ തെറ്റില്ലായിരുന്നു, എന്നെ വിളിക്കുന്നത് എന്റെ അച്ഛൻ ആണെന്ന് എനിക്കറിയാമായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷവും ആ വിസിൽ ഞാൻ തിരിച്ചറിയും.
താൻ ഇടയനാണെന്നും തന്റെ അനുയായികൾ ആടുകളാണെന്നും യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. ”ആടുകൾ അവന്റെ [ഇടയന്റെ] ശബ്ദം കേൾക്കുന്നു,” അവൻ പറഞ്ഞു. “തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു” (യോഹന്നാൻ 10:3). അനേകം നേതാക്കളും അധ്യാപകരും തങ്ങളുടെ അധികാരം ഉറപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ച ഒരു കാലഘട്ടത്തിൽ, തന്റെ സ്നേഹനിർഭരമായ ശബ്ദം ഇപ്പോഴും മറ്റാരുടെ ശബ്ദത്തെക്കാളും വ്യതിരിക്തമായി കേൾക്കാൻ കഴിയുമെന്ന് അവൻ പ്രഖ്യാപിച്ചു. “ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു” (വാ. 4).
യേശുവിന്റെ ശബ്ദം കേൾക്കുമ്പോൾ നമുക്ക് ശ്രദ്ധാലുക്കളായിരിക്കുകയും അത് വിഡ്ഢിത്തമായി തള്ളിക്കളയാതിരിക്കുകയും ചെയ്യാം, കാരണം അടിസ്ഥാന സത്യം അവശേഷിക്കുന്നു: ഇടയൻ വ്യക്തമായി സംസാരിക്കുന്നു, അവന്റെ ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. ഒരുപക്ഷേ തിരുവെഴുത്തുകളുടെ ഒരു വാക്യത്തിലൂടെയോ, വിശ്വാസിയായ ഒരു സുഹൃത്തിന്റെ വാക്കുകളിലൂടെയോ, അല്ലെങ്കിൽ ആത്മാവിന്റെ ഉൾപ്രേരണയിലൂടെയോ–യേശു സംസാരിക്കുന്നു, നാം കേൾക്കുന്നു.
ദൈവത്തിന്റെ ശബ്ദം കേൾക്കുന്നത് നിങ്ങളെ സംബന്ധിച്ച് സങ്കീർണ്ണമാണെന്ന് നിങ്ങൾ എങ്ങനെയാണ് കരുതുന്നത്? ഇടയൻ ഇന്ന് നിങ്ങളോട് എന്താണ് പറയുന്നത്?
ദൈവമേ, അങ്ങാണ് സംസാരിക്കുന്നതെന്നും ഞാൻ അങ്ങയെ കേൾക്കുന്നുവെന്നും എന്നെ ഓർമ്മിപ്പിക്കണമേ. ശ്രദ്ധയോടെ കേൾക്കാൻ എന്നെ സഹായിക്കണമേ. കേൾക്കാനും പ്രതികരിക്കാനും എന്നെ സഹായിക്കണമേ.