ഞാൻ പഠിപ്പിക്കുന്ന ഒരു കോളേജ് ക്ലാസ്സിലെ ഒരു കെട്ട് പേപ്പറുകൾക്ക് മാർക്കിടുമ്പോൾ, ഒരു പ്രത്യേക പേപ്പർ എന്നെ ആകർഷിച്ചു. അത് വളരെ നന്നായി എഴുതിയിരുന്നു! എന്നിരുന്നാലും, അത്രയും നന്നായി എഴുതുവാൻ സാധ്യമല്ല എന്ന് ഞാൻ മനസ്സിലാക്കി. തീർച്ചയായും, അത് ഒരു ഓൺലൈൻ വെബ് സൈറ്റിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് അൽപ്പം ഗവേഷണത്തിലൂടെ ഞാൻ കണ്ടെത്തി.
അവളുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് അറിയിക്കാൻ ഞാൻ ആ വിദ്യാർത്ഥിനിക്ക് ഒരു ഇമെയിൽ അയച്ചു. അവൾക്ക് ഈ പേപ്പറിന്റെ മാർക്ക് പൂജ്യമാണ്. പക്ഷേ ഭാഗികമായ ക്രെഡിറ്റിനായി അവൾക്ക് ഒരു പുതിയ പേപ്പർ എഴുതാം. അവളുടെ പ്രതികരണം: “ഞാൻ നാണം കെട്ടുപോയി, ക്ഷമിക്കണം. സാർ എന്നോട് കാണിക്കുന്ന കൃപയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അത് അർഹിക്കുന്നില്ല.” നമുക്കെല്ലാവർക്കും എല്ലാ ദിവസവും യേശുവിന്റെ കൃപ ലഭിക്കുന്നുണ്ട്, അതിനാൽ അവൾക്ക് ഞാൻ എങ്ങനെ കൃപ നിഷേധിക്കും എന്ന് ഞാൻ അവളോട് പറഞ്ഞു.
പല വിധത്തിൽ ദൈവത്തിന്റെ കൃപ നമ്മുടെ ജീവിതത്തെ നന്നാക്കുകയും, തെറ്റുകളിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. അത് രക്ഷ നൽകുന്നുവെന്ന് പത്രോസ് പറയുന്നു: “കര്ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ …” (പ്രവൃത്തികൾ 15:11). പാപത്തിൽ അകപ്പെടാതിരിക്കാൻ ഇത് നമ്മെ സഹായിക്കുന്നു എന്ന് പൗലോസ് പറയുന്നു: “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.” (റോമർ 6:14). മറ്റൊരിടത്ത്, കൃപ നമ്മെ ശുശ്രൂഷിക്കാൻ അനുവദിക്കുന്നുവെന്ന് പത്രോസ് പറയുന്നു: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ … ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.” (1 പത്രോസ് 4:10).
കൃപ. ദൈവം തികച്ചും സൗജന്യമായി നൽകിയിരിക്കുന്നു. (എഫേസ്യർ 4:7). മറ്റുള്ളവരെ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്ക് ഈ ദാനം ഉപയോഗിക്കാം.
നിങ്ങളുടെ ജീവിതത്തിൽ ദൈവകൃപ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എപ്പോഴാണ്? ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരോട് അത്ഭുതകരമായ കൃപ കാണിക്കാൻ കഴിയുന്ന രണ്ട് വഴികൾ ഏതൊക്കെയാണ്?
സ്വർഗ്ഗസ്ഥനായ പിതാവേ, മറ്റുള്ളവരുമായുള്ള എന്റെ ഇടപെടലുകളിൽ അങ്ങയുടെ കൃപ പങ്കുവയ്ക്കാൻ എന്നെ സഹായിക്കണമേ.