എലൻ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു, അതിനാൽ ഒരു ക്രിസ്മസ് ബോണസ് ലഭിച്ചപ്പോൾ അവൾ സന്തോഷിച്ചു. അത് അവളുടെ ആവശ്യത്തിനു മതിയായിരുന്നു. പക്ഷേ പണം നിക്ഷേപിച്ചപ്പോൾ അവൾക്ക് മറ്റൊരു അത്ഭുതം ലഭിച്ചു. ക്രിസ്മസ് സമ്മാനമായി ബാങ്ക് ജനുവരിയിലെ ലോൺ പേയ്‌മെന്റ് അവളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കാഷ്യർ പറഞ്ഞു. ഇപ്പോൾ അവൾക്കും ട്രെയ്ക്കും മറ്റ് ബില്ലുകൾ അടയ്ക്കാനും ക്രിസ്മസ് സർപ്രൈസ് നൽകി മറ്റൊരാളെ അനുഗ്രഹിക്കാനും കഴിയും!

നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായി നമ്മെ അനുഗ്രഹിക്കുന്നതിനുള്ള ഒരു മാർഗം ദൈവത്തിനുണ്ട്. നൊവൊമി തന്റെ ഭർത്താവിന്റെയും മക്കളുടെയും മരണത്താൽ കയ്‌പേറിയവളും തകർന്നവളുമായിരുന്നു (രൂത്ത് 1:20-21). അവളുടെ നിരാശാജനകമായ സാഹചര്യത്തിൽനിന്നും ബോവസ് അവളെ രക്ഷിച്ചു, അവളുടെ മരുമകളെ വിവാഹം കഴിച്ചു, അവൾക്കും നവോമിക്കും ഒരു ഭവനം നൽകി (4:10).

നൊവൊമിക്ക് പ്രതീക്ഷിക്കാവുന്നത് അതായിരുന്നു. എന്നാൽ പിന്നീട് ദൈവം രൂത്തിനെയും ബോവസിനെയും ഒരു മകനെ നൽകി അനുഗ്രഹിച്ചു. ഇപ്പോൾ നൊവൊമിക്ക് “ആശ്വാസപ്രദനും [അവളുടെ] വാർദ്ധക്യത്തിങ്കൽ പോഷകനും’’ ആയ ഒരു മകനുണ്ടായിരിക്കുന്നു (വാ. 15). അവൾക്കത് മതിയായിരുന്നു. ബെത്‌ലഹേമിലെ സ്ത്രീകൾ പറഞ്ഞതുപോലെ, ”നൊവൊമിക്കു ഒരു മകൻ ജനിച്ചു!” (വാ. 17). അങ്ങനെ “ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവായി’’ (വാ. 17) ചെറിയ ഓബേദ് വളർന്നു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജവംശമായ യിസ്രായേലിന്റെ രാജവംശത്തിൽപ്പെട്ടവരായിരുന്നു നൊവൊമിയുടെ കുടുംബം! അത് മതിയാകുമായിരുന്നു. എന്നിരുന്നാലും, ദാവീദ് യേശുവിന്റെ പൂർവ്വികനായി.

നാം ക്രിസ്തുവിൽ വിശ്വസിക്കുന്നുവെങ്കിൽ, നാമും നൊവൊമിക്ക് സമാനമായ സ്ഥാനത്താണ്. അവൻ നമ്മെ വീണ്ടെടുക്കുന്നതുവരെ നമുക്കൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ അനുഗ്രഹിക്കാൻ നമ്മെ അനുഗ്രഹിക്കുന്ന നമ്മുടെ പിതാവിനാൽ ഇപ്പോൾ നാം പൂർണ്ണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് നമ്മുടെ ആവശ്യത്തേക്കാൾ വളരെ കൂടുതലാണ്.