ബഹാമാസിന്റെ തെക്കുഭാഗത്തായി റാഗഡ് ഐലൻഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടെ സജീവമായ ഒരു ഉപ്പ് വ്യവസായം ഉണ്ടായിരുന്നു, എന്നാൽ ആ വ്യവസായത്തിന്റെ ഇടിവ് കാരണം നിരവധി ആളുകൾ അടുത്തുള്ള ദ്വീപുകളിലേക്ക് കുടിയേറി. 2016-ൽ, എൺപതിലധികം ആളുകൾ അവിടെ താമസിച്ചിരുന്നപ്പോൾ, ദ്വീപിൽ മൂന്ന് മതവിഭാഗങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ആളുകൾ എല്ലാ ആഴ്ചയും ആരാധനയ്ക്കും കൂട്ടായ്മയ്ക്കുമായി ഒരിടത്ത് ഒത്തുകൂടി. വളരെ കുറച്ച് താമസക്കാർ മാത്രം ഉള്ളതിനാൽ, അവർക്ക് സാമൂഹികബോധം വളരെ പ്രധാനമായിരുന്നു.
ആദിമ സഭയിലെ ജനങ്ങൾക്ക് ഒന്നിച്ചുകൂടാനുള്ള നിർണ്ണായകമായ ആവശ്യവും ആഗ്രഹവും തോന്നി. യേശുവിന്റെ മരണവും പുനരുത്ഥാനവും വഴി സാധ്യമായതും, തങ്ങൾ പുതുതായി കണ്ടെത്തിയതുമായ വിശ്വാസത്തെക്കുറിച്ച് അവർ ആവേശഭരിതരായിരുന്നു. എന്നാൽ അവൻ ശാരീരികമായി അവരോടൊപ്പമില്ലെന്ന് അവർക്കറിയാമായിരുന്നു, അതിനാൽ അവർക്ക് പരസ്പരം ആവശ്യമാണെന്ന് അവർ മനസ്സിലാക്കി. അവർ അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകൾക്കും കൂട്ടായ്മയ്ക്കുമായി ഒരുമിച്ചു കൂടി (പ്രവൃത്തികൾ 2:42). അവർ ആരാധനയ്ക്കും ഭക്ഷണത്തിനുമായി വീടുകളിൽ ഒത്തുകൂടി, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി കരുതി. അപ്പൊസ്തല പ്രവൃത്തികൾ സഭയെ വിവരിച്ചത് ഇങ്ങനെയാണ്: “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു’’ (4:32). പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവർ ദൈവത്തെ നിരന്തരം സ്തുതിക്കുകയും പ്രാർത്ഥനയിൽ സഭയുടെ ആവശ്യങ്ങൾ ദൈവസന്നിധിയിലേക്ക് എത്തിക്കുകയും ചെയ്തു.
നമ്മുടെ വളർച്ചയ്ക്കും പിന്തുണയ്ക്കും സമൂഹം അത്യന്താപേക്ഷിതമാണ്. ഒറ്റയ്ക്ക് പോകാൻ ശ്രമിക്കരുത്. നിങ്ങളുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും മറ്റുള്ളവരുമായി പങ്കിടുകയും ഒരുമിച്ച് അവനോട് അടുക്കുകയും ചെയ്യുമ്പോൾ ദൈവം ആ സാമൂഹികബോധം വികസിപ്പിക്കും.
സഹവിശ്വാസികളോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് എങ്ങനെ പ്രതിജ്ഞാബദ്ധരാകാം? എവിടെ, എപ്പോൾ നിങ്ങൾ അത് ചെയ്യും?
ദൈവമേ, അങ്ങേയ്ക്കായി പൂർണ്ണമായ ജീവിതം നയിക്കാൻ എന്നെ സഹായിക്കാൻ എനിക്ക് അങ്ങയും അങ്ങയുടെ ജനവും വേണം.