ഒരു തപാൽ ജീവനക്കാരി തന്റെ ഉപഭോക്താക്കളിൽ ഒരാളുടെ മെയിൽ കുമിഞ്ഞുകൂടുന്നത് കണ്ട് ആശങ്കാകുലയായി. പ്രായമായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്നും എല്ലാ ദിവസവും അവളുടെ തപാൽ എടുക്കാറുണ്ടെന്നും തപാൽ ജീവനക്കാരിക്ക് അറിയാമായിരുന്നു. ബുദ്ധിപൂർവ്വം പ്രവർത്തിച്ചുകൊണ്ട് ആ സ്ത്രീയുടെ അയൽക്കാരിൽ ഒരാളോട് ആ അവൾ തന്റെ ആശങ്ക പറഞ്ഞു. ഈ അയൽക്കാരൻ, സ്ത്രീയുടെ വീടിന്റെ മറ്റൊരു താക്കോൽ കൈവശം ഉണ്ടായിരുന്ന മറ്റൊരു അയൽവാസിയെ വിവരം അറിയിച്ചു, അവർ ഒരുമിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ അവൾ തറയിൽ കിടക്കുന്നതായി കണ്ടു. നാല് ദിവസം മുമ്പ് അവൾ തറയിൽ വീണു, എഴുന്നേൽക്കാനോ സഹായത്തിനായി വിളിക്കാനോ കഴിഞ്ഞില്ല. തപാൽ ജീവനക്കാരിയുടെ വിവേകവും ഉത്കണ്ഠയും പ്രവർത്തിക്കാനുള്ള തീരുമാനവും അവളുടെ ജീവൻ രക്ഷിച്ചു.
സദൃശവാക്യങ്ങൾ പറയുന്നു, “ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു’’ (11:30). ശരി ചെയ്യുന്നതിൽ നിന്നും ദൈവത്തിന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കുന്നതിൽനിന്നും ലഭിക്കുന്ന വിവേചനബുദ്ധി നമ്മെ മാത്രമല്ല, നാം കണ്ടുമുട്ടുന്നവരെയും അനുഗ്രഹിക്കും. അവനെയും അവന്റെ വഴികളെയും ബഹുമാനിക്കുന്ന വിധത്തിൽ ജീവിക്കുന്നതിന്റെ ഫലം നല്ലതും ഉന്മേഷദായകവുമായ ഒരു ജീവിതമാണ്. ആ ഫലം മറ്റുള്ളവരെക്കുറിച്ച് കരുതാനും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.
സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ പുസ്തകത്തിലുടനീളം ഉറപ്പിച്ചുപറയുന്നതുപോലെ, ദൈവത്തിൽ ആശ്രയിക്കുന്നതാണ് ജ്ഞാനം. ജ്ഞാനം “മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല’’ (8:11). ദൈവം നൽകുന്ന ജ്ഞാനം നമ്മുടെ ജീവിതത്തിലുടനീളം നമ്മെ നയിക്കും. അത് നിത്യതയിലേക്ക് ഒരു ജീവനെ നേടും.
ഇന്ന് ഒരാളെ സഹായിക്കാൻ നിങ്ങൾക്ക് എങ്ങനെ ജ്ഞാനം ഉപയോഗിക്കാം? നിങ്ങൾ ജ്ഞാനത്തെ എത്രമാത്രം വിലമതിക്കുന്നു?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ പാതയും മാർഗ്ഗനിർദേശങ്ങളും പിന്തുടരാൻ എനിക്ക് ജ്ഞാനം നൽകണമേ. അങ്ങ് എന്നെ നയിക്കുന്നതുപോലെ മറ്റുള്ളവരെ കരുതാൻ എന്നെ സഹായിക്കണമേ.