1929-ലും 2008-ലും ലോക സമ്പദ്വ്യവസ്ഥയെ തകർത്തത് പോലുള്ള സാമ്പത്തിക പിഴവുകൾ ഭാവിയിൽ ഒഴിവാക്കാൻ, സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ ലൈബ്രറി ഓഫ് മിസ്ടേക്ക്സ് സ്ഥാപിച്ചു. അടുത്ത തലമുറയിലെ സാമ്പത്തിക വിദഗ്ധരെ ബോധവത്കരിക്കാൻ സഹായിക്കുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ശേഖരം ഇതിലുണ്ട്. ലൈബ്രറിയുടെ ക്യൂറേറ്റർമാർ പറയുന്നതനുസരിച്ച്, “മിടുക്കരായ ആളുകൾ തുടർച്ചയായി മണ്ടത്തരങ്ങൾ ചെയ്യുന്നത് എങ്ങനെ” എന്നതിന്റെ ഉത്തമ ഉദാഹരണമായി ഇത് പ്രവർത്തിക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കുക എന്നതാണ് ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഏക മാർഗമെന്ന് ക്യൂറേറ്റർമാർ വിശ്വസിക്കുന്നു.
പ്രലോഭനങ്ങൾക്ക് വഴങ്ങാതിരിക്കാനും ശക്തമായ ആത്മീയ ജീവിതം നയിക്കാനുമുള്ള ഒരു മാർഗ്ഗം, കഴിഞ്ഞകാല ദൈവജനത്തിന്റെ തെറ്റുകളിൽ നിന്ന് പഠിക്കുക എന്നതാണ് എന്ന് പൗലോസ് കൊരിന്ത്യരെ ഓർമിപ്പിച്ചു. അതുകൊണ്ട് അവർ തങ്ങളുടെ ആത്മീയ പദവിയിൽ അമിത ആത്മവിശ്വാസം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ, പുരാതന യിസ്രായേലിന്റെ പരാജയങ്ങൾ ജ്ഞാനം നേടുന്നതിനുള്ള ഒരു ഉദാഹരണമായി അപ്പോസ്തലൻ ഉപയോഗിച്ചു. വിഗ്രഹാരാധനയിൽ ഏർപ്പെട്ട യിസ്രായേല്യർ, “ലൈംഗിക അധാർമികത” തിരഞ്ഞെടുത്തു, ദൈവത്തിന്റെ പദ്ധതികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് പിറുപിറുത്തു, അവന്റെ നേതാക്കൾക്കെതിരെ മത്സരിച്ചു. അവരുടെ പാപം നിമിത്തം അവർ അവന്റെ ശിക്ഷണം അനുഭവിച്ചു (1 കൊരിന്ത്യർ 10:7-10). യിസ്രായേലിന്റെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ യേശുവിൽ വിശ്വസിക്കുന്നവരെ സഹായിക്കാൻ പൗലോസ് ഈ ചരിത്രപരമായ “ഉദാഹരണങ്ങൾ” തിരുവെഴുത്തുകളിൽ നിന്ന് അവതരിപ്പിച്ചു (വാക്യം 11).
ദൈവത്തിന്റെ സഹായത്താൽ, നമ്മുടെ തെറ്റുകളിൽ നിന്നും, മറ്റുള്ളവർ ചെയ്ത തെറ്റുകളിൽ നിന്നും നമുക്ക് പഠിക്കാം, അങ്ങനെ നമുക്ക് അവനുവേണ്ടി അനുസരണമുള്ള ഒരു ഹൃദയം നേടാം.
പാപം ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ നാം എന്ത് മുന്നറിയിപ്പാണ് ഓർക്കേണ്ടത്? നമ്മുടെയും മറ്റുള്ളവരുടെയും തെറ്റുകളിൽ നിന്ന് നമുക്ക് എങ്ങനെ പഠിക്കാം?
പ്രിയപ്പെട്ട ദൈവമേ, പരാജയങ്ങളിൽ നിന്ന് പഠിച്ച് അങ്ങയോട് കൂടുതൽ അനുസരണമുള്ളവനായിരിക്കാൻ എന്നെ സഹായിക്കേണമേ.