പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്കോട്ടീഷ് പാസ്റ്റർ തോമസ് ചാമേഴ്സ്, പർവ്വത പ്രദേശത്തുകൂടി കുതിരവണ്ടിയിൽ സഞ്ചരിച്ച അനുഭവം ഒരിക്കൽ പറയുകയുണ്ടായി. കിഴുക്കാന്തൂക്കായ മലയുടെ ചരിവിലുള്ള ഇടുങ്ങിയതും കല്ലുകൾ നിറഞ്ഞതുമായ പാതയിലൂടെ കുതിരകൾ വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. പെട്ടെന്ന് കുതിരകളിലൊന്ന് ഭയന്നു. വണ്ടി ഗർത്തത്തിലേക്കു പതിക്കുമെന്നു ഭയന്ന വണ്ടിക്കാരൻ തന്റെ ചാട്ട ആഞ്ഞടിക്കാൻ തുടങ്ങി. ഒടുവിൽ അപകടമേഖല തരണം ചെയ്തശേഷം, എന്തിനാണ് അത്രയും ശക്തിയിൽ ചാട്ട ആഞ്ഞടിച്ചതെന്ന് ചാമേഴ്സ് വണ്ടിക്കാരനോടു ചോദിച്ചു. ‘കുതിരകൾക്ക് ചിന്തിക്കാൻ മറ്റെന്തെങ്കിലും കൊടുക്കണമായിരുന്നു” അയാൾ പറഞ്ഞു. ‘എനിക്കവയുടെ ശ്രദ്ധ പിടിച്ചുപറ്റണമായിരുന്നു.”
ഭീഷണികളും അപകടങ്ങളും നമുക്കുചുറ്റും ആർത്തിരമ്പുന്ന ഒരു ലോകത്തിൽ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റാൻ മറ്റെന്തെങ്കിലും നമുക്കെല്ലാം ആവശ്യമാണ്. എന്നിരുന്നാലും കേവലം മാനസികമായ ശ്രദ്ധതിരിക്കലിനെക്കാൾ – ഒരുതരം മനഃശാസ്ത്രപരമായ സൂത്രപ്പണിയെക്കാൾ – കൂടുതലായ ഒന്നാണു നമുക്കു വേണ്ടത്. നമ്മുടെ സകല ഭയങ്ങളെക്കാളും കൂടുതൽ ശക്തമായ ഒരു യാഥാർത്ഥ്യവുമായി നമ്മുടെ മനസ്സിനെ ഉറപ്പിക്കുകയാണ് നമുക്കാവശ്യം. ‘സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3) എന്ന് യെഹൂദ്യയിലെ ദൈവജനത്തോട് യെശയ്യാവ് പറഞ്ഞതുപോലെ, ദൈവത്തിൽ നമ്മുടെ മനസ്സുറപ്പിക്കുകയാണ് നമുക്ക് യഥാർത്ഥത്തിൽ വേണ്ടത്. ‘യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കാൻ” (വാ. 4) നമുക്കു കഴിയും.
സമാധാനം – ദൈവത്തിൽ നോട്ടം ഉറപ്പിക്കുന്നവർക്കു ലഭിക്കുന്ന ദാനമാണത്. നമ്മുടെ ഏറ്റവും ഭയാനകമായ ചിന്തകളെ അടക്കിനിർത്തുന്ന കേവലം ഒരു ടെക്നിക്കിനെക്കാൾ ഉന്നതമായ ഒന്നാണ് അവന്റെ സമാധാനം നമുക്കു നൽകുന്നത്. തങ്ങളുടെ ഭാവിയെയും തങ്ങളുടെ പ്രതീക്ഷകളെയും തങ്ങളുടെ ഉത്ക്കണ്ഠകളെയും ദൈവമുമ്പാകെ സമർപ്പിക്കുന്നവർക്ക് അവർക്കു ലഭിക്കാവുന്നതിലേക്കും ഏറ്റവും പുതിയ ജീവിതപാത ആത്മാവ് ഒരുക്കിക്കൊടുക്കും.
നിങ്ങൾ സാധാരണയായി എവിടെയാണ് നിങ്ങളുടെ നോട്ടം ഉറപ്പിക്കുന്നത്? നിങ്ങൾക്കെങ്ങനെ ദൈവത്തിലുള്ള നിങ്ങളുടെ നോട്ടം പുതുക്കാനാകും?
പ്രിയ ദൈവമേ, എന്റെ മനസ്സ് ഒരു ഭീതിതമായ സ്ഥലമാണ്, ഞാൻ വളരെയധികം ഭയപ്പെടുന്നു. ദയവായി അങ്ങയുടെ സമാധാനം എനിക്കു നൽകിയാലും.