സിംഗപ്പൂരിലെ മനുഷ്യവിഭവശേഷി മന്ത്രാലയം 2022 ൽ ഒരു പ്രഖ്യാപനം നടത്തി: വീട്ട് ജോലിക്കായി കുടിയേറി വന്നവർക്കെല്ലാം ആഴ്ചയിൽ ഒരു ദിവസം അവധിനല്കണം; അധിക വേതനം നല്കിയും അവധി അനുവദിക്കാതിരിക്കരുത്. ആ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവരെ ആര് ശുശ്രൂഷിക്കും എന്നത് തൊഴിൽ ദാതാക്കളെ ആകുലപ്പെടുത്തി. പകരം സംവിധാനം കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിലും ആഴ്ചയിൽ ഒരു ദിവസം വിശ്രമം അനുവദിക്കണം എന്ന കാര്യത്തോട് പൊരുത്തപ്പെടാൻ അവർ ഇനിയും സമയമെടുക്കും.

മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുക എന്നത് ഒരു പുതിയ കാര്യമല്ല. വേലക്കാർ യജമാനന്റെ സ്വത്താണ് എന്ന് കണക്കാക്കിയിരുന്ന കാലത്താണ് പൗലോസ് അപ്പൊസ്തലൻ ജീവിച്ചത്. എങ്കിലും ക്രിസ്തീയ കുടുംബം എങ്ങനെ പെരുമാറണം എന്ന് സഭയോടുള്ള പ്രബോധനത്തിന്റെ അവസാന വരിയായി പറയുമ്പോൾ, യജമാനന്മാർ ദാസന്മാരോട് നീതിപൂർവ്വം പെരുമാറണം (കൊലൊ. 4:1) എന്ന് ആഹ്വാനം ചെയ്യുന്നു. അവരോട് അന്യായം ചെയ്യാതെ പെരുമാറണം എന്നും തർജ്ജ്മ ചെയ്യാവുന്നതാണ്. 

ദാസന്മാർ “മനുഷ്യർക്കെന്നല്ല, കർത്താവിന് എന്ന പോലെ”(3:23) വേല ചെയ്യണം എന്നു പറയുന്ന പൗലോസ് യജമാനന്മാരെ അവർ യേശുവിന്റെ അധികാരത്തിൽ കീഴിലാണെന്നും ഓർമ്മിപ്പിക്കുന്നു: 

“നിങ്ങൾക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ട്” (4:1). കൊലൊസ്യയിലുള്ള വിശ്വാസികൾ ക്രിസ്തുവിന്റെ ആത്യന്തിക അധികാരത്തെ അംഗീകരിച്ച് ജീവിക്കണം എന്ന് പ്രബോധിപ്പിക്കുകയാണ് പൗലോസ് ചെയ്യുന്നത്. നമുക്കും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപാടുകളിൽ, തൊഴിൽ ദായകൻ എന്ന നിലയിലോ തൊഴിലാളി എന്ന നിലയിലോ, വീട്ടിലോ പുറമെയോ ആകട്ടെ, “നീതിയും ന്യായവും ആചരിച്ച്” (വാ.1 ) പെരുമാറുവാൻ ദൈവത്തോട് സഹായം യാചിക്കാം.