1957 ജനുവരിയിൽ ഒരു ബോംബ് സ്ഫോടനം തന്റെ ഭവനത്തെ പിടിച്ചുകുലുക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനുണ്ടായ ഒരു അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭീഷണിപ്പെടുത്തുന്ന ഒരു ഫോൺ കോൾ ലഭിച്ചതിന് ശേഷം, പൗരാവകാശ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് കിംഗ് ചിന്തിച്ചു. അപ്പോൾ അവന്റെ ആത്മാവിൽ നിന്ന് പ്രാർത്ഥനകൾ ഉയർന്നു. ”ഞാൻ ഇവിടെ ശരിയാണെന്ന് വിശ്വസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു. എനിക്ക് ഒന്നും അവശേഷിക്കുന്നില്ല. ഒറ്റയ്ക്ക് നേരിടാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എത്തിയിരിക്കുന്നു.” അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ശാന്തമായ ഉറപ്പ് ലഭിച്ചു. കിംഗ് കുറിച്ചു, ”ഏതാണ്ട് പെട്ടെന്ന് എന്റെ ഭയം നീങ്ങിത്തുടങ്ങി. എന്റെ അനിശ്ചിതത്വം അപ്രത്യക്ഷമായി. എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു.”
യോഹന്നാൻ 12-ൽ, “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു’’ (വാ. 27) എന്ന് യേശു സമ്മതിച്ചു. അവൻ തന്റെ ആന്തരിക അവസ്ഥയെക്കുറിച്ച് സുതാര്യമാംവിധം സത്യസന്ധനായിരുന്നു; അപ്പോഴും അവൻ തന്റെ പ്രാർത്ഥനയിൽ ദൈവകേന്ദ്രീകൃതനായിരുന്നു. “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ!’’ (വാ. 28). യേശുവിന്റെ പ്രാർത്ഥന ദൈവഹിതത്തിനു കീഴടങ്ങലായിരുന്നു.
ദൈവത്തെ ബഹുമാനിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനു മുമ്പിൽ നാം എത്തുമ്പോൾ ഭയത്തിന്റെയും അസ്വസ്ഥതയുടെയും വേദന അനുഭവപ്പെടുന്നത് തികച്ചും മനുഷ്യത്വമാണ്. ബന്ധങ്ങൾ, ശീലങ്ങൾ അല്ലെങ്കിൽ മറ്റ് മാതൃകകൾ (നല്ലതോ ചീത്തയോ) സംബന്ധിച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ. നമുക്ക് എന്ത് നേരിടേണ്ടി വന്നാലും, ധൈര്യത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഭയത്തെയും അസ്വസ്ഥതകളെയും തരണം ചെയ്യാനും അവനു മഹത്വം നൽകുന്ന കാര്യങ്ങൾ – നമ്മുടെ നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി – ചെയ്യാനും അവൻ നമുക്ക് ശക്തി നൽകും.
ദൈവത്തിനു ബഹുമാനം ലഭിക്കാനുള്ള പ്രാർത്ഥനകൾ നടത്താൻ ഏതൊക്കെ അനുഭവങ്ങളാണ് നിങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്? അത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന മറ്റുള്ളവർക്ക് നിങ്ങൾ എന്ത് ഉപദേശം നൽകും?
പിതാവേ, വെല്ലുവിളികളെ സത്യസന്ധമായും പ്രാർത്ഥനയോടെയും നേരിടാൻ എന്നെ സഹായിക്കണമേ, അത് എന്റെ നന്മയ്ക്കായിരിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്യും.