ന്യൂസിലാന്റ്കാരനായ ഓലേ കാസ്സോവ് സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നയാളാണ്. ഒരു ദിവസം രാവിലെ ഒരു വയോധികൻ തന്റെ വാക്കറുമായി ഒറ്റക്ക് ഒരു പാർക്കിൽ ഇരിക്കുന്നത് കണ്ട ഒലേക്കിനു ഒരു ആശയം തോന്നി: പ്രായമായവർക്ക് ബൈക്ക് യാത്രയുടെ ആനന്ദം നല്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചാലോ? ഒരു തെളിഞ്ഞ പ്രഭാതത്തിൽ, വാടകക്കെടുത്ത ഒരു മുച്ചക്ര വണ്ടിയുമായി ഒരു നഴ്സിങ്ങ് ഹോമിലെത്തിയ ഓലേ, അവിടെയുള്ള ആർക്കും അതിൽ യാത്ര ചെയ്യാം എന്ന് പറഞ്ഞു. അവിടെയുള്ള വളരെ പ്രായമുള്ള അന്തേവാസിയും സ്റ്റാഫുമായ ഒരു മനുഷ്യൻ പ്രായത്തെ അവഗണിച്ച് ആദ്യത്തെ റൈഡർ ആയത് കണ്ട് ഓലേക്ക് അതിയായ സന്തോഷം തോന്നി.

20 വർഷങ്ങൾക്കിപ്പുറം, സൈക്കിൾ സവാരി പ്രയാസമായ 5,75,000 -ത്തോളം വയോധികർക്കായി 25 ലക്ഷത്തോളം റൈഡുകൾ നടത്താൻ ഓലേയുടെ സ്വപ്ന പദ്ധതി പ്രയോജനപ്പെട്ടു. ഒരു സുഹൃത്തിനെ കാണാൻ, ഒരു ഐസ്ക്രീം കഴിക്കാൻ, ചുമ്മാ കാറ്റ് കൊണ്ട് പാറിപ്പറക്കാൻ ഒക്കെ അവർ യാത്ര ചെയ്തു. ഇത് പ്രയോജനപ്പെടുത്തിയവർ പറയുന്നത് അവർ ഇപ്പോൾ നന്നായി ഉറങ്ങുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു, ഏകാന്തത കുറഞ്ഞു എന്നൊക്കെയാണ്.

ഈ നല്ല കാര്യം യെശയ്യാവ് 58:10, 11 പറയുന്ന മനോഹര ദൈവവചനത്തെ അന്വർത്ഥമാക്കുന്നു: 

“… കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തിവരുത്തുകയും ചെയ്യുന്നുവെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും വരണ്ട നിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.”

ദൈവം തന്റെ ജനത്തോട് പറഞ്ഞു: “നിന്റെ സന്തതി പുരാതന ശൂന്യങ്ങളെ പണിയും …” (വാ.12). അവൻ നമ്മിൽക്കൂടി എന്താണ് ചെയ്യുക? ദൈവം സഹായിക്കുമെന്നതിനാൽ, നമുക്ക് എപ്പോഴും മറ്റുളളവരെ സഹായിക്കാൻ ഒരുക്കമുള്ളവരാകാം.