വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപ്പറ ഓർക്കസ്ട്രയിലെ പ്രധാന ട്രംപറ്റ് വായിക്കുന്ന ആളുടെ ജോലിക്കായി ജൂലി ലാൻഡ്സ്മാൻ ഓഡിഷൻ നടത്തി. വിധികർത്താക്കളുടെ മുൻവിധി ഒഴിവാക്കാൻ MET എന്ന ഈ സംഗീത സ്ഥാപനം ഉദ്യോഗാർത്ഥികളെ ഒരു സ്ക്രീനിന് പിന്നിൽ ഇരുത്തിയാണ് ഓഡിഷനുകൾ നടത്തിയത്. ലാൻഡ്സ്മാൻ അവളുടെ ഓഡിഷനിൽ മികച്ച പ്രകടനം നടത്തുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ അവൾ സ്ക്രീനിന്റെ പിന്നിൽ നിന്ന് ഇറങ്ങിവന്നപ്പോൾ, ചില പുരുഷ ജഡ്ജിമാർ മുറിയുടെ പിൻഭാഗത്തേക്ക് നടന്ന് അവളുടെ നേരെ പുറം തിരിഞ്ഞു. വാസ്തവത്തിൽ അവർ മറ്റൊരാളെയാണ് പ്രതീക്ഷിച്ചിരുന്നത്.
യിസ്രായേല്യർ ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾ, ദൈവം അത് ഉൾക്കൊള്ളുകയും മറ്റ് ജാതികൾക്കുള്ളതുപോലെ പ്രൗഢിയുള്ള ഒരു മനുഷ്യനെ അവർക്ക് നൽകുകയും ചെയ്തു (1ശമൂവേൽ 8:5; 9:2). എന്നാൽ രാജാവെന്ന നിലയിലുള്ള ശൗലിന്റെ ആദ്യ വർഷങ്ങളിൽ വിശ്വാസരാഹിത്യവും അനുസരണക്കേടും കാണിച്ചതിനാൽ, ഒരു പുതിയ രാജാവിനെ അഭിഷേകം ചെയ്യാൻ ദൈവം ശമൂവേലിനെ ബെത്ലഹേമിലേക്ക് അയച്ചു (16:1-13). മൂത്തമകനായ എലീയാബ് കാഴ്ചയിൽ മതിപ്പ് തോന്നുന്നവനായതുകൊണ്ട് ദൈവം അവനെ രാജാവായി തിരഞ്ഞെടുത്തുവെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം ശമൂവേലിന്റെ മനോഭാവത്തെ ചോദ്യം ചെയ്തു: “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” (വാക്യം 7). ദൈവം തന്റെ ജനത്തെ നയിക്കാൻ ദാവീദിനെ തിരഞ്ഞെടുത്തു (വാക്യം 12).
ആളുകളുടെ കഴിവും യോഗ്യതയും വിലയിരുത്തുമ്പോൾ, ആ വ്യക്തിയുടെ സ്വഭാവം, ആഗ്രഹം, ഉദ്ദേശ്യങ്ങൾ എന്നിവയാണ് ദൈവം നോക്കുന്നത്. ദൈവത്തിന്റെ വീക്ഷണത്തിലൂടെ ലോകത്തെയും ആളുകളെയും കാണുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു—ബാഹ്യരൂപത്തിലോ യോഗ്യതയിലോ അല്ല, ഹൃദയങ്ങളിലാണ് നോക്കേണ്ടത്.
വ്യക്തിപരമായ മുൻവിധികളുടെ അടിസ്ഥാനത്തിൽ ഒരാളെ വിധിക്കരുത് എന്ന് പറയുന്നതിന്റെ കാരണം എന്ത്? നിങ്ങളുടെ ഹൃദയം ദൈവത്തിനായി സമർപ്പിക്കുവാൻ എങ്ങനെ സാധിക്കും?
പ്രിയ ദൈവമേ, ആളുകളെ, അവരുടെ ബാഹ്യരൂപത്തെ അടിസ്ഥാനമാക്കി വിലയിരുത്താതിരിക്കാൻ എന്നെ സഹായിക്കേണമേ.