തത്വശാസ്ത്രത്തിലും സാഹിത്യത്തിലും പ്രൊഫസർ ആയിരുന്ന ജാക്ക് അതി ബുദ്ധിമാൻ ആയിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ താൻ ഒരു നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ട അദ്ദേഹം പ്രായപൂർത്തിയായപ്പോൾ തന്റെ “നിരീശ്വരവിശ്വാസം” സംരക്ഷിക്കാൻ പാടുപെട്ടു.  ക്രിസ്തീയ സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വാധീനിക്കാൻ ഒത്തിരി ശ്രമിച്ചു. ജാക്ക് അതിനെക്കുറിച്ച് പറഞ്ഞത്: “എല്ലാവരും എല്ലാ ഗ്രന്ഥങ്ങളും മറ്റെ  ഭാഗത്താണ്” എന്നാണ്. എന്നാൽ ബൈബിൾ മറ്റു പുസ്‌തകങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്നു. സുവിശേഷത്തെക്കുറിച്ച് അദ്ദേഹം എഴുതി: “എന്നെങ്കിലും ഒരു ഐതിഹ്യം യാഥാർത്ഥ്യമായാൽ , മനുഷ്യാവതാരം ചെയ്താൽ, അത് ഇങ്ങനെ തന്നെയായിരിക്കും.” 

പുറപ്പാട് 3 ജാക്കിനെ വല്ലാതെ സ്വാധീനിച്ചു. ഇസ്രായേലിനെ ഈജിപ്തിൽ നിന്നും നയിച്ചുകൊണ്ട് പോകാൻ ദൈവം മോശെയെ വിളിക്കുകയായിരുന്നു. മോശ ദൈവത്തോട് ചോദിച്ചു, “ഫറവോന്റെ അടുക്കൽ പോകുവാൻ… ഞാൻ എന്തു മാത്രമുള്ളു”(വാ.11). ദൈവം പ്രതിവചിച്ചു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.”(വാ.14). ഈ ഭാഗം വാക്കുകളും പേരുകളും കൊണ്ട് സങ്കീർണ്ണമാണ് എങ്കിലും ദൈവത്തിന്റെ നിത്യസാന്നിധ്യത്തെ നിസ്സംശയം വെളിപ്പെടുത്തുന്നു. യേശു പിന്നീട് ഇതേ പ്രസ്താവന തന്നെക്കുറിച്ച് ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്: “അബ്രാഹാം ജനിച്ചതിന് മുമ്പേ ഞാൻ ഉണ്ട്” (യോഹന്നാൻ 8:58).

ജാക്ക് തന്നെയാണ് സി.എസ്. ലൂയിസ് എന്ന പേരിൽ പിന്നീട് പ്രസിദ്ധനായത്. ഈ വേദഭാഗമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. സത്യദൈവം തന്നെക്കുറിച്ച് പറയേണ്ട പ്രസ്താവന ഇത് മാത്രമാണ് – “ഞാൻ ആകുന്നവൻ” ആണ് ഞാൻ എന്നത്. ഒരു രൂപാന്തര നിമിഷത്തിൽ ലൂയിസ് “തന്നെത്തന്നെ ഏല്പ്പിച്ചു കൊടുത്തു; ദൈവത്തെ ദൈവം എന്ന് അംഗീകരിച്ചു.” യേശുവിനൊത്തുള്ള ഒരു യാത്ര ലൂയിസ് അങ്ങനെ ആരംഭിക്കുകയായിരുന്നു.

ഒരുപക്ഷേ നമ്മളും വിശ്വാസ കാര്യത്തിൽ ലൂയിസിനെപ്പോലെ സംഘർഷം അനുഭവിക്കുന്നുണ്ടാകാം; വിശ്വാസം തണുത്തു പോയിരിക്കാം. നമുക്ക് നമ്മോട് ചോദിക്കാം – ദൈവം നമ്മുടെ ജീവിതത്തിൽ യഥാർത്ഥമായും ” ഞാൻ ആകുന്നു” ആണോയെന്ന്.