ഒരു എതിരാളിയെ സഹായിക്കുക എന്നത് എത്ര പ്രയാസമുള്ള കാര്യമാണ്! ഒരു റെസ്റ്റോറന്റ് ഉടമയായ, വിസ്കൊൻസിനിൽ താമസിക്കുന്ന, അഡോൾഫോ, കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന മറ്റ് ചെറിയ റെസ്റ്റോറന്റ് ഉടമകളെ സഹായിക്കുന്നത് ഒരു അവസരമായി കണ്ടു. പകർച്ച വ്യാധിയുടെ കാലത്ത് ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകുന്നത് എത്ര പ്രയാസകരമാണെന്ന് അഡോൾഫോ മനസ്സിലാക്കി. മറ്റൊരു സഹായ സംരംഭം കണ്ട് പ്രോത്സാഹനം പ്രാപിച്ച അഡോൾഫോ തന്റെ സ്വന്തം പണം മുടക്കി 2000 ഡോളർ വില വരുന്ന, സമീപ റെസ്റ്റോറന്റുകളിൽ ഉപയോഗിക്കാവുന്ന, ഗിഫ്റ്റ് കാർഡുകൾ വാങ്ങി തന്റെ കസ്റ്റമേഴ്സിന് വിതരണം ചെയ്തു. വാക്കിൽ അല്ല, പ്രവൃത്തിയിൽ പ്രകടമാകുന്ന സ്നേഹത്തിന് അത് ഒരു ഉദാഹരണമായി.
സ്വന്തജീവൻ മനുഷ്യനുവേണ്ടി അർപ്പിക്കാൻ മനസ്സായ യേശുവിന്റെ ആത്യന്തിക സ്നേഹത്തിന്റെ പ്രകടനം (1 യോഹ.3:16) മാതൃകയാക്കി, സ്നേഹത്തെ അടുത്ത പടിയായ പ്രവൃത്തിയിലേക്ക് മാറ്റാൻ യോഹന്നാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കുന്നത്”(വാ.16) യേശുവിന്റെ അതേ സ്നേഹത്തിന്റെ പ്രദർശനമാണെന്ന് യോഹന്നാൻ പറയുന്നു. അത് അനുദിന ജീവിതത്തിൽ ഭൗതിക നന്മകൾ പങ്കുവെക്കുന്നതുപോലെയുള്ള പ്രായോഗിക കാര്യങ്ങളിലൂടെയാണ് സാധ്യമാകുന്നത്. വാക്കുകൾ കൊണ്ട് സ്നേഹിച്ചിട്ട് കാര്യമില്ല; സ്നേഹം അർത്ഥവത്തായ ആത്മാർഥമായ പ്രവൃത്തികളിലാണ് വെളിപ്പെടേണ്ടത് (വാ.18).
സ്നേഹം പ്രാവർത്തികമാക്കുന്നത് പ്രയാസകരമായ കാര്യമാണ്. കാരണം മററുള്ളവർക്കായി വ്യക്തിപരമായ ത്യാഗവും അസൗകര്യങ്ങളും ഒക്കെ അനുഭവിക്കേണ്ടിവരും. ദൈവാത്മാവ് ബലപ്പെടുത്തുന്നതു വഴിയും ദൈവത്തിന്റെ നമ്മോടുള്ള ഔദാര്യമായ സ്നേഹം ഓർക്കുന്നത് വഴിയും നമുക്കും സ്നേഹത്തിന്റെ ഈ അടുത്ത ചുവട് വെക്കാൻ കഴിയും.
പ്രവൃത്തിയിലുള്ള സ്നേഹം നിങ്ങൾ അനുഭവിച്ച ഓർമ്മയുണ്ടോ? പ്രായോഗികമായി ആർക്കെങ്കിലും വേണ്ടി സ്നേഹത്തിന്റെ അടുത്ത ചുവട് വെക്കാൻ എന്ത് ചെയ്യാനാകും?
പ്രിയ യേശുവേ, അവിടുത്തെ മാതൃക പിൻപറ്റി, എന്റെ ജീവിതത്തിൽ യഥാർത്ഥ സ്നേഹത്തിന്റെ പ്രായോഗികമായ അടുത്ത ചുവട് വെക്കുവാൻ എന്നെ സഹായിക്കണമേ.