സെയ്ന്റ് നിക്കോളാസ് (സെയ്ന്റ് നിക്ക്) എന്നറിയപ്പെടുന്ന വ്യക്തി ഏകദേശം എ.ഡി. 270 -ൽ ഒരു സമ്പന്ന ഗ്രീക്ക് കുടുംബത്തിലാണ് ജനിച്ചത്. നിർഭാഗ്യമെന്നു പറയട്ടെ, അവൻ ബാലനായിരുന്നപ്പോൾ അവന്റെ മാതാപിതാക്കൾ മരിച്ചു, തുടർന്ന് അവനെ സ്‌നേഹിക്കുകയും ദൈവത്തെ അനുഗമിക്കാൻ പഠിപ്പിക്കുകയും ചെയ്ത അമ്മാവനോടൊപ്പം അവൻ ജീവിച്ചു. നിക്കോളാസ് ചെറുപ്പമായിരുന്നപ്പോൾ, സ്ത്രീധനം കൊടുക്കാൻ നിർവാഹമില്ലാത്തിനാൽ വിവാഹിതരാകാൻ കഴിയാത്ത മൂന്ന് സഹോദരിമാരെ കുറിച്ച് അവൻ കേട്ടു. അവർ അധികം താമസിയാതെ  അനാഥരാകുമെന്നും അറിഞ്ഞു. ആവശ്യത്തിലിരിക്കുന്നവർക്ക് നൽകുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ പിന്തുടരാൻ ആഗ്രഹിച്ചുകൊണ്ട്, അവൻ തന്റെ അവകാശ സ്വത്ത് വിറ്റ് സഹോദരിമാർ ഓരോരുത്തർക്കും സ്വർണ്ണ നാണയങ്ങളുടെ ഓരോ കിഴി സമ്മാനിച്ചു. ബാക്കി പണം ദരിദ്രർക്ക് ഭക്ഷണം നൽകാനും മറ്റുള്ളവരെ പരിപാലിക്കാനും നിക്കോളാസ് നൽകി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ, നിക്കോളാസ് തന്റെ ഔദാര്യത്തിന്റെ പേരിൽ ആദരിക്കപ്പെട്ടു, കൂടാതെ സാന്താക്ലോസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കഥയിൽ നിന്നുരുത്തിരിഞ്ഞതാണെന്നും പറയപ്പെടുന്നു. 

ക്രിസ്തുമസ് സീസണിലെ തിളക്കവും പരസ്യവും നമ്മുടെ ആഘോഷങ്ങൾക്ക് ഭീഷണിയാകുമെങ്കിലും, സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം നിക്കോളാസുമായി ബന്ധിപ്പെട്ടിരിക്കുന്നു. അവന്റെ ഔദാര്യം യേശുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ക്രിസ്തു സങ്കൽപ്പിക്കാനാവാത്ത ഔദാര്യം നടപ്പാക്കി, ഏറ്റവും അഗാധമായ സമ്മാനം കൊണ്ടുവന്നു എന്ന് നിക്കോളാസിന് അറിയാമായിരുന്നു – അതായത് “ദൈവം നമ്മോടുകൂടെ’’ ആയ യേശു (മത്തായി 1:23). അവൻ നമുക്ക് ജീവന്റെ സമ്മാനം കൊണ്ടുവന്നു. മരണത്തിന്റെ ലോകത്തിൽ, അവൻ ”തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കുന്നു” (വാ. 21)

നാം യേശുവിൽ വിശ്വസിക്കുമ്പോൾ, ത്യാഗപരമായ ഔദാര്യം വെളിപ്പെടുന്നു. നാം മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഔദാര്യം കാണിക്കുന്നു, ദൈവം നമുക്കുവേണ്ടി നൽകുന്നതുപോലെ നാം മറ്റുള്ളവർക്കും സന്തോഷത്തോടെ നൽകുന്നു. ഇത് സെയ്ന്റ് നിക്കിന്റെ കഥയാണ്; എന്നാൽ അതിലുപരിയായി ഇത് ദൈവത്തിന്റെ കഥയാണ്.