“പക്ഷിക്കുഞ്ഞുങ്ങൾ നാളെ പറക്കും!” ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് ഒരു തൂക്കുകൊട്ടയിൽ കുരുവികളുടെ ഒരു കുടുംബം നടത്തുന്ന വളർച്ചയെക്കുറിച്ച് എന്റെ ഭാര്യ കാരി ആഹ്ലാദിച്ചു. അമ്മ കൂട്ടിലേയ്ക്ക് ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ ചിത്രമെടുക്കുകയും അവയെ ദിവസവും നിരീക്ഷിക്കുകയും ചെയ്തു.

അവയെ നോക്കാനായി കാരി പിറ്റേന്ന് രാവിലെ എഴുന്നേറ്റു. അവൾ കൂടിനെ മൂടിയിരുന്ന കുറച്ച് ഇലകൾ നീക്കി, പക്ഷേ കുഞ്ഞു പക്ഷികളെ കാണുന്നതിനു പകരം ഒരു പാമ്പിന്റെ ഇടുങ്ങിയ കണ്ണുകളാണ് അവളെ എതിരേറ്റത്. പാമ്പ് കൂടിന്റെ വശം തുരന്ന്, കൂടിനുള്ളിലേക്ക് കയറി, അവയെയെല്ലാം വിഴുങ്ങി.

കാരിയുടെ ഹൃദയം തകർന്നു, അവൾ കോപിച്ചു. ഞാൻ പട്ടണത്തിന് പുറത്തായിരുന്നു, അതിനാൽ പാമ്പിനെ നീക്കം ചെയ്യാൻ അവൾ ഒരു സുഹൃത്തിനെ വിളിച്ചു. എന്നാൽ നാശം സംഭവിച്ചുകഴിഞ്ഞിരുന്നു.

തന്റെ പാതയിൽ നാശം വിതച്ച മറ്റൊരു പാമ്പിനെക്കുറിച്ച് തിരുവെഴുത്തു പറയുന്നു. ഏദെൻ തോട്ടത്തിലെ പാമ്പ് ഹവ്വായെ ചതിച്ചു: “നിങ്ങൾ മരിക്കയില്ല നിശ്ചയം,” അവൻ കള്ളം പറഞ്ഞു. “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു” (ഉല്പത്തി 3:4-5).

ദൈവത്തോടുള്ള ഹവ്വായുടെയും ആദാമിന്റെയും അനുസരണക്കേടിന്റെ ഫലമായി പാപവും മരണവും ലോകത്തിലേക്കു പ്രവേശിച്ചു, “പഴയ പാമ്പായ മഹാ സർപ്പം” ചെയ്ത വഞ്ചന തുടരുന്നു (വെളിപ്പാട് 20:2). എന്നാൽ യേശു വന്നത് “പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ്” (1 യോഹന്നാൻ 3:8), അവനിലൂടെ നാം ദൈവവുമായുള്ള ബന്ധത്തിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നു. ഒരു ദിവസം, അവൻ “എല്ലറ്റിനെയും പുതിയതാക്കും” (വെളിപ്പാട് 21:5).