“നിങ്ങളുടെ കാലിൽ ഒരു മുള്ള് തറച്ചിരിക്കുന്നു-അതുകൊണ്ടാണ് നിങ്ങൾ രാത്രിയിൽ ചിലപ്പോൾ കരയുന്നത്,” പതിനാലാം നൂറ്റാണ്ടിൽ സിയന്നയിലെ കാതറിൻ എഴുതി. അവൾ തുടർന്നു, “ഇത് പുറത്തെടുക്കാൻ കഴിയുന്ന ചിലർ ഈ ലോകത്തിലുണ്ട്. അതിനുള്ള വൈദഗ്ധ്യം അവർ [ദൈവത്തിൽ] നിന്ന് പഠിച്ചതാണ്.” ആ “വൈദഗ്ധ്യം” വളർത്തിയെടുക്കാൻ കാതറിൻ തന്റെ ജീവിതം സമർപ്പിച്ചു. മറ്റുള്ളവരുടെ വേദനയിൽ സഹാനുഭൂതിയും മനസ്സലിവും കാണിക്കാനുള്ള അവളുടെ ശ്രദ്ധേയമായ കഴിവിന്റെ പേരിൽ ഇന്നും അവൾ ഓർമ്മിക്കപ്പെടുന്നു.

നീക്കം ചെയ്യാൻ ആർദ്രതയും വൈദഗ്ധ്യവും ആവശ്യമായിരിക്കുന്ന ആഴത്തിൽ തറച്ച മുള്ളു പോലെയുള്ള വേദനയുടെ ആ ചിത്രം, നാം എത്രമാത്രം സങ്കീർണ്ണവും മുറിവേറ്റവരുമാണ് എന്നതിന്റെയും മറ്റുള്ളവരോടും നമ്മോടും യഥാർത്ഥ മനസ്സലിവു വളർത്തിയെടുക്കാൻ ആഴത്തിൽ കുഴിക്കേണ്ടതിന്റെ ആവശ്യകതയുടെയും ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ്.

അല്ലെങ്കിൽ, അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നതുപോലെ, യേശുവിനെപ്പോലെ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിന് നല്ല ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളും ആവശ്യമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണിത് – അതിന് “അന്യോന്യം സമർപ്പിക്കണം” (റോമർ 12:10), “സന്തോഷിക്കണം” പ്രത്യാശിക്കണം, കഷ്ടതയിൽ സഹിഷ്ണുത കാണിക്കണം, പ്രാർത്ഥനയിൽ ഉറ്റിരിക്കണം” (വാ. 12). “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ” മാത്രമല്ല, “കരയുന്നവരോടുകൂടെ കരയുവാനും” (വാ. 15) സന്നദ്ധത ആവശ്യമാണ്. അതു നമ്മിൽനിന്നെല്ലാം ആവശ്യപ്പെടുന്നു. തകർന്ന ഒരു ലോകത്തിൽ, നാമാരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നില്ല – നമ്മിൽ ഓരോരുത്തരിലും മുറിവുകളും പാടുകളും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ നാം കണ്ടെത്തുന്ന സ്‌നേഹം അതിലും ആഴമുള്ളതാണ്; കരുണയുടെ തൈലം ഉപയോഗിച്ച് ആ മുള്ളുകൾ പുറത്തെടുക്കാൻ തക്ക ആർദ്രമായ സ്‌നേഹം, സുഹൃത്തിനെയും ശത്രുവിനെയും ആലിംഗനം ചെയ്യാൻ തയ്യാറാണ് (വാ. 14). നാം ഒരുമിച്ച് രോഗശാന്തി കണ്ടെത്തുക.