ഇനി മുൻവിധിയില്ല
വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപ്പറ ഓർക്കസ്ട്രയിലെ പ്രധാന ട്രംപറ്റ് വായിക്കുന്ന ആളുടെ ജോലിക്കായി ജൂലി ലാൻഡ്സ്മാൻ ഓഡിഷൻ നടത്തി. വിധികർത്താക്കളുടെ മുൻവിധി ഒഴിവാക്കാൻ MET എന്ന ഈ സംഗീത സ്ഥാപനം ഉദ്യോഗാർത്ഥികളെ ഒരു സ്ക്രീനിന് പിന്നിൽ ഇരുത്തിയാണ് ഓഡിഷനുകൾ നടത്തിയത്. ലാൻഡ്സ്മാൻ അവളുടെ ഓഡിഷനിൽ മികച്ച പ്രകടനം നടത്തുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ അവൾ സ്ക്രീനിന്റെ പിന്നിൽ നിന്ന് ഇറങ്ങിവന്നപ്പോൾ, ചില പുരുഷ ജഡ്ജിമാർ മുറിയുടെ പിൻഭാഗത്തേക്ക് നടന്ന് അവളുടെ നേരെ പുറം തിരിഞ്ഞു. വാസ്തവത്തിൽ അവർ മറ്റൊരാളെയാണ് പ്രതീക്ഷിച്ചിരുന്നത്.
യിസ്രായേല്യർ ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾ, ദൈവം അത് ഉൾക്കൊള്ളുകയും മറ്റ് ജാതികൾക്കുള്ളതുപോലെ പ്രൗഢിയുള്ള ഒരു മനുഷ്യനെ അവർക്ക് നൽകുകയും ചെയ്തു (1ശമൂവേൽ 8:5; 9:2). എന്നാൽ രാജാവെന്ന നിലയിലുള്ള ശൗലിന്റെ ആദ്യ വർഷങ്ങളിൽ വിശ്വാസരാഹിത്യവും അനുസരണക്കേടും കാണിച്ചതിനാൽ, ഒരു പുതിയ രാജാവിനെ അഭിഷേകം ചെയ്യാൻ ദൈവം ശമൂവേലിനെ ബെത്ലഹേമിലേക്ക് അയച്ചു (16:1-13). മൂത്തമകനായ എലീയാബ് കാഴ്ചയിൽ മതിപ്പ് തോന്നുന്നവനായതുകൊണ്ട് ദൈവം അവനെ രാജാവായി തിരഞ്ഞെടുത്തുവെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം ശമൂവേലിന്റെ മനോഭാവത്തെ ചോദ്യം ചെയ്തു: "മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു" (വാക്യം 7). ദൈവം തന്റെ ജനത്തെ നയിക്കാൻ ദാവീദിനെ തിരഞ്ഞെടുത്തു (വാക്യം 12).
ആളുകളുടെ കഴിവും യോഗ്യതയും വിലയിരുത്തുമ്പോൾ, ആ വ്യക്തിയുടെ സ്വഭാവം, ആഗ്രഹം, ഉദ്ദേശ്യങ്ങൾ എന്നിവയാണ് ദൈവം നോക്കുന്നത്. ദൈവത്തിന്റെ വീക്ഷണത്തിലൂടെ ലോകത്തെയും ആളുകളെയും കാണുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു—ബാഹ്യരൂപത്തിലോ യോഗ്യതയിലോ അല്ല, ഹൃദയങ്ങളിലാണ് നോക്കേണ്ടത്.
വിചിത്രമായ സ്ഥലങ്ങൾ
ദൈവമേ, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇത് ശരിക്കും ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ പദ്ധതിയാണോ?
ഭർത്താവും, കൊച്ചുകുട്ടികളുടെ പിതാവും എന്ന നിലയിൽ, എനിക്ക് ഗുരുതരമായ ക്യാൻസർ രോഗമുണ്ടെന്നറിഞ്ഞപ്പോൾ ഇതുപോലെ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഇരച്ചുകയറി വന്നു. എന്തിനധികം, ഞങ്ങളുടെ കുടുംബം ഒരു മിഷൻ ടീമിനൊപ്പം പ്രവർത്തിച്ച് നിരവധി കുട്ടികൾ യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നത് കണ്ടതേയുള്ളൂ. ദൈവം ഞങ്ങളുടെ വേലയ്ക്ക് നല്ല ഫലം തന്നുകൊണ്ടിരുന്നതാണ്. ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ എന്താണ് ഇങ്ങനെ?
സ്നേഹമുള്ള ഒരു വീട്ടിൽ നിന്ന് പറിച്ചെടുത്ത് വിചിത്രമായ ഒരു പുതിയ ലോകത്തേക്ക് തള്ളപ്പെട്ടതിന് ശേഷം എസ്ഥേർ ചോദ്യങ്ങളും, പ്രാർത്ഥനകളും ദൈവസന്നിധിയിൽ ചൊരിഞ്ഞിട്ടുണ്ടായിരിക്കാം (എസ്ഥേർ 2:8). അവളുടെ ബന്ധുവായ മൊർദ്ദെഖായി അവളെ അനാഥയായ ശേഷം സ്വന്തം മകളായി വളർത്തി (വാക്യം 7). എന്നാൽ പിന്നീട് അവളെ ഒരു രാജാവിന്റെ അന്തഃപുരത്തിൽ പാർപ്പിക്കുകയും ഒടുവിൽ രാജ്ഞിയായി ഉയർത്തുകയും ചെയ്തു (വാക്യം 17). എസ്ഥേറിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് മൊർദ്ദെഖായിക്ക് സ്വാഭാവികമായും കരുതൽ ഉണ്ടായിരുന്നു (വാ. 11). എന്നാൽ കാലക്രമേണ, ദൈവം അവളെ “ഇങ്ങനെയുള്ളോരു കാലത്തേക്ക്” (4:14) ഒരു വലിയ ശക്തിയുടെ സ്ഥലത്തായിരിക്കാൻ വിളിച്ചതായി ഇരുവരും മനസ്സിലാക്കി. അവളുടെ ജനത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ആ അധികാരസ്ഥാനം കൊണ്ട് അവൾക്ക് സാധിച്ചു (അദ്ധ്യായം 7 – 8).
ദൈവം തന്റെ വിശിഷ്ടമായ പദ്ധതിയുടെ ഭാഗമായി എസ്ഥേറിനെ ഒരു വിചിത്രമായ സ്ഥലത്ത് പ്രതിഷ്ഠിച്ചുവെന്ന് വ്യക്തമാണ്. അവൻ എന്നോടും അതുതന്നെ ചെയ്തു. കാൻസറുമായി നീണ്ട പോരാട്ടം സഹിച്ചപ്പോൾ, അനേകം രോഗികളുമായും, പരിചരിക്കുന്നവരുമായും എന്റെ വിശ്വാസം പങ്കിടാനുള്ള പദവി എനിക്ക് ലഭിച്ചു. ഏത് വിചിത്രമായ സ്ഥലത്തേക്കാണ് അവൻ നിങ്ങളെ നയിച്ചത്? അവനിൽ ആശ്രയിക്കുക. അവൻ നല്ലവനാണ്, അവന്റെ പദ്ധതികളും നല്ലതാണ്. (റോമർ 11:33-36).
കേൾക്കാൻ വേഗത
ഒരു പ്രിയ സുഹൃത്ത് എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കാൻ ഞാൻ വായ തുറക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതായി എനിക്ക് തോന്നി. ഞാൻ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് അവൾ സൂചിപ്പിച്ചതുപോലെ അവളുമായി ഒരു ബന്ധവുമില്ല. പക്ഷേ മറുപടി പറയുന്നതിന് മുമ്പ് ഞാൻ ഒരു പ്രാർത്ഥന മന്ത്രിച്ചു. അവൾ പറയുന്നതും അവളുടെ വാക്കുകളിലെ വേദനയും കേട്ട് ഞാൻ ശാന്തയായി. അത് വിചാരിച്ചതിനേക്കാൾ ആഴത്തിൽ ഉള്ളതാണെന്ന് വ്യക്തമായിരുന്നു. എന്റെ സുഹൃത്ത് വേദനിക്കുകയായിരുന്നു, അവളുടെ വേദനയെ നേരിടാൻ അവളെ സഹായിക്കാൻ ഞാൻ തീരുമാനിച്ചതിനാൽ, എന്നെത്തന്നെ പ്രതിരോധിക്കാനുള്ള എന്റെ ആവശ്യം ഇല്ലാതായി.
ഈ സംഭാഷണത്തിനിടയിൽ, യാക്കോബ് ഇന്നത്തെ തിരുവെഴുത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി, "കേൾപ്പാൻ വേഗതയും പറവാൻ താമസവും" ഉള്ളവർ ആയിരിക്കുവാൻ യാക്കോബ് നമ്മെ പ്രോത്സാഹിപ്പിച്ചു (1:19). വാക്കുകൾക്ക് പിന്നിലുള്ളത് എന്താണെന്ന് കേൾക്കാനും "ദൈവം ആഗ്രഹിക്കുന്ന നീതിയെ പ്രവർത്തിക്കാത്ത" കോപം ഒഴിവാക്കാനും ശ്രവണം നമ്മെ സഹായിക്കും (വാ. 20). പറയുന്ന വ്യക്തിയുടെ ഹൃദയം കേൾക്കാൻ അതു നമ്മെ അനുവദിക്കുന്നു. ഞാൻ പ്രാർത്ഥിച്ചത് എന്റെ സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിൽ എന്നെ വളരെയധികം സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. എനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ, അവളുടെ വാക്കുകൾ കേൾക്കുവാനും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ഞാൻ പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ, ഞാൻ എന്റെ മനസിലുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും, ഞാൻ എത്രമാത്രം അസ്വസ്ഥയാണെന്ന് അറിയിക്കുകയും ചെയ്യുമായിരുന്നു.
യാക്കോബ് വിവരിക്കുന്ന നിർദ്ദേശങ്ങൾ ഞാൻ എല്ലായ്പ്പോഴും ശരിയായി അനുസരിച്ചിട്ടില്ലെങ്കിലും, ആ ദിവസം ഞാൻ അനുസരിച്ചുവെന്ന് ഞാൻ കരുതുന്നു. കോപവും കുറ്റബോധവും എന്നെ പിടിക്കാൻ അനുവദിക്കുന്നതിനുമുമ്പ് ഒരു പ്രാർത്ഥന മന്ത്രിച്ചത് വേഗത്തിൽ കേൾക്കാനും സാവധാനം സംസാരിക്കാനുമുള്ള മുഖാന്തിരമായി. ഇതു കൂടുതൽ പ്രാവശ്യം ചെയ്യാനുള്ള ജ്ഞാനം ദൈവം എനിക്കു തരണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. (സദൃശവാക്യങ്ങൾ 19:11).
അവശിഷ്ടത്തിൽ നിന്ന് സൗന്ദര്യത്തിലേക്ക്
എന്റെ ഭാര്യ മിസ്കയ്ക്ക് എത്യോപ്യയിൽ നിന്നുള്ള ഒരു നെക്ലേസും കാതിലണിയുന്ന റിങ്ങും ഉണ്ട്. അവയുടെ ഗംഭീരമായ ലാളിത്യം, തനതായ കലാചാതുര്യം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ആഭരണങ്ങളുടെ കഥയാണ് ഏറ്റവും വിസ്മയിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി രൂക്ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം കാരണം, എത്യോപ്യയുടെ മണ്ണ്, പീരങ്കിയുണ്ടയുടെയും വെടിയുണ്ടയുടെയും അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ ഒരു പ്രവൃത്തിയെന്ന നിലയിൽ, എത്യോപ്യക്കാർ കത്തിക്കരിഞ്ഞ സ്ഥലങ്ങൾ അടിച്ചുവാരുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കരകൗശല വിദഗ്ധർ വെടിയുണ്ടയുടെ പുറംതോട് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കുന്നു.
ഈ കഥ കേട്ടപ്പോൾ, ദൈവത്തിന്റെ വാഗ്ദത്തം ധൈര്യത്തോടെ പ്രഖ്യാപിക്കുന്ന മീഖായുടെ വാക്കുകളുടെ പ്രതിധ്വനികൾ ഞാൻ കേട്ടു. ഒരു ദിവസം, പ്രവാചകൻ പ്രഖ്യാപിച്ചു, "അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;" (4:3). കൊല്ലാനും, അംഗഭംഗം വരുത്താനുമുള്ള ഉപകരണങ്ങൾ, ദൈവത്തിന്റെ ശക്തമായ പ്രവർത്തനം നിമിത്തം, ജീവനെ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി രൂപാന്തരപ്പെടും. ദൈവത്തിന്റെ വരാനിരിക്കുന്ന ദിവസത്തിൽ, "ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല." (വാക്യം 3).
മീഖായുടെ പ്രഖ്യാപനം അന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. പുരാതന ഇസ്രായേലിനെപ്പോലെ, നമ്മളും അക്രമത്തെയും യുദ്ധത്തെയും അഭിമുഖീകരിക്കുന്നു. ലോകത്തെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് തോന്നുന്നു. എന്നാൽ തന്റെ കാരുണ്യത്താലും സൗഖ്യത്താലും ഈ വിസ്മയകരമായ ദിവസം വരുമെന്ന് ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ, ഈ സത്യം ഇപ്പോൾത്തന്നെ പ്രാവർത്തികമാക്കാൻ തുടങ്ങുക എന്നതാണ് നമ്മുടെ കാര്യം. അവശിഷ്ടങ്ങളെ മനോഹരമായ വസ്തുക്കളാക്കി മാറ്റിക്കൊണ്ട് ഇപ്പോൾത്തന്നെ അവന്റെ ജോലി ഏറ്റെടുക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.
ശരിയായ കേന്ദ്രബിന്ദു
ഒരു വർഷത്തിലേറെയായി ഞങ്ങൾക്ക് ഖായെ അറിയാം. ദൈവത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ആഴ്ചതോറും കൂടുന്ന പള്ളിയിൽ നിന്നുള്ള ഞങ്ങളുടെ ചെറിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സായാഹ്നത്തിൽ ഞങ്ങളുടെ പതിവ് മീറ്റിംഗിൽ, അദ്ദേഹം ഒളിമ്പിക്സിൽ പങ്കെടുത്തതിനെക്കുറിച്ച് ഒരു പരാമർശം നടത്തി. പരാമർശം വളരെ സാധാരണമായിരുന്നു, അത് എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. ഇതാ, വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുത്ത ഒരു ഒളിമ്പ്യനെ എനിക്ക് അറിയാമെന്ന് ഞാൻ മനസ്സിലാക്കി! അദ്ദേഹം ഇത് മുമ്പ് പരാമർശിച്ചിട്ടില്ലെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല, പക്ഷേ ഖായെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കായിക നേട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗമാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സമൂഹം, അദ്ദേഹത്തിന്റെ വിശ്വാസം എന്നിവയായിരുന്നു തനിക്ക് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ.
ലൂക്കോസ് 10:1-23-ലെ കഥ നമ്മുടെ വ്യക്തിത്വത്തിന്റെ കേന്ദ്രം എന്തായിരിക്കണമെന്ന് വിവരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ യേശു അയച്ച എഴുപത്തിരണ്ട് പേർ അവരുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, "നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു" (വാക്യം 17) എന്ന് അവർ അവനോട് അറിയിച്ചു. താൻ അവർക്ക് വലിയ ശക്തിയും സംരക്ഷണവും നൽകിയിട്ടുണ്ടെന്ന് യേശു പറഞ്ഞപ്പോൾത്തന്നെ, അവർ തെറ്റായ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവൻ പറഞ്ഞു. "നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ" സന്തോഷിക്കേണ്ടത് എന്ന് യേശു ഊന്നിപ്പറഞ്ഞു. (വാക്യം 20).
ദൈവം നമുക്ക് നൽകിയിട്ടുള്ള നേട്ടങ്ങളും കഴിവുകളും എന്തൊക്കെ ആയിരുന്നാലും, നമ്മുടെ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണം, നാം യേശുവിൽ നമ്മെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതത്തിൽ അവന്റെ ദൈനംദിന സാന്നിധ്യം നാം ആസ്വദിക്കുന്നു എന്നതാണ്.