ക്രിസ്തുമ സ് ദിനത്തിന്റെ എല്ലാ സന്തോഷത്തിനും ശേഷം, അടുത്ത ദിവസം ഒരു നിരാശ പോലെ തോന്നി. ഞങ്ങൾ രാത്രി മുഴുവനും സുഹൃത്തുക്കളോടൊപ്പമായിരുന്നു, പക്ഷേ നന്നായി ഉറങ്ങിയിരുന്നില്ല. തുടർന്ന് വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങളുടെ കാർ കേടായി. പിന്നെ മഞ്ഞു പെയ്യാൻ തുടങ്ങി. ഞങ്ങൾ കാർ ഉപേക്ഷിച്ച്, ടാക്‌സിയിൽ വീട്ടിലേക്ക് പോയി.

ക്രിസ്തുമ സ് ദിനത്തിന് ശേഷം നമ്മൾ മാത്രമല്ല നിരാശ അനുഭവിക്കുന്നത്. അമിതമായ ഭക്ഷണം കൊണ്ടോ, റേഡിയോയിൽ നിന്ന് കരോളുകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന രീതിയിലോ, കഴിഞ്ഞ ആഴ്ച വാങ്ങിയ സമ്മാനങ്ങൾക്ക് ഇപ്പോൾ പകുതി വിലയായത് മനസ്സിലാക്കിയോ, ക്രിസ്തുമസ് ദിനത്തിന്റെ മാന്ത്രികത പെട്ടെന്ന് അപ്രത്യക്ഷമാകും!

യേശുവിന്റെ ജനനത്തിനു ശേഷമുള്ള ദിവസത്തെക്കുറിച്ച് ബൈബിൾ ഒരിക്കലും പറയുന്നില്ല. പക്ഷേ, ബെത്‌ലഹേമിലേക്കുള്ള നടപ്പും താമസസൗകര്യത്തിനായുള്ള അലച്ചിലും മറിയയുടെ പ്രസവ വേദനയും, മുൻകൂട്ടി പറയാതെയുള്ള ആട്ടിടയന്മാരുടെ സന്ദർശനവും എല്ലാം നിമിത്തം (ലൂക്കൊ. 2:4-18) മറിയയും യോസേഫും തളർന്നുപോയതായി നമുക്ക് ഊഹിക്കാം. എന്നിട്ടും മറിയ തന്റെ നവജാതശിശുവിനെ തൊട്ടിലിൽ കിടത്തുമ്പോൾ, ദൂതന്മാരുടെ സന്ദർശനം (1:30-33), എലിശബേത്തിന്റെ അനുഗ്രഹം (വാ. 42-45), അവളുടെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള അവളുടെ സ്വന്തം തിരിച്ചറിവ് (വാ. 46-55) എന്നിവയെക്കുറിച്ച് അവൾ ചിന്തിക്കുന്നതായി എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. മറിയ അത്തരം കാര്യങ്ങൾ അവളുടെ ഹൃദയത്തിൽ “ധ്യാനിച്ചു’’ (2:19), അത് അന്നത്തെ ക്ഷീണവും ശാരീരിക വേദനയും ലഘൂകരിച്ചിരിക്കണം.

നമുക്കെല്ലാവർക്കും “നിരാശ’’ ദിവസങ്ങൾ ഉണ്ടാകും, ഒരുപക്ഷേ ക്രിസ്തുമസിന് ശേഷമുള്ള ദിവസം പോലും അങ്ങനെയാകാം. മറിയയെപ്പോലെ, നമ്മുടെ ലോകത്തിലേക്ക് വന്നവനെ ധ്യാനിച്ചുകൊണ്ട് നമുക്ക് അവയെ അഭിമുഖീകരിക്കാം, അവന്റെ സാന്നിധ്യത്താൽ ദിവസത്തെ എന്നേക്കുമായി പ്രകാശിപ്പിക്കുക.