എനിക്ക് രണ്ട് മരുന്നുകൾ അടിയന്തിരമായി ആവശ്യമായിരുന്നു. ഒന്ന് എന്റെ അമ്മയുടെ അലർജിക്കും മറ്റൊന്ന് എന്റെ മരുമകളുടെ എക്സിമയ്ക്കും വേണ്ടിയായിരുന്നു. അവരുടെ അസ്വസ്ഥത കൂടുതൽ വഷളായിക്കൊണ്ടിരുന്നു, പക്ഷേ മരുന്നുകൾ ഫാർമസികളിൽ ലഭ്യമല്ല. നിരാശനും നിസ്സഹായനുമായ ഞാൻ ആവർത്തിച്ച് പ്രാർത്ഥിച്ചു, കർത്താവേ, അവരെ സഹായിക്കേണമേ.
ആഴ്ചകൾക്ക് ശേഷം, അവരുടെ അവസ്ഥകൾ എനിക്കു കൈകാര്യം ചെയ്യാവുന്ന നിലയിലെത്തി. ദൈവം ഇങ്ങനെ പറയുന്നതായി തോന്നി: “രോഗശാന്തിക്കായി ഞാൻ മരുന്നുകൾ ഉപയോഗിക്കുന്ന സമയമാണിത്. എന്നാൽ മരുന്നുകൾ അന്തിമ വാക്ക് അല്ല; ഞാനാണ് അന്തിമ വാക്ക്. നിന്റെ വിശ്വാസം അവയിൽ അർപ്പിക്കരുത്, പകരം എന്നിലർപ്പിക്കുക.”
സങ്കീർത്തനം 20-ൽ ദാവീദ് രാജാവ് ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്വസിച്ചു. യിസ്രായേല്യർക്ക് ശക്തമായ ഒരു സൈന്യം ഉണ്ടായിരുന്നു, എന്നാൽ അവരുടെ ഏറ്റവും വലിയ ശക്തി “കർത്താവിന്റെ നാമത്തിൽ” നിന്നാണെന്ന് അവർക്ക് അറിയാമായിരുന്നു (വാ. 7). അവർ ദൈവനാമത്തിൽ – അവൻ ആരാണെന്നതിലും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തിലും പരാജയപ്പെടാത്ത വാഗ്ദാനങ്ങളിലും – ആശ്രയിച്ചു. എല്ലാ സാഹചര്യങ്ങളിലും പരമാധികാരിയും ശക്തനുമായവൻ അവരുടെ പ്രാർത്ഥന കേൾക്കുകയും ശത്രുക്കളിൽ നിന്ന് അവരെ വിടുവിക്കുകയും ചെയ്യുമെന്ന സത്യം അവർ മുറുകെപ്പിടിച്ചു (വാ. 6).
നമ്മെ സഹായിക്കാൻ ദൈവം ഈ ലോകത്തിലെ വിഭവങ്ങൾ ഉപയോഗിക്കുമെങ്കിലും, ആത്യന്തികമായി, നമ്മുടെ പ്രശ്നങ്ങൾക്കെതിരായ വിജയം അവനിൽ നിന്നാണ് വരുന്നത്. അവൻ നമുക്ക് ഒരു പരിഹാരമോ സഹിച്ചുനിൽക്കാനുള്ള കൃപയോ നൽകിയാലും, താൻ ആരാണെന്ന് അവൻ പറയുന്നാേ അതെല്ലാം അവൻ നമുക്ക് ആയിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. നമ്മുടെ പ്രശ്നങ്ങളിൽ നാം തളർന്നുപോകേണ്ടതില്ല, പകരം അവന്റെ പ്രത്യാശയോടും സമാധാനത്തോടും കൂടി നമുക്ക് അവയെ നേരിടാൻ കഴിയും.
നിങ്ങളുടെ വ്യക്തിപരമായ പോരാട്ടങ്ങളിൽ, എവിടെയാണ് അല്ലെങ്കിൽ എന്തിലാണ് നിങ്ങൾ വിശ്വാസം അർപ്പിക്കുന്നത്? ദൈവനാമത്തിൽ ആശ്രയിക്കുന്നത് ഈ വെല്ലുവിളികളെ നിങ്ങൾ നേരിടുന്ന രീതിയെ എങ്ങനെ മാറ്റിമറിച്ചേക്കാം?
സ്വർഗ്ഗീയ പിതാവേ, അങ്ങയിൽ ആശ്രയിക്കാൻ എനിക്ക് ധൈര്യം നൽകണമേ. അങ്ങെനിക്കു വാഗ്ദാനം ചെയ്യുന്നത് അങ്ങയെത്തന്നെയാണ് എന്നു വിശ്വസിക്കാൻ എന്നെ സഹായിക്കണമേ.