വർഷങ്ങളായി, ജോൺ സഭയിൽ അസ്വസ്ഥനായിട്ടാണ് ഇരുന്നിരുന്നത്. അവൻ പെട്ടെന്നു കോപിക്കുന്നവനും എല്ലാം തന്റെയിഷ്ടത്തിനനുസരിച്ച് വേണമെന്ന് ആവശ്യപ്പെടുന്നവനും പലപ്പോഴും പരുഷ സ്വഭാവക്കാരനുമായിരുന്നു. തന്നെ നന്നായി “ശുശ്രൂഷിക്കുന്നില്ലെന്നും സന്നദ്ധപ്രവർത്തകരും ജീവനക്കാരും അവരുടെ ജോലി ചെയ്യുന്നില്ലെന്നും” അയാൾ നിരന്തരം പരാതിപ്പെട്ടു. അയാളെ, സത്യസന്ധമായി പറഞ്ഞാൽ, സ്നേഹിക്കാൻ ബുദ്ധിമുട്ടായിരുന്നു.
അതിനാൽ അയാൾ ക്യാൻസർ ബാധിതനാണെന്ന് കേട്ടപ്പോൾ, അയാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് ബുദ്ധിമുട്ടായി. അയാളുടെ പരുഷമായ വാക്കുകളുടെയും അസുഖകരമായ സ്വഭാവത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ സ്നേഹത്തിനായുള്ള യേശുവിന്റെ ആഹ്വാനത്തെ ഓർത്തുകൊണ്ട്, എല്ലാ ദിവസവും ജോണിനുവേണ്ടി ലളിതമായ ഒരു പ്രാർത്ഥന പ്രാർത്ഥിക്കാൻ ഞാൻ ശീലിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവന്റെ ഇഷ്ടപ്പെടാത്ത ഗുണങ്ങളെക്കുറിച്ച് ഞാൻ കുറച്ച് തവണ ചിന്തിക്കാൻ തുടങ്ങി. അയാൾ ശരിക്കും വേദനിക്കുന്നുണ്ടാകണം, ഞാൻ വിചാരിച്ചു. ഒരുപക്ഷേ താൻ നഷ്ടപ്പെട്ടവനാണെന്ന് അയാൾക്ക് ഇപ്പോൾ ശരിക്കും തോന്നുന്നുണ്ടാകും.
പ്രാർത്ഥന, നമ്മെയും നമ്മുടെ വികാരങ്ങളെയും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളെയും ദൈവത്തോട് തുറന്നുപറയുന്നതാണ്. അതിലേക്ക് പ്രവേശിക്കാനും അവന്റെ കാഴ്ചപ്പാട് അതിലേക്ക് കൊണ്ടുവരാനും അവനെ അനുവദിക്കുന്നു. പ്രാർത്ഥനയിൽ നമ്മുടെ ഇഷ്ടങ്ങളും വികാരങ്ങളും അവനു സമർപ്പിക്കുക എന്ന പ്രവൃത്തി, സാവധാനം എന്നാൽ ഉറപ്പായും നമ്മുടെ ഹൃദയങ്ങളെ മാറ്റാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നു. നമ്മുടെ ശത്രുക്കളെ സ്നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനവും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല: ‘നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ’ (ലൂക്കൊസ് 6:28).
ജോണിനെക്കുറിച്ച് നന്നായി ചിന്തിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുന്നു എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ആത്മാവിന്റെ സഹായത്തോടെ, ദൈവത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും ക്ഷമിക്കപ്പെടാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു വ്യക്തിയായി അയാളെ കാണാൻ ഞാൻ പഠിക്കുന്നു.
നിങ്ങളുടെ ജീവിതത്തിലെ സ്നേഹിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് വേണ്ടി പോലും പ്രാർത്ഥിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? അവർക്ക് വേണ്ടി നിങ്ങൾക്ക് എന്താണ് പ്രാർത്ഥിക്കാൻ കഴിയുക?
സ്നേഹമുള്ള ദൈവമേ, എന്നെ വേദനിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്തവരെക്കുറിച്ച് എനിക്ക് എങ്ങനെ തോന്നുന്നുവെന്ന് അങ്ങേയ്ക്കറിയാം. അങ്ങ് അവരെ സ്നേഹിക്കുന്നതിനാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ കൃപയുടെയും അനുകമ്പയുടെയും ഹൃദയം എനിക്ക് തരേണമേ.