“നിങ്ങളുടെ കാലിൽ ഒരു മുള്ള് തറച്ചിരിക്കുന്നു-അതുകൊണ്ടാണ് നിങ്ങൾ രാത്രിയിൽ ചിലപ്പോൾ കരയുന്നത്,” പതിനാലാം നൂറ്റാണ്ടിൽ സിയന്നയിലെ കാതറിൻ എഴുതി. അവൾ തുടർന്നു, “ഇത് പുറത്തെടുക്കാൻ കഴിയുന്ന ചിലർ ഈ ലോകത്തിലുണ്ട്. അതിനുള്ള വൈദഗ്ധ്യം അവർ [ദൈവത്തിൽ] നിന്ന് പഠിച്ചതാണ്.” ആ “വൈദഗ്ധ്യം” വളർത്തിയെടുക്കാൻ കാതറിൻ തന്റെ ജീവിതം സമർപ്പിച്ചു. മറ്റുള്ളവരുടെ വേദനയിൽ സഹാനുഭൂതിയും മനസ്സലിവും കാണിക്കാനുള്ള അവളുടെ ശ്രദ്ധേയമായ കഴിവിന്റെ പേരിൽ ഇന്നും അവൾ ഓർമ്മിക്കപ്പെടുന്നു.
നീക്കം ചെയ്യാൻ ആർദ്രതയും വൈദഗ്ധ്യവും ആവശ്യമായിരിക്കുന്ന ആഴത്തിൽ തറച്ച മുള്ളു പോലെയുള്ള വേദനയുടെ ആ ചിത്രം, നാം എത്രമാത്രം സങ്കീർണ്ണവും മുറിവേറ്റവരുമാണ് എന്നതിന്റെയും മറ്റുള്ളവരോടും നമ്മോടും യഥാർത്ഥ മനസ്സലിവു വളർത്തിയെടുക്കാൻ ആഴത്തിൽ കുഴിക്കേണ്ടതിന്റെ ആവശ്യകതയുടെയും ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ്.
അല്ലെങ്കിൽ, അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നതുപോലെ, യേശുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുന്നതിന് നല്ല ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളും ആവശ്യമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണിത് – അതിന് “അന്യോന്യം സമർപ്പിക്കണം” (റോമർ 12:10), “സന്തോഷിക്കണം” പ്രത്യാശിക്കണം, കഷ്ടതയിൽ സഹിഷ്ണുത കാണിക്കണം, പ്രാർത്ഥനയിൽ ഉറ്റിരിക്കണം” (വാ. 12). “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ” മാത്രമല്ല, “കരയുന്നവരോടുകൂടെ കരയുവാനും” (വാ. 15) സന്നദ്ധത ആവശ്യമാണ്. അതു നമ്മിൽനിന്നെല്ലാം ആവശ്യപ്പെടുന്നു. തകർന്ന ഒരു ലോകത്തിൽ, നാമാരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നില്ല – നമ്മിൽ ഓരോരുത്തരിലും മുറിവുകളും പാടുകളും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ നാം കണ്ടെത്തുന്ന സ്നേഹം അതിലും ആഴമുള്ളതാണ്; കരുണയുടെ തൈലം ഉപയോഗിച്ച് ആ മുള്ളുകൾ പുറത്തെടുക്കാൻ തക്ക ആർദ്രമായ സ്നേഹം, സുഹൃത്തിനെയും ശത്രുവിനെയും ആലിംഗനം ചെയ്യാൻ തയ്യാറാണ് (വാ. 14). നാം ഒരുമിച്ച് രോഗശാന്തി കണ്ടെത്തുക.
മനസ്സലിവിന്റെ രോഗസൗഖ്യശക്തി നിങ്ങൾ എപ്പോഴാണ് അനുഭവിച്ചിട്ടുള്ളത്? രോഗസൗഖ്യത്തിന്റെ ഒരു സമൂഹത്തെ നിങ്ങൾക്ക് എങ്ങനെ വളർത്തിയെടുക്കാൻ കഴിയും?
സ്നേഹവാനായ ദൈവമേ, അങ്ങയുടെ മനസ്സലിവിനു നന്ദി. അതുപോലെ മറ്റുള്ളവരെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.