” ഞാൻ ഒരു ഉടമസ്ഥനാണോ അതോ കാര്യസ്ഥനാണോ?” ബില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള ഒരു കമ്പനിയുടെ സി ഇ ഒ ആയ മനുഷ്യൻ തന്റെ കുടുംബത്തിന്റെ നന്മയെക്കുറിച്ച് ചിന്തിച്ചപ്പോൾ സ്വയം ചോദിച്ച ചോദ്യമാണിത്. ഒത്തിരി ധനം കുമിഞ്ഞുകൂടുമ്പോൾ ഉണ്ടാകാവുന്ന പ്രലോഭനങ്ങളെക്കുറിച്ച് വിചാരിച്ചപ്പോൾ, തന്റെ കുടുംബത്തിലെ തുടർന്നുള്ള അവകാശികൾക്ക് ഈ വെല്ലുവിളി ഉണ്ടാകരുത് എന്നദ്ദേഹം കരുതി. അതുകൊണ്ട് അദ്ദേഹം കമ്പനിയുടെ ഉടമസ്ഥാവകാശം ഉപേക്ഷിച്ച്, 100 ശതമാനം ആസ്തിയും ഒരു ട്രസ്റ്റിനെ ഏല്പിച്ചു. സകലതും ദൈവത്തിന്റെ വകയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് അദ്ധ്വാനം കൊണ്ട് ജീവിതമാർഗം കണ്ടെത്താനും മിച്ചമുള്ളവ സൂക്ഷിച്ച് വെക്കാതെ ക്രിസ്തീയ ശുശ്രൂഷകൾക്കായി നല്കാനും ആ കുടുംബത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിനായി.
സങ്കീ.50:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു: “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. “സകലത്തിന്റെയും സ്രഷ്ടാവായ ദൈവം നമ്മോട് എന്തെങ്കിലും കടപ്പെട്ടിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. “നിന്റെ വീട്ടിൽ നിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽ നിന്നു കോലാട്ടു കൊറ്റന്മാരെയോ ഞാൻ എടുക്കുകയില്ല” (വാ.9) എന്ന് അവിടുന്ന് പറയുന്നു. നമുക്കുള്ളതും നാം ഉപയോഗിക്കുന്നതും അദ്ധ്വാനിച്ച് സമ്പാദിക്കാനുള്ള കഴിവും ശക്തിയും എല്ലാം ദൈവം ഔദാര്യമായി നല്കുന്നതാണ്. അതുകൊണ്ട്, നമ്മുടെ ഹൃദയപൂർവ്വമായ ആരാധന അവിടുത്തേക്ക് അവകാശപ്പെട്ടതാണെന്ന് സങ്കീർത്തനം കാണിച്ചുതരുന്നു.
സകലത്തിന്റെയും ഉടമസ്ഥൻ ദൈവമാണ്. എന്നാൽ അവിടുത്തെ നന്മയാൽ, അവങ്കലേക്ക് തിരിയുന്ന ഏവനും അവനുമായി വ്യക്തിബന്ധം സാധ്യമാകും വിധം ദൈവം തന്നെത്തന്നെ നമുക്കായി നല്കി. യേശു
“ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” (മർക്കൊസ് 10:45). ദാനങ്ങളേക്കാൾ അവ നല്കിയവനെ വിലമതിച്ച് സേവിക്കുമ്പോൾ അവനിൽ നിരന്തരം ആനന്ദിക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിക്കും.
ദൈവത്തോട് കൃതജ്ഞതയുള്ളവരായിരിക്കാൻ തക്കവിധം ദൈവം നല്കിയ നന്മകൾ എന്തൊക്കെയാണ്? അവകൊണ്ട് ദൈവത്തെ എങ്ങനെ സേവിക്കാൻ സാധിക്കും?
വിശ്വസ്തനായ സ്രഷ്ടാവേ, അവിടുന്നാണ് സകലതും നിർമ്മിച്ചത്. അവിടുത്തെ ഒരു ദാനം എന്ന നിലയിൽ എന്റെ ഇന്നത്തെ ജീവിതം ജീവിക്കാൻ സഹായിക്കണമെ.