ഒരുമിച്ചായിരിക്കുന്നതാണ് നല്ലത്
ഒരു ഫോട്ടോഗ്രാഫർ വർഷങ്ങളോളം സ്റ്റാർലിങ്ങുകളുടെയും (ഇരുണ്ട നിറമുള്ള ഒരു ചെറിയ പക്ഷി), അവയുടെ 'മർമറേഷൻസ്' എന്ന് വിളിക്കപ്പെടുന്ന, ആകാശത്ത് ഒരുമിച്ചുള്ള പറക്കലിന്റെയും ദൃശ്യവിസ്മയങ്ങൾ ക്യാമറയിൽ പകർത്തി. അതിൽ ആയിരക്കണക്കിന് സ്റ്റാർലിങ്ങുകൾ ഒരുമിച്ച് ആകാശത്ത് ഒഴുകിനീങ്ങുന്നതുപോലെ പറക്കുന്നു. ഈ അത്ഭുതം വീക്ഷിക്കുന്നത് ഒരു ചിട്ടപ്പെടുത്തിയ ചുഴലിക്കാറ്റിന്റെയോ, തിരമാലയുടെയോ അടിയിൽ ഇരിക്കുന്നതുപോലെയാണ് അല്ലെങ്കിൽ, കാലിഡോസ്കോപ്പിലേക്ക് ഒഴുകുന്ന കൂറ്റൻ ഇരുണ്ട പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഡിസൈൻ പോലെയാണ്. ഡെന്മാർക്കിൽ, അവർ ഈ സ്റ്റാർലിങ് അനുഭവത്തെ ‘ബ്ലാക്ക് സൺ’ എന്ന് വിളിക്കുന്നു. ഏറ്റവും ശ്രദ്ധേയമായത്, സ്റ്റാർലിങ്ങുകൾ അവയുടെ ഏറ്റവും അടുത്ത സഹചാരിയെ എങ്ങനെ നൈസർഗ്ഗികമായി പിന്തുടരുകയും, തൊട്ടുരുമ്മി പറക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഒരു പക്ഷിക്ക് പിഴവ് പറ്റിയാൽ, അവയ്ക്ക് വലിയ ദുരന്തം സംഭവിക്കും. ഏതുവിധമായാലും പരസ്പരം സംരക്ഷിക്കാൻ സ്റ്റാർലിംഗുകൾ ഒരുമിച്ചു പറക്കുന്നു. ഒരു പരുന്ത് താഴേക്കിറങ്ങുമ്പോൾ, ഒറ്റയ്ക്കായാൽ അവയെ എളുപ്പത്തിൽ പിടിച്ചു കൊണ്ടുപോകാൻ കഴിവുള്ള ആ പരുന്തിനെ തോൽപ്പിച്ചുകൊണ്ട്, ഈ ചെറിയ പക്ഷികൾ ഇടതിങ്ങിയ ആകൃതിയിലേക്ക് വന്നു കൂട്ടമായി പറക്കുന്നു.
നമ്മൾ ഒറ്റയ്ക്കിരിക്കുന്നതിനേക്കാൾ മികച്ചതാണ് ഒരുമിച്ച് കഴിയുന്നത്. സഭാപ്രസംഗി പറയുന്നു, "ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു;...വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും;...രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും;" (4:9-11). ഒറ്റതിരിഞ്ഞാൽ, നമ്മൾ ഒറ്റപ്പെട്ടവരും എളുപ്പത്തിൽ വേട്ടക്കാരന് ഇരയായിടുകയും ചെയ്യും. തനിച്ചായിരിക്കുമ്പോൾ, നാം എളുപ്പത്തിൽ ഇരകളായിപ്പോകും. മറ്റുള്ളവരുടെ സാന്ത്വനമൊ സംരക്ഷണമോ ഇല്ലെങ്കിൽ നമ്മൾ ദുർബലരാണ്.
എന്നാൽ സഹജീവികളോടൊപ്പമാണെങ്കിൽ, നാം സഹായം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. സഭാപ്രസംഗി പറയുന്നു, "ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല." (വാക്യം 12). ദൈവം നമ്മെ നയിക്കുന്നതുപോലെ നമ്മൾ ഒരുമിച്ചുള്ളതാണ് നല്ലത്.
അപരിചിതനെ സ്വാഗതം ചെയ്യുക
എവെരിതിങ് സാഡ് ഈസ് അൺട്രൂ എന്ന പുസ്തകത്തിൽ, തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം പീഢനത്തിൽ നിന്ന് അഭയാർത്ഥി ക്യാമ്പിലൂടെ അമേരിക്കയിലെ സുരക്ഷിതത്വത്തിലേക്കുള്ള തന്റെ ഭയാനകമായ പറക്കൽ ഡാനിയൽ നയേരി വിവരിക്കുന്നു. ഒരു വൃദ്ധ ദമ്പതികൾ അവരെ സ്പോൺസർ ചെയ്യാൻ സമ്മതിച്ചു, അവർക്ക് അവരെ അറിയില്ലെങ്കിലും. വർഷങ്ങൾ കഴിഞ്ഞിട്ടും ഡാനിയേലിന് അത് മറക്കാൻ കഴിഞ്ഞില്ല. അദ്ദേഹം എഴുതുന്നു, “നിങ്ങൾക്ക് അത് വിശ്വസിക്കാനാകുമോ? പൂർണ്ണമായും അന്ധരായ അവർ അത് ചെയ്തു. അവർ ഒരിക്കലും ഞങ്ങളെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങൾ വില്ലന്മാരാണെന്ന് തെളിഞ്ഞാൽ അവർ അതിന് പിഴ നൽകേണ്ടി വരും. അത് എനിക്ക് ചിന്തിക്കാൻ കഴിയാത്തത്ര ധീരവും, ദയയുള്ളതും, സാഹസികവുമാണ് ".
എങ്കിലും മറ്റുള്ളവരോട് ആ തലത്തിലുള്ള കരുതൽ നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അന്യരോടു ദയ കാണിക്കണമെന്ന് അവൻ ഇസ്രായേലിനോട് പറഞ്ഞു. "അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ;" (ലേവ്യപുസ്തകം 19:34). "അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും ... വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു" എന്ന് വിജാതീയരായ വിശ്വാസികളെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു (എഫെസ്യർ 2:12). അതിനാൽ, യഹൂദരും വിജാതീയരും ആയ, മുമ്പ് പരദേശികളായിരുന്ന നമ്മോടെല്ലാം "അപരിചിതരോട് ആതിഥ്യം കാണിക്കാൻ" അവൻ കൽപ്പിക്കുന്നു (എബ്രായർ 13:2).
സ്വന്തമായി ഒരു കുടുംബത്തോടൊപ്പം വളർന്ന ഡാനിയൽ ഇപ്പോൾ ജിമ്മിനെയും, ജീൻ ഡോസണെയും പ്രശംസിക്കുന്നു, “അത്രയും നല്ല ക്രിസ്ത്യാനികളായിരുന്ന അവർ ഒരു അഭയാർത്ഥി കുടുംബത്തെ അവർക്ക് ഒരു വീട് കണ്ടെത്തുന്നതുവരെ തങ്ങളോടൊപ്പം താമസിക്കാൻ അനുവദിച്ചു.”
ദൈവം അന്യനെ സ്വാഗതം ചെയ്യുകയും, നമ്മളും അവരെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഭയത്തെ ജയിക്കുന്ന വിശ്വാസം
1999 ഏപ്രിലിലെ ഒരു വേനൽക്കാല രാത്രിയിൽ, റേച്ചൽ ബർണബാസ് 9 ഉം 8 ഉം വയസ്സുള്ള ആൺകുട്ടികളുമായി വീട്ടിൽ തനിച്ചായിരുന്നു. ഭർത്താവ് ബിസിനസ് ആവശ്യത്തിന് വിദേശത്തേക്ക് പോയിരിക്കുകയായിരുന്നു. അന്ന് രാത്രി അവൾ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്ക് പോകുംവഴി, ജനാലയിൽക്കൂടി നോക്കിയപ്പോൾ പൊടുന്നനവേ ഒരു കറുത്ത നിറം കടന്നുപോകുന്നതായി അവൾക്ക് തോന്നി. പക്ഷേ പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അത് അവളുടെ നൈറ്റ് ഗൗണിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ലെന്ന് അവൾ മനസ്സിലാക്കി. റേച്ചൽ പൊതുവെ ഗാഢനിദ്ര ലഭിക്കുന്ന വ്യക്തിയായിരുന്നു. എന്നാൽ അന്ന് രാത്രി മുഴുവനും അവൾ അസ്വസ്ഥയായിരുന്നു. കുറെ…
യേശുവിന്റെ പാദരക്ഷകളിൽ നടക്കുക
രാജകുടുംബാംഗങ്ങളുടെ ചെരിപ്പിട്ടുകൊണ്ട് നടന്നാൽ എങ്ങനെയിരിക്കും? ഒരു തുറമുഖ തൊഴിലാളിയുടെയും, നഴ്സിന്റെയും മകളായ ഏഞ്ചല കെല്ലിക്ക് അത് അറിയാം. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിന്റെ അവസാനത്തെ ഇരുപത് വർഷക്കാലം അവൾ രാജ്ഞിയുടെ ഔദ്യോഗിക മേക്കപ്പുകാരിയായി സേവനമനുഷ്ഠിച്ചു. പ്രായമായ രാജ്ഞിയുടെ പുതിയ ഷൂസുകൾ മയപ്പെടുത്തുന്നതിന് അത് ഇട്ടുകൊണ്ട് കൊട്ടാര മൈതാനത്തിന് ചുറ്റും നടക്കുക എന്നതായിരുന്നു അവളുടെ ഉത്തരവാദിത്തങ്ങളിലൊന്ന്. അതിന് ഒരു കാരണമുണ്ടായിരുന്നു: ചിലപ്പോൾ ചടങ്ങുകളിൽ ദീർഘനേരം നിൽക്കേണ്ടിവരുന്ന ആ പ്രായമായ രാജ്ഞിയോടുള്ള അനുകമ്പ. രണ്ടുപേരുടെയും കാലിന്റെ വലിപ്പം ഒന്നായതിനാൽ, കെല്ലിക്ക് രാജ്ഞിയുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ കഴിഞ്ഞു.
എലിസബത്ത് രാജ്ഞിയെ പരിചരിക്കുന്നതിൽ കെല്ലിയുടെ വ്യക്തിപരമായ കരുതൽ കൊളോസെയിലെ (ആധുനിക തുർക്കിയിലെ ഒരു പ്രദേശം) സഭയ്ക്ക് പൌലോസ് നൽകിയ ഊഷ്മളമായ പ്രോത്സാഹനത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു "മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുക" (കൊലോസ്യർ 3:12). നമ്മുടെ ജീവിതം യേശുവിൽ വേരൂന്നുമ്പോൾ (2:7) നാം "ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി" മാറുന്നു. (3:12). നമ്മുടെ "പഴയ സ്വഭാവം" നീക്കം ചെയ്യാനും "പുതിയ സ്വഭാവം ധരിക്കാനും" അവൻ നമ്മെ സഹായിക്കുന്നു (വാ. 9-10). ദൈവം നമ്മെ സ്നേഹിക്കുകയും നമ്മോട് ക്ഷമിക്കുകയും ചെയ്തതിനാൽ മറ്റുള്ളവരെ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുക (വാ 13–14).
നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ നാം അവരുടെ ഷൂസിൽ നടന്നുകൊണ്ട് അവരെ മനസ്സിലാക്കി അനുകമ്പ കാണിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, നമ്മളോട് എപ്പോഴും അനുകമ്പയുള്ള ഒരു രാജാവായ യേശുവിന്റെ ചെരിപ്പിലാണ് നമ്മൾ നടക്കുന്നത്.
ദൈവത്തിന്റെ തുറന്ന വാതിലുകൾ
ഒരു വലിയ നഗരത്തിനടുത്തുള്ള എന്റെ പുതിയ സ്കൂളിൽ, ഗൈഡൻസ് കൗൺസിലർ എന്നെ ഒന്ന് നോക്കിയിട്ട്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ ക്ലാസിൽ എന്നെ ഉൾപ്പെടുത്തി. ഞാൻ എന്റെ പഴയ സ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളും, എന്റെ രചനകൾക്ക് പ്രിൻസിപ്പൽ അവാർഡും നേടിയിരുന്നു. എന്നിരുന്നാലും, എനിക്ക് യോഗ്യതയില്ലെന്ന് കൗൺസിലർ തീരുമാനിച്ചപ്പോൾ, എന്റെ പുതിയ സ്കൂളിലെ "മികച്ച" എഴുത്ത് ക്ലാസിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
പുരാതന ഫിലദെൽഫ്യയിലെ സഭ അത്തരം ഏകപക്ഷീയമായ തിരിച്ചടികൾ മനസ്സിലാക്കിയിരിക്കുന്നു. ആ ചെറിയ സഭ സ്ഥിതിചെയ്യുന്ന നഗരം സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങൾ മൂലം വലിയ നാശനഷ്ടങ്ങൾക്ക് ഇരയായിത്തീർന്നു. കൂടാതെ, അവർ പൈശാചിക പോരാട്ടങ്ങൾ അഭിമുഖീകരിച്ചു (വെളിപാട് 3:9). ഉയിർത്തെഴുന്നേറ്റ യേശു സൂചിപ്പിച്ചതുപോലെ, അത്തരം അവഗണിക്കപ്പെട്ട സഭയ്ക്ക് "അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല." (വാക്യം 8). അതുകൊണ്ട്, ദൈവം അവരുടെ മുമ്പിൽ "ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ" തുറന്നുവെച്ചു (വാ. 8). തീർച്ചയായും അവൻ, "ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും" ചെയ്യുന്നവനാണ് (വാക്യം 7).
നമ്മുടെ ശുശ്രൂഷകളിലും അത് സത്യമാണ്. ചില വാതിലുകൾ തുറക്കുന്നില്ല. എന്നിരുന്നാലും, ഒരു കൗൺസിലറുടെ സങ്കുചിത മനോഭാവം പരിഗണിക്കാതെ, ദൈവത്തിനായുള്ള എന്റെ രചനകൾ, ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ദൈവം വാതിലുകൾ തുറന്നിരിക്കുന്നു. അടഞ്ഞ വാതിലുകൾ നിങ്ങളെയും തടയുകയില്ല. "ഞാൻ വാതിൽ ആകുന്നു," യേശു പറഞ്ഞു (യോഹന്നാൻ 10:9). അവൻ തുറക്കുന്ന വാതിലുകളിൽ പ്രവേശിച്ച് അവനെ അനുഗമിക്കാം.