ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടിൽ വെച്ച് തലകറക്കം എന്നെ ബാധിച്ചു. പടികൾ കറങ്ങുന്നതായി തോന്നിയതിനാൽ അമിതഭാരത്താൽ ഞാൻ കൈവരിയിൽ മുറുകെപ്പിടിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടുകയും കാലുകൾ വിറയ്ക്കുകയും ചെയ്തപ്പോൾ, ഞാൻ കൈവരിയോടു ചാരി. അതിന്റെ ബലത്തിന് നന്ദി പറഞ്ഞു. വൈദ്യപരിശോധനയിൽ എനിക്ക് അനീമിയ ഉണ്ടെന്ന് കണ്ടെത്തി. അതു ഗുരുതരമല്ലെങ്കിലും എന്റെ അവസ്ഥ പരിഹരിച്ചുവെങ്കിലും, ആ ദിവസം എനിക്ക് എത്രമാത്രം ബലഹീനത അനുഭവപ്പെട്ടുവെന്നത് ഞാൻ ഒരിക്കലും മറക്കില്ല.
അതുകൊണ്ടാണ് യേശുവിനെ തൊട്ട സ്ത്രീയെ ഞാൻ ബഹുമാനിക്കുന്നത്. അവൾ ബലഹീനമായ അവസ്ഥയിൽ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങുക മാത്രമല്ല, അവനെ സമീപിക്കാനുള്ള സാഹസത്തിൽ അവൾ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു (മത്തായി 9:20-22). അവൾക്ക് ഭയപ്പെടാൻ നല്ല കാരണമുണ്ടായിരുന്നു: യെഹൂദാ നിയമം അവളെ അശുദ്ധയായി മുദ്രകുത്തിയിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവളുടെ അശുദ്ധി തുറന്നുകാട്ടുന്നതിലൂടെ അവൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമായിരുന്നു (ലേവ്യാപുസ്തകം 15:25-27). പക്ഷേ അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്ന ചിന്ത അവളെ മുന്നോട്ട് നയിച്ചു. മത്തായി 9:21-ൽ ‘തൊടുക’ എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന് കേവലം സ്പർശനമല്ല, മറിച്ച് ‘മുറുകെ പിടിക്കുക’ അല്ലെങ്കിൽ ‘സ്വയം ബന്ധിപ്പിക്കുക’ എന്നതിന്റെ ശക്തമായ അർത്ഥമുണ്ട്. ആ സ്ത്രീ യേശുവിനെ മുറുകെ പിടിച്ചു. അവൻ അവളെ സുഖപ്പെടുത്തുമെന്ന് അവൾ വിശ്വസിച്ചു.
ആൾക്കൂട്ടത്തിനിടയിൽ, ഒരു സ്ത്രീയുടെ നിരാശാജനകമായ വിശ്വാസം യേശു കണ്ടു. നാമും വിശ്വാസത്താൽ സാഹസികമായി പുറപ്പെടുകയും നമ്മുടെ ആവശ്യങ്ങളിൽ ക്രിസ്തുവിനോട് പറ്റിനിൽക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ സ്വാഗതം ചെയ്യുകയും നമ്മുടെ സഹായത്തിനായി വരികയും ചെയ്യുന്നു. തിരസ്കരണത്തെയോ ശിക്ഷയെയോ ഭയപ്പെടാതെ നമുക്ക് നമ്മുടെ കഥ അവനോട് പറയാൻ കഴിയും. യേശു ഇന്ന് നമ്മോട് പറയുന്നു, “എന്നോട് പറ്റിനിൽക്കുക.”
എന്താണ് നിങ്ങൾക്ക് കഷ്ടപ്പാടും ഭയവും ഉണ്ടാക്കിയത്? സഹായത്തിനും രോഗശാന്തിക്കുമായി നിങ്ങൾ എന്തിലേക്കാണ് അല്ലെങ്കിൽ ആരിലേക്കാണ് തിരിഞ്ഞത്? ഇന്ന് നിങ്ങൾക്ക് എങ്ങനെ യേശുവിനോടു പറ്റിനിൽക്കാൻ കഴിയും?
പ്രിയ ദൈവമേ, അങ്ങയുടെ സ്നേഹത്തിന് നന്ദി. എനിക്ക് ലജ്ജയും ഭയവും തോന്നേണ്ടതില്ല. അങ്ങ് എന്നെ സ്വീകരിച്ച് അങ്ങയുടെ പൈതൽ എന്ന് വിളിക്കുന്നുവല്ലോ.