ദാരിദ്ര്യത്തിലും വേദനയിലും ആണ് ആനി വളർന്നത്. അവളുടെ രണ്ട് സഹോദരങ്ങൾ ശൈശവത്തിൽ മരിച്ചു. അഞ്ചാം വയസ്സിൽ, നേത്രരോഗം അവളെ ഭാഗികമായി അന്ധയാക്കി, എഴുതാനും വായിക്കാനും കഴിയാതെ വന്നു. ആനിക്ക് എട്ട് വയസ്സുള്ളപ്പോൾ അവളുടെ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. താമസിയാതെ, മോശമായി പെരുമാറുന്ന അവളുടെ പിതാവ് ജീവിച്ചിരിക്കുന്ന മൂന്ന് മക്കളെ ഉപേക്ഷിച്ചുപോയി. ഇളയവനെ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ അയച്ചു, എന്നാൽ ആനിയും അവളുടെ സഹോദരൻ ജിമ്മിയും സർക്കാർ നടത്തുന്ന അനാഥാലയത്തിലേക്ക് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം ജിമ്മി മരിച്ചു.
പതിനാലാമത്തെ വയസ്സിൽ, ആനിയുടെ സാഹചര്യങ്ങൾ പ്രകാശമാനമായി. അവളെ അന്ധർക്കുള്ള ഒരു സ്കൂളിലേക്ക് അയച്ചു, അവിടെ അവളുടെ കാഴ്ച മെച്ചപ്പെടുത്താൻ ശസ്ത്രക്രിയ നടത്തി, അവൾ വായിക്കാനും എഴുതാനും പഠിച്ചു. അവൾ പൊരുത്തപ്പെടാൻ പാടുപെട്ടെങ്കിലും, അവൾ പഠനത്തിൽ മികവ് പുലർത്തുകയും വാലെഡിക്റ്റോറിയൻ ബിരുദം നേടുകയും ചെയ്തു. ഹെലൻ കെല്ലറുടെ അധ്യാപികയും കൂട്ടാളിയുമായ ആനി സള്ളിവൻ എന്ന നിലയിലാണ് ഇന്ന് നാം അവളെ നന്നായി അറിയുന്നത്. പ്രയത്നം, ക്ഷമ, സ്നേഹം എന്നിവയിലൂടെ ആനി അന്ധയും ബധിരയുമായ ഹെലനെ സംസാരിക്കാനും ബ്രെയിൽ വായിക്കാനും കോളേജിൽ നിന്ന് ബിരുദം നേടാനും പഠിപ്പിച്ചു.
യോസേഫിനും അങ്ങേയറ്റത്തെ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിവന്നു: പതിനേഴാം വയസ്സിൽ, അസൂയാലുക്കളായ സഹോദരന്മാർ അവനെ അടിമയായി വിറ്റു, പിന്നീട് തെറ്റായി കുറ്റം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടു (ഉല്പത്തി 37; 39-41). എങ്കിലും മിസ്രീമിനെയും തന്റെ കുടുംബത്തെയും ക്ഷാമത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (50:20).
നാമെല്ലാവരും പരീക്ഷണങ്ങളും പ്രശ്നങ്ങളും നേരിടുന്നു. എന്നാൽ അതിജീവിക്കാനും മറ്റുള്ളവരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാനും ദൈവം യോസേഫിനെയും ആനിയെയും സഹായിച്ചതുപോലെ, അവന് നമ്മെ സഹായിക്കാനും ഉപയോഗിക്കാനും കഴിയും. സഹായത്തിനും മാർഗ്ഗദർശനത്തിനും വേണ്ടി അവനെ അന്വേഷിക്കുക. അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു.
ഒരു പരീക്ഷണത്തിൽ ദൈവം നിങ്ങളെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്? മറ്റൊരാളെ അവരുടെ പോരാട്ടത്തിൽ സഹായിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?
പ്രിയ ദൈവമേ, അങ്ങേയ്ക്കു നന്ദി! ഒരു പരിശോധനയിലൂടെ കടന്നുപോകാൻ അങ്ങ് എന്നെ സഹായിച്ചു. മറ്റുള്ളവർക്ക് ഒരു സഹായിയാകാൻ എന്നെ സഹായിക്കണമേ.