“എന്റെ വിശ്വാസം എവിടെ? അവിടെ അന്ധകാരവും ശൂന്യതയും അല്ലാതെ മറ്റൊന്നും ഇല്ല…. ദൈവമുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ.”
ആ വാക്കുകളുടെ രചയിതാവ് ആരെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം: മദർ തെരേസ. പ്രിയപ്പെട്ടവളും, ഇന്ത്യയിലെ കൽക്കത്തയിലെ പാവപ്പെട്ടവരുടെ അശ്രാന്തസേവക എന്ന നിലയിൽ പ്രശസ്തയുമായ മദർ തെരേസ അഞ്ച് പതിറ്റാണ്ടുകൾ തന്റെ വിശ്വാസത്തിനുവേണ്ടി നിശബ്ദമായി ഒരു തീവ്രമായ യുദ്ധം നടത്തി. 1997-ൽ അവരുടെ മരണശേഷം, അവരുടെ ഡയറിയിലെ ചില ഭാഗങ്ങൾ കം ബി മൈ ലൈറ്റ് എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ആ പോരാട്ടം വെളിച്ചത്തു വന്നത്.
നമുക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ദൈവം അവിടെ ഇല്ലെന്ന് തോന്നുമ്പോൾ നമ്മൾ എന്തു ചെയ്യണം? ചില വിശ്വാസികൾ ആ സമയങ്ങളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ വിഷമിച്ചേക്കാം. എന്നാൽ, വിശ്വസ്തരായ പല ക്രിസ്തീയ വിശ്വാസികളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അത്തരം സംശയങ്ങളിലൂടെ കടന്നു പോകാൻ ഇടയുണ്ട്.
വിശ്വാസവും, വിശ്വാസമില്ലായ്മയും പ്രകടിപ്പിക്കുന്ന മനോഹരവും വിരോധാഭാസരൂപത്തിലുള്ളതുമായ ഒരു പ്രാർത്ഥന തിരുവെഴുത്ത് നമുക്ക് നൽകിയതിൽ ഞാൻ നന്ദിയുള്ളവനാണ്. മർക്കൊസ് 9-ൽ, കുട്ടിക്കാലം മുതൽ ദുരാത്മാവിനാൽ പീഢിപ്പിക്കപ്പെട്ടിരുന്ന ഒരു ബാലന്റെ പിതാവിനെ യേശു കണ്ടുമുട്ടുന്നു. (വാ 21). മനുഷ്യന് വിശ്വാസം ഉണ്ടായിരിക്കണമെന്ന് യേശു പറഞ്ഞു. “വിശ്വസിക്കുന്നവനു സകലതും കഴിയും” (വാക്യം 23). ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ!” എന്നു നിലവിളിച്ചു പറഞ്ഞു.(വാ. 24).
ഈ സത്യസന്ധവും ഹൃദയംഗമവുമായ അപേക്ഷ, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും നാം കടന്നുപോകുന്ന ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ താഴ്വരകൾക്കിടയിൽ നമ്മെ ഉറച്ചുനിർത്താനും കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, സംശയത്തോടെ പോരാടുന്ന നമ്മെ ദൈവത്തിന് സമർപ്പിക്കാൻ ക്ഷണിക്കുന്നു.
നിങ്ങളുടെ ആത്മീയ യാത്രയിൽ എപ്പോഴാണ് നിങ്ങൾ സംശയവുമായി മല്ലിട്ടിട്ടുള്ളത്? ഏതെല്ലാം ആത്മീയ കാര്യങ്ങളാണ് വിശ്വാസം നിലനിർത്താൻ നിങ്ങളെ സഹായിച്ചത്?
പ്രിയപ്പെട്ട പിതാവേ, ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്. അങ്ങയുടെ സാന്നിധ്യം അനുഭവിക്കാൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ എന്നെ സഹായിക്കേണമേ.