വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ കുടുംബം, നാല് സംസ്ഥാനങ്ങൾ ഒരു സ്ഥലത്ത് ഒത്തുചേരുന്ന അമേരിക്കയിലെ ഒരേയൊരു സ്ഥലമായ ഫോർ കോർണേഴ്‌സ് സന്ദർശിച്ചിരുന്നു. അരിസോണ എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത്‌ എന്റെ ഭർത്താവ് നിന്നു. ഞങ്ങളുടെ മൂത്ത മകൻ എജെ യൂട്ടായിലേക്ക് ചാടി. ഞങ്ങളുടെ ഇളയ മകൻ സേവ്യർ എന്റെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ കൊളറാഡോയിലേക്ക് കാലെടുത്തുവെച്ചു. ഞാൻ ന്യൂ മെക്‌സിക്കോയിലേക്ക് നീങ്ങിയപ്പോൾ സേവ്യർ പറഞ്ഞു, ”അമ്മേ, അമ്മ എന്നെ കൊളറാഡോയിൽ ഉപേക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!” ഞങ്ങളുടെ ചിരി നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ കേൾക്കുമ്പോൾ തന്നെ ഞങ്ങൾ ഒരേസമയം ഒരുമിച്ചും അകന്നും ഇരിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മുതിർന്ന മക്കൾ വീടുവിട്ടുപോയതിനാൽ, അവർ പോകുന്നിടത്തെല്ലാം, തന്റെ എല്ലാ ജനങ്ങളോടും താൻ അടുത്തിരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് എനിക്ക് ആഴമായ വിശ്വാസമുണ്ട്.

മോശയുടെ മരണശേഷം, ദൈവം യോശുവായെ നേതൃസ്ഥാനത്തേക്ക് വിളിക്കുകയും യിസ്രായേലിനു ദേശം കൈവശമാക്കാൻ പോകുമ്പോൾ അവന്റെ സാന്നിധ്യം ഉറപ്പുനൽകുകയും ചെയ്തു (യോശുവ 1:1-4). ദൈവം അരുളിച്ചെയ്തത്, ”ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല” (വാ. 5). തന്റെ ജനത്തിന്റെ പുതിയ നേതാവെന്ന നിലയിൽ യോശുവ സംശയത്തോടും ഭയത്തോടും പോരാടേണ്ടിവരുമെന്ന് അറിയാമായിരുന്ന ദൈവം ഈ വാക്കുകളിലൂടെ പ്രത്യാശയുടെ ഒരു അടിത്തറ പണിതു: ”നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ” (വാ. 9).

ദൈവം നമ്മെ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരെ എവിടേക്ക് നയിച്ചാലും, പ്രയാസകരമായ സമയങ്ങളിൽ പോലും, അവന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത അവൻ എപ്പോഴും സന്നിഹിതനാണെന്ന് നമുക്ക് ഉറപ്പുനൽകുന്നു.