അവൻ പലതും നന്നായി ചെയ്തു, പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു. എല്ലാവരും അത് കണ്ടു. എന്നിട്ടും തന്റെ റോളിന്റെ ഭൂരിഭാഗവും നിറവേറ്റുന്നതിൽ അവൻ വളരെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നതിനാൽ, അവന്റെ കോപ പ്രശ്നം വേണ്ടത്ര അഭിസംബോധന ചെയ്യപ്പെട്ടില്ല. ആ വിഷയത്തിൽ ആരും അവനെ ഒരിക്കലും നേരിട്ട് അഭിമുഖീകരിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ, ഇത് വർഷങ്ങളായി നിരവധി ആളുകൾക്ക് പരിക്കേൽക്കുന്നതിൽ കലാശിച്ചു. അവസാനം, ഇത് ക്രിസ്തുവിലുള്ള ഈ സഹോദരനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സ്ഥാനത്ത് എത്തുന്നതിനെ തടഞ്ഞുകൊണ്ട് അകാലത്തിൽ വിരമിക്കേണ്ടിവന്നു. പണ്ടേ ഞാൻ അവനെ സ്നേഹത്തോടെ അഭിമുഖീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അതു സംഭവിക്കയില്ലായിരുന്നു.
ഉല്പത്തി 4-ൽ, സ്നേഹത്തിൽ ഒരാളുടെ പാപത്തെ അഭിമുഖീകരിക്കുക എന്നതിന്റെ പൂർണ്ണമായ ചിത്രം ദൈവം നൽകുന്നു. കയീൻ പ്രകോപിതനായി. ഒരു കർഷകനായിരുന്നതിനാൽ, “കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു” (വാ. 3). എന്നാൽ അവൻ കൊണ്ടുവന്നത് സ്വീകാര്യമല്ലെന്ന് ദൈവം വ്യക്തമാക്കി. കയീന്റെ വഴിപാട് നിരസിക്കപ്പെട്ടു, “കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി” (വാ.5). അതിനാൽ, ദൈവം അവനെ അഭിമുഖീകരിച്ച്, “നീ കോപിക്കുന്നതു എന്തിന്നു?” എന്ന് ചോദിച്ചു (വാ. 6). പിന്നീട് അവൻ കയീനോട് തന്റെ പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് നന്മ പിന്തുടരാൻ പറഞ്ഞു. ഖേദകരമെന്നു പറയട്ടെ, കയീൻ ദൈവത്തിന്റെ വാക്കുകൾ അവഗണിച്ചു, ഒരു ഭീകരമായ പ്രവൃത്തി ചെയ്തു (വാ. 8).
പാപപൂർണ്ണമായ പെരുമാറ്റങ്ങളിൽ നിന്ന് പിന്തിരിയാൻ നമുക്ക് മറ്റുള്ളവരെ നിർബന്ധിക്കാൻ കഴിയില്ലെങ്കിലും, നമുക്ക് അവരെ കരുണയോടെ നേരിടാൻ കഴിയും. നമുക്ക് “സ്നേഹത്തിൽ സത്യം സംസാരിക്കാൻ” കഴിയും, അങ്ങനെ നമ്മൾ രണ്ടുപേരും “കൂടുതൽ കൂടുതൽ ക്രിസ്തുവിനെപ്പോലെ” ആകും (എഫെസ്യർ 4:15). കൂടാതെ, ദൈവം നമ്മെകേൾക്കാൻ സഹായിക്കുന്നതനുസരിച്ച്, മറ്റുള്ളവരിൽ നിന്ന് സത്യത്തിന്റെ കഠിനമായ വാക്കുകൾ സ്വീകരിക്കാനും കഴിയും.
മറ്റുള്ളവരെ സ്നേഹത്തിൽ അഭിമുഖീകരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കഠിനവും എന്നാൽ സഹായകരവുമായ വാക്കുകൾ നിങ്ങൾ എങ്ങനെ സ്വീകരിക്കും?
പിതാവേ, മറ്റുള്ളവരെ സ്നേഹത്തിൽ അഭിമുഖീകരിക്കാനും കഠിനവും എന്നാൽ സത്യവുമായ വാക്കുകൾ കൃപയോടെ സ്വീകരിക്കാനും എന്നെ ധൈര്യപ്പെടുത്തണമേ.