പടിഞ്ഞാറൻ അമേരിക്കയിലുള്ള ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ഹിമവാതം ദുരിതം വിതച്ചപ്പോൾ ഒറ്റക്ക് താമസിച്ചിരുന്ന എന്റെ മാതാവ് കൊടുങ്കാറ്റ് മാറുന്നതുവരെ എന്റെ കൂടെ കഴിയാൻ വന്നു. എന്നാൽ കാറ്റ് ശമിച്ചിട്ടും അമ്മ പിന്നെ തിരികെപ്പോയില്ല. തുടർന്നുള്ള ജീവിത കാലം മുഴുവൻ അവർ ഞങ്ങളുടെ കൂടെ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം പല വിധത്തിൽ മെച്ചപ്പെടുത്തി. പല കാര്യങ്ങളിലും നല്ല മാർഗ നിർദ്ദേശം നല്കി, കുടുംബാംഗങ്ങളെ ഉപദേശിച്ചു, പഴയ കാല ചരിത്രം പറഞ്ഞുതന്നു. എന്റെ ഭർത്താവും അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. നർമ്മത്തിന്റെ കാര്യത്തിലും സ്പോർട്സിലും അവർക്ക് ഒരേ താല്പര്യങ്ങളായിരുന്നു. ഒരു സന്ദർശക എന്ന സ്ഥിതിയിൽ നിന്നും വീട്ടിലെ ഒരു സജീവ അംഗമായി അവർ മാറി – ദൈവം അവരെ വിളിച്ചതിന് ശേഷവും ഞങ്ങളുടെ ഹൃദയങ്ങളിൽ സ്വാധീനമായി നിലനിന്നു.
ഈ അനുഭവം യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞ കാര്യത്തെ ഓർമ്മിപ്പിക്കുന്നു – അവൻ നമ്മുടെയിടയിൽ പാർത്തു എന്നത് (യോഹ.1:14). ഇതൊരു ശ്രദ്ധേയമായ പ്രസ്താവനയാണ്. പാർത്തു എന്നതിന് ‘കൂടാരമടിച്ചു’ എന്നാണ് ഗ്രീക്കിലെ മൂലാർത്ഥം. മറ്റൊരു തർജമയിൽ ‘അവൻ നമ്മുടെയിടയിൽ വീട് വെച്ചു’ എന്നാണ്.
വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ ഹൃദയത്തിൽ വസിക്കാനായി സ്വീകരിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: “അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി ….” (എഫെ. 3: 16, 17).
ഒരു സന്ദർശകനല്ല യേശു ഇനി; അവനെ അനുഗമിക്കുന്നവരുടെ ഉള്ളത്തിൽ അവൻ സ്ഥിരമായി വസിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്ന് ഈ യേശുവിനെ സ്വീകരിക്കാം.
ക്രിസ്തുവിനായി ഹൃദയം തുറക്കുക എന്നാൽ എന്താണ്? ക്രിസ്തുവിനെ അധികമായി സ്വീകരിക്കാൻ എങ്ങനെ കഴിയും?
സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ വസിച്ചു കൊണ്ട് എന്നെ ഇനിയും നിന്നെപ്പോലെയാക്കണമേ.